‘ഗസ്സ യുദ്ധത്തിൽ ഇസ്രായേലിനോട് പക്ഷപാതം’; ബിബിസിക്കെതിരെ വിമർശനവുമായി 100ഓളം ജീവനക്കാർ
|ഗസ്സ യുദ്ധ കവറേജിന്റെ പേരിൽ പല ജീവനക്കാരും ബിബിസിയിൽനിന്ന് രാജിവെച്ചു
ലണ്ടൻ: ഗസ്സയിലെ യുദ്ധത്തിൽ ഇസ്രായേലിനോട് പക്ഷപാതം കാണിക്കുന്ന വാർത്തകളാണ് നൽകുന്നതെന്ന വിമർശനവുമായി ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപറേഷനിലെ (ബിബിസി) 100ഓളം ജീവനക്കാർ. കൃത്യമായി തെളിവുകളില്ലാത്ത മാധ്യമപ്രവർത്തന രീതിയെ ഇവർ വിമർശിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച് ബിബിസിയുടെ ഡയറക്ടർ ജനറൽ ടിം ഡേവിക്കും സിഇഒ ഡെബോറ ടർണസിനും കത്തയച്ചു. വാർത്തകൾ നൽകുമ്പോൾ അടിസ്ഥാന പത്രപ്രവർത്തന തത്വങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
‘ദ ഇൻഡിപെൻഡന്റ്’ ദിനപത്രമാണ് കത്തയച്ച വിവരം പുറത്തുവിട്ടത്. നൂറോളം ബിബിസി ജീവനക്കാരും മാധ്യമ മേഖലയിലെ 200ഓളം പേരും ചരിത്രകാരൻമാരും നടൻമാരും അക്കാദമിക് വിദഗ്ധരും രാഷ്ട്രീയക്കാരുമെല്ലാം കത്തിൽ ഒപ്പിട്ടവരിൽ ഉൾപ്പെടും.
അപര്യാപ്തമായ കവറേജിന്റെ അനന്തരഫലങ്ങൾ വലിയരീതിയിൽ പ്രകടമാണ്. ടെലിവിഷൻ റിപ്പോർട്ടുകളിലും ലേഖനങ്ങളിൽ റേഡിയോ അഭിമുഖങ്ങളിലുമെല്ലാം ഫലസ്തീനികളെ വ്യവസ്ഥാപിതമായി മനുഷ്യത്വരഹിതമാക്കുന്ന ഇസ്രായേലി അവകാശവാദങ്ങളെ ശക്തമായി എതിർക്കുന്നതിൽ പരാജയപ്പെട്ടു. വാർത്തകളിൽ നീതി, നിഷ്പക്ഷത, കൃത്യത എന്നിവ പാലിക്കണം. സ്വന്തം എഡിറ്റോറിയൽ മാനദണ്ഡങ്ങളുടെ ശോഷണം അതിന്റെ നിഷ്പക്ഷതയെയും സ്വാതന്ത്ര്യത്തെയും അപകടത്തിലാക്കിയെന്നും കത്തിൽ കൂട്ടിച്ചേർത്തു.
അതേസമയം, ആരോപണം നിഷേധിച്ച് ബിബിസി രംഗത്തുവന്നു. ഏറ്റവും വിശ്വസനീയവും നിഷ്പക്ഷവുമായ വാർത്തകൾ നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ബിബിസിയുടെ വക്താവ് പറഞ്ഞു. ഞങ്ങൾ തെറ്റ് വരുത്തുകയോ റിപ്പോർട്ട് ചെയ്യുമ്പോൾ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുമ്പോഴും ഞങ്ങൾ സുതാര്യമാണ്. ഗസ്സയിലേക്കും ലെബനാനിലെ ചില പ്രദേശങ്ങളിലേക്കും പ്രവേശിക്കാൻ കഴിയാത്തതിന്റെ പ്രശ്നം റിപ്പോർട്ടിങ്ങിൽ പരിമിതികളുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഗസ്സ യുദ്ധത്തിന്റെ കവറേജിന്റെ പേരിൽ നിരവധി ജീവനക്കാർ ബിബിസിയിൽനിന്ന് രാജിവെച്ചതായി കത്തിൽ ഒപ്പിട്ട ജീവനക്കാരൻ ‘ദ ഇൻഡിപെൻഡന്റി’നോട് പറഞ്ഞു. ജവീനക്കാരുടെ ആത്മവിശ്വാസം വളരെ താഴ്ന്നനിലയിലാണുള്ളത്. ഇങ്ങനെയൊരു സവിശേഷത തന്റെ കരിയറിലുടനീളം സാക്ഷ്യം വഹിച്ചിട്ടില്ല. ഇസ്രായേലിനെയും ഫലസ്തീനെയും കുറിച്ചുള്ള റിപ്പോർട്ടിങ്ങുകൾ സത്യസന്ധമല്ലാത്തതിനാൽ അടുത്തമാസങ്ങളിൽ പല സഹപ്രവർത്തകരും സ്ഥാപനത്തിൽനിന്ന് വിട്ടുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിബിസിയുടെ ഭാവിയെക്കുറിച്ച് വലിയരീതിയിൽ ആശങ്കയുണ്ടെന്ന് മറ്റൊരു ജീവനക്കാരൻ പറഞ്ഞു. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ വിശ്വാസം നഷ്ടപ്പെടുന്നത് ഓരോ ദിവസവും കാണുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാനായി ആളുകൾ മറ്റിടങ്ങളിലേക്ക് പോവുകയാണെന്നും ജീവനക്കാരൻ പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ
