World
News agency AFP filed a copyright case against Twitter
World

വരുമാനത്തിൽനിന്ന് ആനുപാതിക വിഹിതം വേണം; ട്വിറ്ററിനെതിരെ എഎഫ്പിയുടെ കേസ്

Web Desk
|
3 Aug 2023 1:15 PM GMT

സമൂഹമാധ്യമങ്ങൾക്ക് തങ്ങളുടെ വാർത്തകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ്‌ കൂടുതൽ ജനകീയത ലഭിക്കുന്നതെന്നും അതിനാൽ ലാഭത്തിലൊരു വിഹിതം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നുമാണ് മാധ്യമ സ്ഥാപനങ്ങൾ പറയുന്നത്‌

പാരീസ്: മൈക്രോബ്ലോഗിംഗ് മാധ്യമമായ ട്വിറ്റർ ഏറ്റെടുത്ത ലോകകോടീശ്വരൻ ഇലോൺ മസ്‌കിന് തിരിച്ചടികൾ തീരുന്നില്ല. ഏറ്റവുമൊടുവിൽ വാർത്താ ഏജൻസിയായ എഎഫ്പിയാണ് ട്വിറ്ററിനെതിരെ രംഗത്ത് വന്നത്. വാർത്തകൾക്ക് പണം ഈടാക്കുന്നതിനായാടക്കം ട്വിറ്ററിനെ എക്‌സെന്ന് റീ ബ്രാൻഡ് ചെയ്തിരിക്കെ, കോപ്പിറൈറ്റ് കേസാണ് എഎഫ്പി നൽകിയിരിക്കുന്നത്. അവരുടെ വരുമാനത്തിൽനിന്ന് ആനുപാതിക വിഹിതം വേണമെന്നാണ് ആവശ്യം.

എക്‌സ്, ഫേസ്ബുക്ക്, ഗൂഗ്ൾ തുടങ്ങിയ സമൂഹമാധ്യമങ്ങൾക്ക് തങ്ങളുടെ വാർത്തകളിലൂടെയും ചിത്രങ്ങളിലൂടെയുമാണ്‌ കൂടുതൽ ജനകീയത ലഭിക്കുന്നതെന്നും അതിനാൽ ലാഭത്തിലൊരു വിഹിതം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നുമാണ് മാധ്യമ സ്ഥാപനങ്ങൾ പറയുന്നത്‌. 2019ലെ യൂറോപ്യൻ യൂണിയൻ നിയമം കൂടി ഈ വാദത്തിന് സഹായകരമാണ്. നൈബറിംഗ് റൈറ്റ്‌സെന്ന ഈ വകുപ്പ് പ്രകാരം ചില ഫ്രഞ്ച് മാധ്യമങ്ങൾക്ക് ഗൂഗ്‌ളും ഫേസ്ബുക്കും പണം നൽകുന്നുണ്ട്. എന്നാൽ ഈ വിഷയം എക്‌സ് ചർച്ച ചെയ്യുന്നു പോലുമില്ലെന്നാണ് എഎഫ്പി കുറ്റപ്പെടുത്തുന്നത്.

വരുമാനം പങ്കുവെക്കുന്നത് ആനുപാതികമാണോയെന്ന് കണക്കാക്കാൻ ആവശ്യമായ രേഖകൾ നൽകണമെന്ന് ട്വിറ്ററിനെതിരെ എഎഫ്പി പാരീസ് കോടതിയിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. എന്നാൽ പരാതിയെ വിചിത്രമെന്നാണ് ഇലേൺ മസ്‌ക് വിളിച്ചത്.

വിഷയത്തിൽ ഫ്രാൻസിലെ ചില മാധ്യമങ്ങൾ വിജയിച്ചെങ്കിലും മറ്റു പലയിടങ്ങളിലെയും അവരെ ടെക് വമ്പന്മാർ ഒതുക്കിയിരിക്കുകയാണ്. തങ്ങൾക്കെതിരെ കേസ് കൊടുത്ത മാധ്യമങ്ങളുടെ വാർത്തകൾ കാനഡയിൽ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഈ ആഴ്ച തടഞ്ഞിരിക്കുകയാണ്. ഗൂഗ്‌ളും സമാന നടപടി സ്വീകരിച്ചിട്ടുണ്ട്. ആസ്‌ത്രേലിയയിലും ഇരു കമ്പനികളും ഇത്തരം നിലപാടാണ് സ്വീകരിക്കുന്നത്. പാരമ്പര്യ മാധ്യമങ്ങളിൽ നിന്നുള്ള ഉള്ളടക്കം ഉപയോഗപ്പെടുത്തുന്ന രണ്ട് കമ്പനികളുമാണ് ഓൺലൈൻ പരസ്യരംഗത്ത് മേധാവിത്വം പുലർത്തുന്നത്. ഇവയെ അപേക്ഷിച്ച് ചെറിയ പ്ലാറ്റ്‌ഫോമായ ട്വിറ്റർ കൂടുതൽ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല.

News agency AFP filed a copyright case against Twitter

Similar Posts