World
Aid to Israel would face dire consequences; Irans warning to Gulf countries, latest news malayalam, ഇസ്രായേലിന് സഹായം നൽകിയാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും; ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്
World

ഇസ്രായേലിന് സഹായം നൽകിയാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരും; ഗൾഫ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്

Web Desk
|
12 Oct 2024 10:07 AM GMT

മുന്നറിയിപ്പിന് പിന്നാലെ ഇറാൻ തങ്ങളുടെ എണ്ണ ശേഖരങ്ങളിൽ ആക്രമണം നടത്തുമോ എന്ന ആശങ്കയിലാണ് ​ഗൾഫ് രാജ്യങ്ങൾ

തെഹ്റാൻ: ഇസ്രായേലുമായുള്ള സംഘർഷത്തിൽ ​ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഇറാൻ. ഇറാനെതിരെ തിരിച്ചടിക്ക് ഒരുങ്ങുന്ന ഇസ്രയേലിനെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ തങ്ങളുടെ പ്രദേശങ്ങളോ വ്യോമ മേഖലയോ ഉപയോഗിച്ചാൽ ​ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഭീഷണി.

വ്യോമാതിർത്തിയോ സൈനിക താവളങ്ങളോ ഉപയോഗിച്ച് തെഹ്‌റാനെതിരെ ഒരു ഗൾഫ് രാജ്യം സ്വീകരിക്കുന്ന ഏതൊരു നടപടിയും മുഴുവൻ ​ഗൾഫ് രാജ്യങ്ങളും ഒരുമിച്ച് സ്വീകരിച്ച നടപടിയായി കണക്കാക്കുമെന്നും അതിന് അനുസരിച്ച് പ്രതികരിക്കുമെന്നും ഇറാൻ വ്യക്തമാക്കി. സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജോർദാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്ക് നയതന്ത്ര മാർഗങ്ങളിലൂടെ രഹസ്യമായ മുന്നറിയിപ്പാണ് ഇറാൻ നൽകിയിരിക്കുന്നത്. മുന്നറിയിപ്പിന് പിന്നാലെ ഇറാൻ തങ്ങളുടെ എണ്ണ ശേഖരങ്ങളിൽ ആക്രമണം നടത്തുമോ എന്ന ആശങ്കയിലാണ് ​ഗൾഫ് രാജ്യങ്ങൾ.

ഈ മാസം ആദ്യം ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇരുനൂറോളം ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളാണ് പതിച്ചത്. ഇതിനെതിരെ ഇസ്രായേൽ കടുത്ത പ്രതികാര നടപടി സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇറാൻ മുന്നറിയിപ്പുമായി രം​ഗത്തുവന്നത്. ലബനാനിലും ​ഗസ്സയിലും ഇസ്രയേൽ നടത്തുന്ന ആക്രമണത്തിനും ഹിസ്ബുള്ള നേതാവ് ഹസൻ നസറുല്ലയുടെ കൊലപാതകത്തിനുമുള്ള തിരിച്ചടിയായിരുന്നു ഇറാന്റെ ആക്രമണം.

ഇറാന്റെ ആക്രമണത്തിന് കൃത്യമായ മറുപടി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, തിരിച്ചടി നല്‍കിയാല്‍ ഇസ്രയേലിനെ കാത്തിരിക്കുന്നത് വൻനാശമായിരിക്കുമെന്നായിരുന്നു ഇറാന്റെ പ്രതികരണം. ഇതോടെ സംഘർഷം രൂക്ഷമാകാനുള്ള സാധ്യതകളും വർധിച്ചു.

ഈ വാരം നടന്ന ചർച്ചയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണകേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാകില്ലെന്നാണ് സൗദി അറേബ്യയെ ഇറാൻ അറിയിച്ചിരുന്നു. പ്രത്യേകിച്ചും ഇറാനെതിരെ ആക്രമണം നടത്തുന്നതിനായി ഇസ്രയേലിന് സഹായം നല്‍കുകയാണെങ്കില്‍. ഇറാൻ ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരുമാണ് ഇക്കാര്യം റോയിട്ടേഴ്‌സുമായി പങ്കുവെച്ചിട്ടുള്ളത്.

അതിനിടെ തിരിച്ചടിക്കാനുള്ള ഒരുക്കങ്ങൾ ഇസ്രായേൽ നടത്തുന്നതായാണ് റിപ്പോർട്ട്. ഇറാന്റെ എണ്ണശേഖരമാണ് ഇസ്രായേലിന്റെ ലക്ഷ്യമെന്ന വാദവും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇസ്രയേലിനോട് ഇറാന്റെ എണ്ണ ശേഖരങ്ങളെ ലക്ഷ്യം വെക്കരുതെന്ന് ആവശ്യപ്പെടണമെന്ന് യുഎസിനോട് ​ഗൾഫ് രാജ്യങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം രൂക്ഷമായാൽ ആഗോള എണ്ണ വിപണിയിൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതമാണ് ഗൾഫ് രാജ്യങ്ങളുടെ പ്രധാന ആശങ്ക. സംഘർ‍ഷം രൂക്ഷമാകുന്നത് ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ കയറ്റുമതിയെ വരെ ബാധിച്ചേക്കാം. അങ്ങനെയെങ്കിൽ അത് എണ്ണ വില കുതിച്ചുയരുന്നതിലേക്ക് നയിക്കുകയും ആഗോള വിപണിയെ വരെ പ്രതിസന്ധിയിലാക്കുകയും ചെയ്യും.

ഇത് മുൻകൂട്ടി കണ്ട് ഇറാനെതിരായേക്കാവുന്ന സൈനിക ആക്രമണങ്ങളിൽ ഭാ​ഗമാകില്ലെന്ന് സൗദി അറേബ്യയിലെയും യുഎഇയിലെയും അറബ് നേതാക്കൾ അറിയിച്ചതായി ഡബ്ലുഎസ്ജെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനിടെ ഇറാൻ്റെ എണ്ണ, പെട്രോകെമിക്കൽ വ്യവസായങ്ങൾക്ക് യുഎസ് പുതിയ ഉപരോധം ഏർപ്പെടുത്തി.

Similar Posts