അബൂഗുറൈബ് ജയിലിൽ പീഡനത്തിനിരയായ മൂന്ന് ഇറാഖികൾക്ക് 42 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് യുഎസ് കോടതി
|അമേരിക്കയുടെ ഇറാഖ് അധിനിവേശക്കാലത്ത് ക്രൂരമായ പീഡനമുറകളുടെ പേരിൽ കുപ്രസിദ്ധമായ തടവറയാണ് അബൂ ഗുറൈബ്.
വാഷിങ്ടൺ: അബൂഗുറൈബ് ജയിലിൽ പീഡനത്തിനിരയായ മൂന്ന് ഇറാഖികൾക്ക് യുഎസ് പ്രതിരോധ കരാറുകാരായ സിഎസിഐ കമ്പനി 42 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഫെഡറൽ കോടതി. ജയിലിലെ പീഡനത്തിന് വെർജീനിയ ആസ്ഥാനമായ കമ്പനി ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തി. 2002-2004 കാലത്താണ് പരാതിക്കാർ ജയിലിൽ ക്രൂരപീഡനത്തിന് ഇരയായത്. ഓരോരുത്തർക്കും 14 മില്യൻ ഡോളർ വീതം നഷ്ടപരിഹാരം നൽകാനാണ് കോടതി വിധി.
ജയിലിലെ പീഡനത്തിന് കരാറുകാർ ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തുന്നതും പിഴ ചുമത്തുന്നതും ആദ്യമായാണ്. ജയിലിൽ തങ്ങളെ ക്രൂരമായി മർദിക്കുകയും ബലം പ്രയോഗിച്ച് നഗ്നരാക്കുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്‌തെന്ന് പരാതിക്കാർ കോടതിയിൽ മൊഴി നൽകിയിരുന്നു. വിധി നിരാശാജനകമാണെന്നും അപ്പീൽ നൽകുന്നത് ആലോചിക്കുമെന്നും സിഎസിഐ പ്രതികരിച്ചു.
ഇറാഖി പൗരൻമാരായ സുഹൈൽ അൽ ഷിമാരി, സലാഹ് അൽ ഇജൈലി, അസദ് അൽ സുബാഇ എന്നിവരുടെ ഹരജിയിലാണ് അനുകൂല വിധിയുണ്ടായത്. ഷിമാരി സ്‌കൂൾ പ്രിൻസിപ്പലും ഇജൈലി മാധ്യമപ്രവർത്തകനും സുബാഇ പഴക്കച്ചവടക്കാരനുമായിരുന്നു. ചോദ്യം ചെയ്യലിന് മുമ്പ് തടവുകാരെ ഒന്ന് 'മയപ്പെടുത്താൻ' സിഎസിഐ ഉദ്യോഗസ്ഥർ സൈനികരോട് നിർദേശിക്കുമായിരുന്നുവെന്നും ഇതാണ് ക്രൂരമർദനത്തിന് കാരണമായതെന്നും പരാതിക്കാർ കോടതിയിൽ പറഞ്ഞു. ഒരു കുറ്റവും കണ്ടെത്താനാവാതെ പരാതിക്കാരായ മൂന്നുപേരെയും വെറുതെവിടുകയായിരുന്നു.
ജോർജ് ഡബ്ലിയു ബുഷ് പ്രസിഡന്റായിരുന്ന കാലത്താണ് യുഎസ് ഇറാഖിൽ അധിനിവേശം നടത്തി സദ്ദാം ഹുസൈനെ അധികാരഭ്രഷ്ടനാക്കുകയും പിന്നീട് തൂക്കിലേറ്റുകയും ചെയ്തത്. അന്നത്തെ കുപ്രസിദ്ധമായ തടവറയാണ് അബൂഗുറൈബ്. തടവുകാരെ ലൈംഗികാതിക്രമത്തിനും ക്രൂരമായ മർദനത്തിനും അധിക്ഷേപത്തിനും വിധേയരാക്കുമ്പോൾ യുഎസ് സൈനികർ ചിരിക്കുകയും തംബ് ഉയർത്തിക്കാണിക്കുകയും ചെയ്യുന്നതിന്റെ ഫോട്ടോകൾ പുറത്തുവന്നിരുന്നു. തടവുകാരെ ഷോക്കടിപ്പിക്കുകയും പ്രതീകാത്മക വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തിരുന്നു.
കൂട്ട നശീകരണായുധങ്ങളുണ്ട് എന്ന് ആരോപിച്ചാണ് യുഎസ് ഇറാഖിൽ അധിനിവേശം നടത്തിയത്. എന്നാൽ ഇറാഖിനെ സമ്പൂർണമായി തകർത്ത ശേഷമാണ് യുഎസ് സൈന്യം ഇറാഖിൽനിന്ന് പിൻമാറിയത്. കൂട്ടനശീകരണായുധങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ബുഷ് തന്നെ പിന്നീട് സമ്മതിച്ചിരുന്നു.