അദാനിയിലൂടെ മോദിയുടെ പതനം; ഇന്ത്യയിൽ ജനാധിപത്യം ഉയിർത്തെഴുന്നേൽക്കും-ജോർജ് സോറോസ്
|'മോദി ജനാധിപത്യവാദിയല്ല. മുസ്‌ലിംകൾക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചാണ് അദ്ദേഹത്തിന്റെ അതിവേഗത്തിലുള്ള വളർച്ചയുണ്ടായത്.'
മ്യൂണിക്ക്: അദാനി ഓഹരി തട്ടിപ്പു വിവാദം ഇന്ത്യയിൽ മോദിയുടെ തകർച്ചയുടെ തുടക്കമാകുമെന്ന് ഹംഗേറിയൻ ശതകോടീശ്വരനും ജീവകാരുണ്യ പ്രവർത്തകനുമായ ജോർജ് സോറോസ്. ഇന്ത്യയിൽ ജനാധിപത്യ പുനരുജ്ജീവനത്തിനു വഴിതുറക്കും തട്ടിപ്പെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജർമനിയിൽ മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സോറോസ്. ഉറ്റ സഖ്യകക്ഷികളായിട്ടും അദാനി വിഷയത്തിൽ മോദി മൗനത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അദാനിയുടെ ഓഹരി തട്ടിപ്പിനെക്കുറിച്ചുള്ള വിദേശ നിക്ഷേപകരുടെയും പാർലമെന്റിന്റെയും ചോദ്യങ്ങൾക്ക് മോദി മറുപടി നൽകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
'മുസ്‌ലിംവിരുദ്ധ ആക്രമണങ്ങളെ വളര്‍ത്തിയാണ് മോദി വളർന്നത്'
'അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽനിന്ന് ഫണ്ട് കണ്ടെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഓഹരി തട്ടിപ്പ് ആരോപണമാണ് അദാനിക്കെതിരെ ഉയർന്നിരിക്കുന്നത്. ചീട്ടുകൊട്ടാരം കണക്കെയാണ് അദ്ദേഹത്തിന്റെ ഓഹരി തകർന്നടിഞ്ഞത്. മോദി ഈ വിഷയത്തിൽ നിശബ്ദനാണ്. എന്നാൽ, വിദേശ നിക്ഷേപകരുടെ ചോദ്യങ്ങൾക്കും പാർലമെന്റിലും അദ്ദേഹം ഉത്തരം പറയേണ്ടിവരും.'-പ്രസംഗത്തിൽ ജോർജ് സോറോസ് ചൂണ്ടിക്കാട്ടി.
'അദാനിക്കു വന്നുപെട്ട കഷ്ടകാലം ഇന്ത്യൻ ഭരണസംവിധാനത്തിലെ മോദിയുടെ ശക്തിദുർഗം വലിയ തോതിൽ തകർക്കും. രാജ്യത്ത് അത്യന്താപേക്ഷിതമായ സ്ഥാപന പരിഷ്‌ക്കരണങ്ങൾക്ക് ഇതു വഴിതുറക്കും. ഞാൻ നിഷ്‌കളങ്കനായതുകൊണ്ടാണോ എന്നറിയില്ല, ഇന്ത്യയിൽ ഒരു ജനാധിപത്യ ഉയിർത്തെഴുന്നേൽപ്പുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'
മോദി ജനാധിപത്യവാദിയല്ല. മുസ്‌ലിംകൾക്കെതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിച്ചാണ് അദ്ദേഹത്തിന്റെ അതിവേഗത്തിലുള്ള വളർച്ചയുണ്ടായത്. വൻ വിലക്കിഴിവിൽ റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യ അതിൽനിന്ന് വലിയ ലാഭമുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവർക്കെതിരെയും ജോർജ് സോറോസ് പ്രസംഗത്തിൽ വിമർശനമുയർത്തി. ഉർദുഗാന്റെ പിടിപ്പുകേടാണ് തുർക്കി സമ്പദ്ഘടനയെ തകർത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഷി ജിൻപിങ് അധികകാലം ഭരണത്തിൽ തുടരില്ലെന്ന് പ്രവചിച്ച സോറോസ് അദ്ദേഹം ലക്ഷ്യമിടുന്ന സൈനിക-രാഷ്ട്രീയ ആധിപത്യത്തിലേക്ക് ചൈനയെ നയിക്കാൻ ഷിക്ക് ആകില്ലെന്നും വ്യക്തമാക്കി.
ആരാണ് ജോർജ് സോറോസ്?
ആഗോളതലത്തിൽ ജീവകാരുണ്യ, സാമൂഹിക പ്രവർത്തനങ്ങളിലൂടെ ഏറെ ശ്രദ്ധേയനായ ശതകോടീശ്വരനാണ് ജോർജ് സോറോസ്. ഹംഗറിയിൽ ജനിച്ച അദ്ദേഹം ഇപ്പോൾ യു.എസ് കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. 70,000 കോടിയോളം ആസ്തിയുള്ള സോറോസ് ഓപൺ സൊസൈറ്റി ഫൗണ്ടേഷൻ എന്ന പേരിൽ ഒരു എൻ.ജി.ഒയ്ക്കും നേതൃത്വം നൽകുന്നുണ്ട്. ജനാധിപത്യ, ആവിഷ്‌ക്കാര സ്വാതന്ത്ര്യ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തികളെയും സംഘടനകളെയും സഹായിക്കുകയാണ് ഓപൺ സൊസൈറ്റിയുടെ ലക്ഷ്യം.
ബുഡാപെസ്റ്റിൽ സോറോസ് സ്ഥാപിച്ച 'സെൻട്രൽ യൂറോപ്യൻ യൂനിവേഴ്‌സിറ്റി' മുൻ ഹംഗറി പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ വിക്ടർ ഒർബാന്റെ നിരന്തര വേട്ടയ്ക്കിരയായിരുന്നു. ഇതേതുടർന്ന് സർവകലാശാലാ കാംപസ് വിയന്നയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
Summary: Billionaire financier George Soros has predicted India's prime minister Narendra Modi will be weakened by the crisis of Gautam Adani and will open the door to a democratic revival in the country