'ആക്രമണം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല'; ഖലിസ്ഥാൻ ആക്രമണത്തെ അപലപിച്ച് ബ്രിട്ടൻ
|പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഇന്ത്യൻ സ്ഥാനപതിയെ അറിയിച്ചു.
ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ എംബിസ്സിക്കു നേരെ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണത്തെ ബ്രിട്ടൻ അപലപിച്ചു. ആക്രമണം ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി വ്യക്തമാക്കി. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഇന്ത്യൻ സ്ഥാനപതിയെ അറിയിച്ചു.
ആക്രമണം സംബന്ധിച്ച വിവരങ്ങൾ ഇന്ത്യൻ സർക്കാരിനെയും കോൺസുലേറ്റിനെയും ബ്രിട്ടൻ അറിയിക്കുന്നുണ്ട്. ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്. ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങ്ങിനെതിരായ നടപടിയിൽ പ്രതിഷേധിച്ച് ഖലിസ്ഥാൻ അനുകൂലികൾ ബുധനാഴ്ച ഉച്ചയോടെ ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷനിലേക്ക് വീണ്ടും മാർച്ച് നടത്തിയിരുന്നു. പ്രതിഷേധക്കാരെ ഹൈ കമ്മീഷനിൽ തടഞ്ഞ യു.കെ പൊലീസിനു നേരെ മഷിയും വെള്ളക്കുപ്പിയും എറിഞ്ഞു.
പ്രതിഷേധക്കാർ നശിപ്പിച്ച പതാകയേക്കാൾ വലുത് ഹൈകമ്മീഷനിലെ ജീവനക്കാർ പുതുതായി സ്ഥാപിച്ചു. ഇതാണ് ഖലിസ്ഥാൻ വാദികളുടെ പെട്ടെന്നുള്ള പ്രകോപനത്തിന് ഇടയാക്കിയത്. പ്രതിഷേധം കണക്കിലെടുത്ത് ലണ്ടൻ പൊലീസ് വൻ സന്നാഹം തന്നെ ഒരുക്കിയിരുന്നു. 24 ബസ് നിറയെ പൊലീസാണ് ഇന്ത്യൻ ഹൈകമീഷന് സുരക്ഷയൊരുക്കാൻ ഇറങ്ങിയത്. ആദ്യം കുറച്ച് ആളുകളാണ് പ്രതിഷേധം തുടങ്ങിയതെങ്കിലും സമയം വൈകുംതോറും പ്രതിഷേധക്കാരുടെ എണ്ണം കൂടി വന്നു. രാത്രിയായപ്പോഴേക്കും ഏകദേശം 2000 പ്രതിഷേധക്കാർ സ്ഥലത്തുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ ഇന്ത്യൻ എംബസി ആക്രമിച്ചവർ തന്നെ ചിത്രീകരിച്ച അതിക്രമത്തിന്റെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞദിവസം ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷന് നേരെ ആക്രമണം അഴിച്ചുവിട്ടതിനു പിന്നാലെയായിരുന്നു സാൻഫ്രാൻസിസ്‌കോയിലും ഖലിസ്ഥാൻ അനുകൂലികളുടെ അതിക്രമം. ഇന്ത്യൻ ഹൈകമ്മീഷനിലെ ജനൽ ചില്ലുകൾ അടിച്ചുതകർത്ത അക്രമികൾ ഇവിടുത്തെ ത്രിവർണ പതാക അഴിച്ചുമാറ്റുകയും ഖലിസ്ഥാൻ പതാക സ്ഥാപിക്കുകയും ചെയ്തിരുന്നു. അതിക്രമത്തിൽ രണ്ട് സുരക്ഷാ ഗാർഡുകൾക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ ഒരു ഖലിസ്ഥാനി വാദിയെ ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്തതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.