വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരിക്ക് ലഗേജ് നഷ്ടപ്പെട്ടു: തിരികെ കിട്ടിയത് നാല് വർഷത്തിന് ശേഷം
|ക്രിസ്മസ് സമ്മാനങ്ങൾ അഴിച്ചു നോക്കുന്നത് പോലെയായിരുന്നു ലഗേജ് തുറക്കുന്നത് എന്നായിരുന്നു സ്യൂട്ട്‌കേസ് ലഭിച്ച ശേഷം ഏപ്രിലിന്റെ പ്രതികരണം
വിമാനത്താവളങ്ങളിൽ ലഗേജ് നഷ്ടപ്പെടുന്നത് പുതിയ കാര്യമല്ല. ചിലപ്പോൾ ഒന്നോ രണ്ടോ ദിവസത്തിന് ശേഷമോ അതുമല്ലെങ്കിൽ മാസങ്ങളെടുത്തോ ഇവ തിരികെയെത്താറുണ്ടെങ്കിലും ബാഗ് പൂർണമായി നഷ്ടപ്പെട്ട സംഭവങ്ങൾ ചുരുക്കമാണ്.
ഇത്തരത്തിൽ എന്നന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയ ബാഗ് തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് അമേരിക്കയിലെ ഒറിഗണിലുള്ള ഏപ്രിൽ ഗാവിൻ. ഏപ്രിലിന്റെ കഥയുടെ പ്രത്യേകതയെന്തെന്നാൽ നഷ്ടപ്പെട്ട് നാല് വർഷത്തിന് ശേഷമാണ് ലഗ്ഗേജ് തിരികെ ലഭിച്ചിരിക്കുന്നത്.
യുണൈറ്റഡ് എയർലൈൻസിൽ യാത്ര ചെയ്യവേ 2018ലാണ് ഏപ്രിലിന് ലഗ്ഗേജ് മിസ്സ് ആകുന്നത്. ലഗ്ഗേജ് നഷ്ടപ്പെട്ടത് മനസ്സിലായ നിമിഷം തന്നെ എയർലൈനുമായി ബന്ധപ്പെട്ടെങ്കിലും ഒരു ഐഡിയയുമില്ലെന്നായിരുന്നു എയർലൈനിന്റെ മറുപടി. പ്രതീക്ഷ വെച്ച് കുറച്ചു നാൾ കൂടി ഏപ്രിൽ കാത്തെങ്കിലും ലഗ്ഗേജിന്റെ ഒരു വിവരവുമില്ലാത്തതിനാൽ ഇനി കിട്ടില്ലെന്ന് തന്നെ ഉറപ്പിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം യുഎസ് എയർലൈൻസ് അധികൃതർ ഏപ്രിലിനെ ഫോൺ ചെയ്യുന്നത്. ലഗ്ഗേജ് ഹോണ്ടൂറാസിൽ കണ്ടെത്തി എന്നായിരുന്നു അറിയിപ്പ്. കേൾക്കേണ്ട താമസം,ഏപ്രിൽ ഉടൻ തന്നെ അധികൃതർ അറിയിച്ച പ്രകാരം ഹൂസ്റ്റണിൽ ചെന്ന് ലഗ്ഗേജ് കൈപ്പറ്റി.
ക്രിസ്മസ് സമ്മാനങ്ങൾ അഴിച്ചു നോക്കുന്നത് പോലെയായിരുന്നു ലഗ്ഗേജ് തുറക്കൽ എന്നാണ് സ്യൂട്ട്‌കേസ് ലഭിച്ച ശേഷം ഏപ്രിലിന്റെ പ്രതികരണം. ലഗ്ഗേജിൽ നിന്ന് ഒരു സാധനം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നും ഏപ്രിൽ സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു.