World
ഓസ്‌കര്‍ അടിക്ക്  ശേഷമുള്ള വിൽ സ്മിത്തിന്‍റെ  ആദ്യ ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും
World

ഓസ്‌കര്‍ 'അടി'ക്ക് ശേഷമുള്ള വിൽ സ്മിത്തിന്‍റെ ആദ്യ ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും

Web Desk
|
6 Oct 2022 2:27 AM GMT

അടിമത്തത്തിൽ നിന്ന് പലായനം ചെയ്യുന്നയാളായാണ് സിനിമയിൽ സ്മിത്ത് അഭിനയിക്കുന്നത്

പാരീസ്: ഹോളിവുഡ് നടൻ വിൽ സ്മിത്തിൻറെ പുതിയ ചിത്രം "എമാൻസിപ്പേഷൻ" ഡിസംബറിൽ റിലീസ് ചെയ്യുമെന്ന് ആപ്പിൾ അറിയിച്ചു. ഓസ്‌കർ വേദിയിൽ വച്ച് അവതാരകനും ഹാസ്യനടനുമായ ക്രിസ് റോക്കിനെ അടിച്ച് വിൽ സ്മിത്ത് കുപ്രസിദ്ധി നേടിയിരുന്നു. ഇതിനെ തുടർന്ന് സ്മിത്തിനെ 10 വർഷത്തേക്ക് അക്കാദമി അവാർഡ് ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. ഇതിനുശേഷം ഇറങ്ങുന്ന സ്മിത്തിൻറെ ആദ്യ സിനിമയാണ് എമാൻസിപ്പേഷൻ.

ഡിസംബർ 2 ന് തിയറ്ററുകളിലെത്തുന്ന സിനിമ ഒരാഴ്ചയ്ക്ക് ശേഷം ആപ്പിള്‍ പ്ലസിൽ സ്ട്രീമിംഗ് ആരംഭിക്കും.വാഷിംഗ്ടണിൽ നടന്ന എമാൻസിപ്പേഷന്റെ സ്ക്രീനിംഗിൽ സ്മിത്ത് പങ്കെടുത്തിരുന്നു. അടിമത്തത്തിൽ നിന്ന് പലായനം ചെയ്യുന്നയാളായാണ് സിനിമയിൽ സ്മിത്ത് അഭിനയിക്കുന്നത്. 2001 ലെ പൊലീസ് നാടകമായ "ട്രെയിനിംഗ് ഡേ" ലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്‌കർ നേടിയ അന്റോയിൻ ഫുക്വയാണ് ചിത്രം സംവിധാനം ചെയ്തതിരിക്കുന്നത്.

ഓസ്കർ വേദിയിലെ സംഭവത്തിനു ശേഷം ആരാധകർക്കിടയിൽ അത്ര നല്ല അഭിപ്രായമായിരുന്നില്ല സ്മിത്തിനെക്കുറിച്ചുള്ളത്. 'കിംഗ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുത്ത അദ്ദേഹം അവാർഡ് സ്വീകരിക്കാൻ സ്‌റ്റേജിലേക്ക് എത്തിയപ്പോള്‍ ഭാര്യയെക്കുറിച്ച് തമാശ പറഞ്ഞതിന് റോക്കിനെ ഇടിക്കുകയായിരുന്നു. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സ് ആൻഡ് സയൻസസിലെ അംഗത്വവും സ്മിത്ത് രാജിവച്ചിരുന്നു . മികച്ച നടനുള്ള പുരസ്‌കാരം റദ്ദാക്കിയില്ലെങ്കിലും, ചടങ്ങിൽ പങ്കെടുക്കുന്നതിന് വിലക്ക് ഉണ്ട്. അദ്ദേഹത്തെ ഓസ്‌കാറിന് നാമനിർദ്ദേശം ചെയ്യുന്നതിന് നിലവിൽ തടസ്സമില്ല.

Similar Posts