അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ സുരക്ഷായോഗം ഉപേക്ഷിച്ച് പാക് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈന
|യുഎസ്, ചൈന, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള മുതിർന്ന നയതന്ത്രജ്ഞരാണ് ഇസ്‌ലാമാബാദിൽ നടക്കുന്ന ട്രോയ്ക ഉച്ചകോടിയിൽ പങ്കെടുക്കുന്നത്
അഫ്ഗാൻ വിഷയത്തിൽ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടന്ന സുരക്ഷാ യോഗത്തിൽ പങ്കെടുക്കാതെ പാക് ഉച്ചകോടിയില്‍ പങ്കെടുക്കാൻ ചൈന. ഇന്ന് ഡൽഹിയിൽ നടന്ന ഡൽഹി റീജ്യനൽ സെക്യൂരിറ്റി ഡയലോഗിൽ ചൈന പങ്കെടുത്തിരുന്നില്ല.
ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ ആണ് ആണ് പാകിസ്താന്റെ ആഭിമുഖ്യത്തിലുള്ള 'ട്രോയ്ക പ്ലസ്' സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിവരം അറിയിച്ചത്. സമയക്രമത്തിലെ പ്രശ്‌നങ്ങൾ കാരണമാണ് ഇന്ത്യ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാത്തതെന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. അഫ്ഗാനിസ്താനിൽ സമാധാനവും സുസ്ഥിരതയും കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കുമെന്നും വാങ് വെൻബിൻ കൂട്ടിച്ചേർത്തു.
യുഎസ്, ചൈന, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള മുതിർന്ന നയതന്ത്രജ്ഞര്‍ ഇസ്‌ലാമാബാദിൽ നടക്കുന്ന ട്രോയ്ക ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. അതേസമയം, റഷ്യ, ഇറാൻ, കസഖിസ്താൻ, കിർഗിസ്താൻ, താജികിസ്താൻ, തുടർക്‌മെനിസ്താൻ, ഉസ്‌ബെകിസ്താൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളാണ് ന്യൂഡൽഹിയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയിൽ നടന്ന സുരക്ഷായോഗത്തിൽ പങ്കെടുത്തത്.