World
airambulancecrashedhikerrescuemission, twokilledinhelicoptercrash, hikerrescueoperation
World

'ഹൈക്കറെ' രക്ഷിക്കാൻ പുറപ്പെട്ട എയർ ആംബുലൻസ് തകർന്നുവീണു; രണ്ട് പൈലറ്റുമാർ മരിച്ചു

Web Desk
|
3 April 2023 5:07 PM GMT

എയർ മെത്തേഡ്‌സിന്റെ ഉടമസ്ഥതയിലുള്ള 'ലൈഫ് സേവർ' എയർ ആംബുലൻസാണ് ലാൻഡിങ്ങിനിടെ തകർന്ന് കത്തിനശിച്ചത്

വാഷിങ്ടൺ: സാഹസികമലകയറ്റത്തിനിടെ(ഹൈക്കിങ്) ശാരീരിക അസ്വസ്ഥതകൾ നേരിട്ടയാൾക്ക് സഹായവുമായി പുറപ്പെട്ട എയർ ആംബുലൻസ് തകർന്ന് രണ്ടു മരണം. പൈലറ്റുമാരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. യു.എസിലെ ബിർമിങ്ങാമിനടുത്ത് അലബാമയിലുള്ള ചെൽസിയിലാണ് സംഭവം.

കഴിഞ്ഞ ദിവസം വൈകീട്ടാണ് ചെൽസിയിലെ പർവതത്തിൽ ഹൈക്കിങ്ങിനിടെ യുവാവ് ശ്വാസതടസം നേരിട്ട് പൊലീസിനോട് സഹായം തേടിയത്. തുടർന്ന് എയർ മെത്തേഡ്‌സിന്റെ ഉടമസ്ഥതയിലുള്ള 'ലൈഫ് സേവർ' എയർ ആംബുലൻസിനെ ഷെൽബി കൗണ്ടി ഷെറീഫ് ഓഫിസ് വിവരം അറിയിക്കുകയായിരുന്നു. ബിയർ ക്രീക്ക് റോഡിൽ ദേശീയപാതയിൽ ഹെലികോപ്ടറിന് ഇറങ്ങാനായി കൗണ്ടി ഷെറീഫ് ഡെപ്യൂട്ടിമാർ സൗകര്യമൊരുക്കുകയും ചെയ്തു.

ശേഷം അലബാമയിലെ സിലകോഗയിൽനിന്ന് രക്ഷാപ്രവർത്തനത്തിനായി ലൈഫ് സേവറിന്റെ 'യൂറോകോപ്ടർ ഇ.സി130' എയർ ആംബുലൻസ് സംഭവസ്ഥലത്തേക്ക് തിരിച്ചു. എന്നാൽ, ലാൻഡിങ് സൗകര്യം ഒരുക്കിയിരുന്ന സ്ഥലത്തിന് തൊട്ടടുത്ത് ഹെലികോപ്ടർ അപകടത്തിൽപെടുകയായിരുന്നു. ലാൻഡിങ് പാഡിൽ തകർന്നുവീണ ഹെലികോപ്ടർ കത്തിനശിക്കുകയും ചെയ്തു.

അപകടത്തിനു പിന്നാലെ സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടിയെങ്കിലും പൈലറ്റ് തൽക്ഷണം മരിച്ചിരുന്നു. ആംബുലൻസിലുണ്ടായിരുന്ന മറ്റു രണ്ട് ജീവനക്കാരെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇതിൽ ഒരാൾ ചികിത്സയ്ക്കിടെയും മരണത്തിനു കീഴടങ്ങി. മൂന്നാമത്തെയാളുടെ നില ഗുരുതരമായി തുടരുകയാണ്.

അതേസമയം, ഹൈക്കറെ മറ്റൊരു സംഘം രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. എയർ ആംബുലൻസ് അപകടത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം ആരംഭിച്ചതായി ഷെറീഫ് ഓഫിസ് അറിയിച്ചു.

Summary: Two crew members have been killed after air ambulance crashed on a rescue mission to save a hiker who was experiencing breathing problems in Chelsea, Alabama, near Birmingham, US.

Similar Posts