യുദ്ധമുഖത്ത് നിര്‍ഭയനായി നടന്‍ ഷോണ്‍ പെന്‍; റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ചിത്രീകരണത്തിനായി യുക്രൈനില്‍ തുടരും
|പെൻ പത്രസമ്മേളനങ്ങളിൽ പങ്കെടുക്കുകയും ഉപപ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക്കിനെ കാണുകയും റഷ്യൻ അധിനിവേശത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോടും സൈനിക ഉദ്യോഗസ്ഥരോടും സംസാരിക്കുകയും ചെയ്തുവെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു
റഷ്യന്‍ അധിനിവേശത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ ചിത്രീകരണത്തിനായി അമേരിക്കന്‍ നടനും സംവിധായകനുമായ ഷോണ്‍ പെന്‍ യുക്രൈനില്‍ തുടരും. പെൻ പത്രസമ്മേളനങ്ങളിൽ പങ്കെടുക്കുകയും ഉപപ്രധാനമന്ത്രി ഐറിന വെരേഷ്‌ചുക്കിനെ കാണുകയും റഷ്യൻ അധിനിവേശത്തെക്കുറിച്ച് മാധ്യമപ്രവർത്തകരോടും സൈനിക ഉദ്യോഗസ്ഥരോടും സംസാരിക്കുകയും ചെയ്തുവെന്ന് പ്രസിഡന്‍റിന്‍റെ ഓഫീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
"മറ്റു പലർക്കും, പ്രത്യേകിച്ച് പാശ്ചാത്യ രാഷ്ട്രീയക്കാർക്ക് ഇല്ലാത്ത ധൈര്യമാണ് ഷോണ്‍ പെൻ പ്രകടിപ്പിക്കുന്നത്," പ്രസിഡന്‍റിന്‍റെ ഓഫീസ് ഫേസ്ബുക്കിൽ കുറിച്ചു. നിലവിൽ യുക്രൈനില്‍ നടക്കുന്ന എല്ലാ സംഭവങ്ങളും റെക്കോർഡു ചെയ്യാനും റഷ്യയുടെ അധിനിവേശത്തെക്കുറിച്ചുള്ള സത്യം ലോകത്തെ അറിയിക്കാനുമാണ് അദ്ദേഹം പ്രത്യേകമായി കിയവിൽ വന്നത്'' ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. വൈസ് സ്റ്റുഡിയോസ് നിര്‍മിക്കുന്ന പ്രോജക്ടിന്‍റെ ഭാഗമായി നവംബര്‍ അവസാനമാണ് ഷോണ്‍ യുക്രൈനിലെത്തിയത്. ഡൊനെറ്റ്സ്ക് മേഖലയ്ക്ക് സമീപമുള്ള യുക്രേനിയൻ സായുധ സേനയെ സന്ദര്‍ശിക്കുന്ന ചിത്രങ്ങളും അദ്ദേഹം ആ സമയത്ത് പുറത്തുവിട്ടിരുന്നു.
രണ്ടു തവണ ഓസ്കര്‍ പുരസ്കാരം നേടിയിട്ടുള്ള ഷോണ്‍ ഒരു മനുഷ്യസ്നേഹി കൂടിയാണ്. വർഷങ്ങളായി നിരവധി അന്താരാഷ്ട്ര മാനുഷിക, യുദ്ധവിരുദ്ധ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. 2010ലെ ഹെയ്തിയിലെ ഭൂകമ്പങ്ങളുടെ പശ്ചാത്തലത്തില്‍ CORE എന്ന ദുരന്ത നിവാരണ സംഘടന സ്ഥാപിച്ചിട്ടുണ്ട്.