വാക്സിനെടുത്തില്ലെങ്കില്‍ ശമ്പളമില്ലാത്ത അവധി; ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്‍റല്‍
|ജനുവരി 4നകം വാക്സിൻ എടുത്ത രേഖകള്‍ ഹാജരാക്കണമെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് കുത്തിവെപ്പ് എടുക്കാത്തതെങ്കില്‍ അതിന്‍റെ കാരണങ്ങളും സമർപ്പിക്കാൻ കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്
വാക്സിനേഷന്‍ എടുക്കാത്ത ജീവനക്കാരോട് കടുത്ത നടപടികള്‍ തുടര്‍ന്ന് ടെക് കമ്പനികള്‍. വാക്സിനെടുക്കാത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കുമെന്നും ജോലി തന്നെ നഷ്ടപ്പെടുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടർ കമ്പനിയായ ഇന്‍റല്‍ കോര്‍പ്പറേഷനും വാക്സിനേഷന്‍ നയത്തില്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ഇനിയും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവര്‍ ശമ്പളമില്ലാത്ത അവധിയില്‍ പ്രവേശിക്കണമെന്നാണ് കമ്പനിയുടെ നിര്‍ദേശം.
ജനുവരി 4നകം വാക്സിൻ എടുത്ത രേഖകള്‍ ഹാജരാക്കണമെന്നും ആരോഗ്യപരമായ കാരണങ്ങളാലാണ് കുത്തിവെപ്പ് എടുക്കാത്തതെങ്കില്‍ അതിന്‍റെ കാരണങ്ങളും സമർപ്പിക്കാൻ കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. ഈ രേഖകള്‍ സമര്‍പ്പിക്കുന്നതില്‍ പരാജയപ്പെട്ടാൽ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാനാണ് ഇന്‍റല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ്, ദി ഒറിഗോണിയൻ എന്നിവ റിപ്പോർട്ട് ചെയ്യുന്നു. വര്‍ക്ക് ഫ്രം ഹോമിലുള്ള വാക്സിനെടുക്കാത്ത ജീവനക്കാര്‍ കുത്തിവെപ്പ് എടുക്കണമെന്നും എല്ലാ ആഴ്ചയും സ്വയം പരിശോധന നടത്തുകയും ചെയ്യണമെന്ന് ഇന്‍റല്‍ എച്ച്.ആർ മേധാവി ക്രിസ്റ്റി പാമ്പിയാഞ്ചി പറഞ്ഞു. മിക്ക ടെക് കമ്പനികളും തങ്ങളുടെ വാക്സിനേഷന്‍ നയങ്ങള്‍ പുതുക്കിയതായാണ് റിപ്പോര്‍ട്ട്.
ഡിസംബര്‍ മൂന്നിന് മുമ്പ് ജീവനക്കാര്‍ അവരുടെ വാക്‌സിനേഷന്‍ സ്റ്റാറ്റസ് കമ്പനിയെ അറിയിക്കണമെന്നും അതിന്‍റെ തെളിവ് കാണിക്കുന്ന രേഖകള്‍ ഹാജരാക്കണമെന്നും ഗൂഗിള്‍ മാനേജ്‌മെന്‍റ് അറിയിച്ചിരുന്നു. വാക്‌സിന്‍ എടുക്കാതിരിക്കുന്നതിന് ആരോഗ്യപ്രശ്‌നങ്ങളോ അല്ലെങ്കില്‍ മതപരമായ ഇളവുകള്‍ ആവശ്യമാണെങ്കിലോ അതും കമ്പനിയെ അറിയിക്കണമെന്നും കമ്പനി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഡിസംബര്‍ മൂന്നിന് ശേഷം വാക്സിനേഷന്‍ ചെയ്യാത്ത ജീവനക്കാരെയും വാക്‌സിനേഷന്‍ സ്റ്റാറ്റസ് അപ്‍ലോഡ് ചെയ്യാത്തവരെയും ഇളവുകള്‍ നിരസിച്ച ജീവനക്കാരുമായും കമ്പനി നേരിട്ട് ബന്ധപ്പെടുമെന്നും ഗൂഗിള്‍ അറിയിച്ചതായി സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.