'കാവൽ പ്രസിഡന്റായി തുടരും'; പ്രഖ്യാപനവുമായി അഫ്ഗാൻ വൈസ് പ്രസിഡന്റ്
|''അഫ്ഗാൻ ഭരണഘടന പ്രകാരം പ്രസിഡന്റ് മരിക്കുകയോ രാജിവയ്ക്കുകയോ നാട് വിടുകയോ ചെയ്താൽ വൈസ് പ്രസിഡന്റ് കാവൽ പ്രസിഡന്റാകും. ഞാൻ നിലവിൽ രാജ്യത്തു തന്നെയാണുള്ളത്. ഞാനാണ് നിയമപ്രകാരമുള്ള പ്രസിഡന്റ്''-അംറുല്ല സാലിഹ് വ്യക്തമാക്കി
അഫ്ഗാനിസ്താനിൽ വീണ്ടും നാടകീയ നീക്കങ്ങൾ. അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി നാടുവിട്ടതിനു പിറകെ അധികാരം ഏറ്റെടുത്തതായുള്ള അവകാശവാദവുമായി വൈസ് പ്രസിഡന്റ് അംറുല്ല സാലിഹ് രംഗത്ത്. താലിബാന് കീഴടങ്ങില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
അഫ്ഗാൻ ഭരണഘടനാതത്വങ്ങൾ ചൂണ്ടിക്കാട്ടിയാണ് തന്റെ നിയമസാധുത അംറുല്ല സാലിഹ് പ്രഖ്യാപിച്ചത്. ''അഫ്ഗാൻ ഭരണഘടന പ്രകാരം പ്രസിഡന്റ് മരിക്കുകയോ രാജിവയ്ക്കുകയോ നാട് വിടുകയോ ചെയ്താൽ വൈസ് പ്രസിഡന്റ് കാവൽ പ്രസിഡന്റാകും. ഞാൻ നിലവിൽ രാജ്യത്തു തന്നെയാണുള്ളത്. ഞാനാണ് നിയമപ്രകാരമുള്ള പ്രസിഡന്റ്''-അംറുല്ല സാലിഹ് വ്യക്തമാക്കി.
Clarity: As per d constitution of Afg, in absence, escape, resignation or death of the President the FVP becomes the caretaker President. I am currently inside my country & am the legitimate care taker President. Am reaching out to all leaders to secure their support & consensus.
— Amrullah Saleh (@AmrullahSaleh2) August 17, 2021
എല്ലാ നേതാക്കളുമായി ബന്ധപ്പെട്ടുവരികയാണ്. അവരുടെ പിന്തുണയും പൊതുസമ്മതവും നേടാനുള്ള ശ്രമത്തിലാണെന്നും അംറുല്ല സാലിഹ് കൂട്ടിച്ചേർത്തു. ഒരിക്കലും ഒരു സാഹചര്യത്തിലും താലിബാന് കീഴടങ്ങില്ല. എന്നെ കേൾക്കുന്ന ലക്ഷങ്ങളെ നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുൻ പ്രസിഡന്റ് ഹാമിദ് കർസായി, സമാധാന കൗൺസിൽ തലവൻ അബ്ദുല്ല അബ്ദുല്ല തുടങ്ങിയ അഫ്ഗാൻ നേതാക്കളുടെ നേതൃത്വത്തിൽ താലിബാനുമായുള്ള അനുരഞ്ജന ചർച്ചകൾ പുരോഗമിക്കുകയാണ്.