ഒക്ടോബർ ഏഴിലേത് ആധുനിക കാലത്തെ മികച്ച പ്രൊഫഷണൽ കമാൻഡോ ഓപ്പറേഷൻ: വാർഷിക ദിനത്തിൽ ഹമാസ് വക്താവിന്റെ പ്രസംഗം
|'' ഞങ്ങളുടെ നേതാക്കളെ വധിച്ച് ആഹ്ലാദിക്കാമെന്ന് കരുതേണ്ട, അത്തരം ആനന്ദങ്ങൾ അധികം നിലനില്‍ക്കില്ല. എന്തും ചെയ്യാൻ മടിക്കാത്തൊരു ശത്രുവിനെതിരെ ഇപ്പോഴും പോരാട്ടത്തിലാണ്''
ഗസ്സസിറ്റി: ആധുനിക കാലത്തെ ഏറ്റവും പ്രൊഫഷണലായ കമാൻഡോ ഓപ്പറേഷനാണ് ഒക്ടോബര്‍ ഏഴിന് ഇസ്രായേലിന് നേരെ നടത്തിയ 'അല്‍ അഖ്സ പ്രളയമെന്ന്' ഹമാസ് സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡിന്റെ വക്താവ് അബൂ ഉബൈദ.
നിര്‍ബാധം തുടരുന്ന ഇസ്രായേല്‍ കുടിയേറ്റം, യഹൂദവൽക്കരണം, അല്‍ അഖ്സ മസ്ജിദിനെതിരായ ആക്രമണം എന്നിവയാണ് അൽ അഖ്സ പ്രളയത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഗസ്സയില്‍ ഹമാസിനെതിരെ ഇസ്രായേൽ നടത്താനിരുന്നൊരു വലിയ ഓപ്പറേഷന് മുന്നില്‍കണ്ടുള്ള നീക്കം കൂടിയായിരുന്നു ഒക്ടോബര്‍ ഏഴിലേതെന്നും അദ്ദേഹം പറഞ്ഞു. അല്‍ അഖ്സ പ്രളയത്തിന്റെ വാർഷിക ദിനത്തിലാണ് അബൂ ഉബൈദയുടെ വീഡിയോ പ്രസംഗം. 2023 ഒക്ടോബര്‍ ഏഴിന് ശേഷമുള്ള അബൂ ഉബൈദയുടെ 28ാമത്തെ പ്രസംഗമാണിത്. ജൂലൈ 7നാണ് അദ്ദേഹം അവസാനമായി പ്രസംഗിച്ചത്.
'എല്ലാ വിധത്തില്‍ ആക്രമിച്ചിട്ടും ഐതിഹാസികമായ രീതിയിലായിരുന്നു ഞങ്ങളുടെ ചെറുത്തുനില്‍പ്പ്. ആയിരക്കണക്കിന് ശത്രുസൈനികരെ വകവരുത്തുകയും പരിക്കേൽപ്പിക്കുകയും നിരവധി സൈനിക വാഹനങ്ങൾ കേടുവരുത്തുകയും ചെയ്തു. ഗസ്സ മുനമ്പിലെ ഓരോ ഇഞ്ചിലും വീരോചിതമായ ചെറുത്തുനിൽപ്പാണ് പോരാളികള്‍ തുടരുന്നത്, ഏത് തരത്തിലുള്ള കുറ്റകൃത്യങ്ങളും ചെയ്യാൻ മടിക്കാത്തൊരു ശത്രുവിനെതിരെ ഇപ്പോഴും ഞങ്ങൾ പോരാട്ടത്തിലാണെന്നും'- അദ്ദേഹം പറഞ്ഞു.
ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകം അടക്കം പ്രധാനമായും ഏഴ് വിഷയങ്ങളാണ് അദ്ദേഹം പ്രസംഗത്തില്‍ എടുത്തുപറഞ്ഞത്. അതിലൊന്നായിരുന്നു ഇപ്പോഴും തുടരുന്ന ചെറുത്ത്നില്‍പ്പ്. ഇസ്രായേലിനെ സഹായിക്കുന്ന അമേരിക്കയേയും അദ്ദേഹം പ്രസംഗത്തില്‍ തുറന്നുകാട്ടി. മറ്റൊന്ന് യെമന്‍, ഇറാഖ്, ലെബനാന് എന്നീ രാജ്യങ്ങളില്‍ നിന്നും ലഭിച്ച പിന്തുണയെപ്പറ്റിയായിരുന്നു. ഇതിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഹിസ്ബുല്ലയുടെയും ശത്രുവിന് ഉഗ്രന്‍ മറുപടികൊടുക്കുന്ന ഇറാന്റെ പോരാട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഫലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി ഏറ്റവും വലിയ അറബ്, ഇസ്ലാമിക അന്തർദേശീയ കാമ്പയിൻ ആരംഭിക്കാനും ആഹ്വാനം ചെയ്തു.
ഇസ്രായേലി ബന്ദികളുടെ കാര്യവും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി. ബന്ദികളാക്കിയ ശേഷമുള്ള ആദ്യ ദിവസം മുതല്‍ അവരുടെ സുരക്ഷക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവര്‍, അപകടത്തിലാകുന്ന പക്ഷം, മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാൻ നിര്‍ദേശിച്ചിട്ടുണ്ട്. ദിനംകൂടുംതോറും ബന്ദികളുടെ ജീവന് അപകടത്തിലാണെന്നും ഇസ്രായേലിന്റെ തന്നെ വെടിവെപ്പിന് അവര്‍ വിധേയരാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെസ്റ്റ് ബാങ്കിലെ ഫലസ്തീനികളോട് ചെറുത്തുനിൽപ്പ് തുടരാനും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന 'ജാഫ ഓപ്പറേഷൻ' വരാനിരിക്കുന്ന തിരിച്ചടികളുടെ ഒരു എപ്പിസോഡ് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ നേതാക്കളെ വധിച്ച് ആഹ്ലാദിക്കാമെന്ന് കരുതേണ്ട, അത്തരം ആനന്ദങ്ങൾ അധികം നിലനില്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകങ്ങൾ ഒരു വിജയമായിരുന്നെങ്കിൽ, ശൈഖ് ഇസ്സുദ്ദീൻ അൽ ഖസ്സാമിന്റെ കൊലപാതകത്തോടെ ചെറുത്തുനിൽപ്പ് അവസാനിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്മാഈൽ ഹനിയ്യയുടെയും ഹസൻ നസ്റുല്ലയുടെയും രക്തസാക്ഷിത്വമൊന്നും ചെറുത്തുനിൽപ്പ് പോരാട്ടങ്ങളെ തെല്ലും ബാധിക്കില്ലെന്നും ഈ ദേശം ഒലിവ് വിളയുന്നതുപോലെ പോരാളികള്‍ക്ക് ജന്മം നല്‍കുമെന്നും അവര്‍ തലമുറകൾക്ക് പ്രചോദനം നല്‍കുമെന്നും അദ്ദേഹം ഇസ്രായേലിനെ ഓര്‍മിപ്പിച്ചു.