ബിബിസിയുടെ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. 2024 ജനുവരിയിൽ ആറ് വയസ്സുകാരി ഇസ്രായേലി സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചതാണ് ഇതിൽ പ്രധാനപ്പെട്ടത്. ‘സഹായത്തിനായുള്ള ഫോൺ കോളിന് ശേഷം ആറ് വയസ്സുകാരി ഹിന്ദ് റജബിനെ ഗസ്സയിൽ മരിച്ചനിലയിൽ കണ്ടെത്തി’ എന്നായിരുന്നു തലക്കെട്ട്. ഇത് ദൈവത്തിന്റെ പ്രവൃത്തിയായിരുന്നില്ലെന്ന് കത്തിൽ ഒപ്പിട്ടയാൾ പറഞ്ഞു. ഇസ്രായേൽ എന്ന കുറ്റവാളിയുടെ പേര് തലക്കെട്ടിൽ വരേണ്ടതായിരുന്നു. പൊൺകുട്ടി കൊല്ലപ്പെട്ടുവെന്നത് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീനികളെ എല്ലായ്പ്പോഴും വിശ്വസനീയമല്ലാത്ത ഉറവിടമായിട്ടാണ് കണക്കാക്കുന്നതെന്ന് ബിബിസിയിലെ മറ്റൊരു സഹപ്രവർത്തകൻ വ്യക്തമാക്കി. ഐഡിഎഫ് നിരന്തരം നുണ പറയുകയാണെന്ന് മനസ്സിലായിട്ടും ഇസ്രായേലിന്റെ വാദങ്ങൾക്കാണ് എപ്പോഴും പ്രാധാന്യം നൽകുന്നത്. സാധ്യമെങ്കിൽ തലക്കെട്ടിൽനിന്ന് ഇസ്രായേലിനെ ഒഴിവാക്കാനാണ് ശ്രമിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കവറേജിലെ വീഴ്ചകളും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ജനുവരി 11ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക നൽകിയ വംശഹത്യാ കേസ് തത്സമയം കാണിച്ചിരുന്നില്ല. എന്നാൽ, അടുത്ത ദിവസം കോടതിയിലെ ഇസ്രായേലിന്റെ വാദങ്ങൾ ലൈവായി കാണിച്ചെന്നും ഇവർ കുറ്റപ്പെടുത്തി.
പാശ്ചാത്യ മാധ്യമങ്ങൾ നിരന്തരം ഇസ്രായേൽ അനുകൂല വാർത്തകളാണ് നൽകുന്നതെന്ന വിമർശനം പലതവണ ഉയർന്നതാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ബിബിസിക്ക് 100ഓളം ജീവനക്കാരടക്കമുള്ളവർ അയച്ച കത്ത്.
കഴിഞ്ഞയാഴ്ച അമേരിക്കൻ മാധ്യമമായ സിഎൻഎൻ ഇസ്രായേലി സൈന്യം ഗസ്സയിൽ നടത്തിയ ക്രൂരതകളെ ചെറുതാക്കി കാണിക്കുകയും സൈനികർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളെ എടുത്തുകാണിക്കുകയും ചെയ്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഗസ്സയിൽനിന്ന് മടങ്ങിയെത്തിയ സൈനികരിൽ വലിയൊരു വിഭാഗം മാനസികമായ ആഘാതത്തിലാണെന്നും പലരും ആത്മഹത്യ ചെയ്യുകയാണെന്നുമാണ് ലേഖനത്തിൽ പറയുന്നത്.
എന്താണ് മാനസികാഘാതത്തിന് കാരണമായതെന്നും സിഎൻഎന്നിന്റെ ലേഖനത്തിലുണ്ട്. പക്ഷെ, ഈ വിവരങ്ങൾക്ക് വലിയ പ്രാധാന്യം നൽകാതെ സൈനികർ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങളിലാണ് ലേഖനം ഊന്നൽ നൽകിയത്. നൂറുകണക്കിന് ഫലസ്തീനികളുടെ ദേഹത്തിലൂടെ ബുൾഡോസർ പായിച്ചെന്ന ഗുരുതരമായ വെളിപ്പെടുത്തൽ ലേഖനത്തിലുണ്ടായിട്ടും അത് തലക്കെട്ടാക്കാൻ സിഎൻഎൻ കൂട്ടാക്കിയില്ലെന്നും പലരും വിമർശിക്കുകയുണ്ടായി.