5ജിയിൽ തട്ടിത്തടഞ്ഞ് വിമാനസർവീസുകൾ; യു.എസിലേക്കുള്ള സർവീസുകൾ വെട്ടിക്കുറച്ച് എയർഇന്ത്യയും
|5ജി തരംഗങ്ങൾ വിമാനങ്ങളിലെ നിർണായകമായ ഉപകരണങ്ങളെ തകരാറിലാക്കുമെന്ന ആശങ്കയിൽ നിരവധി അന്താരാഷ്ട്ര വിമാനകമ്പനികളും സർവീസ് നിർത്തിവെച്ചിരിക്കുകയാണ്
5 ജിയിലേക്ക് മാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതിനാൽ ഇന്ത്യയിൽ നിന്ന് യു.എസിലേക്കുള്ള വിമാന സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യയും. ഇന്നുമുതൽ സർവീസുകൾ വെട്ടിക്കുറക്കുമെന്ന് എയർ ഇന്ത്യ ഔദ്യോഗിക ട്വിറ്റലൂടെ യാത്രക്കാരെ അറിയിച്ചു.ഡൽഹി എയർപോർട്ടിൽ നിന്നും സാൻ ഫ്രാൻസിസ്‌കോ, ചിക്കാഗോ, ജോൺ എഫ് കെന്നഡി എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകളും മുംബൈയിൽ നിന്ന് നെവാർക്കിലേക്കുള്ള വിമാനവും റദ്ദാക്കിയിട്ടുണ്ട്. ഇത് വാഷിംഗ്ടൺ ഡിസിയിലെ ഡുള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവീസ് തുടരുകയും ചെയ്യും. ബാക്കി വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും എയർ ഇന്ത്യ ട്വീറ്റ് ചെയ്തു. എയർ ഇന്ത്യക്ക് പുറമെ മറ്റ് പല പ്രമുഖ അന്താരാഷ്ട്ര എയർലൈനുകളും യുഎസിലേക്കുള്ള വിമാനങ്ങൾ പുനഃക്രമീകരിക്കുകയോ റദ്ദാക്കുകയോ ചെയ്തിട്ടുണ്ട്.
#FlyAI: Due to deployment of the 5G communications in USA,we will not be able to operate the following flights of 19th Jan'22:
— Air India (@airindiain) January 18, 2022
AI101/102 DEL/JFK/DEL
AI173/174 DEL/SFO/DEL
AI127/126 DEL/ORD/DEL
AI191/144 BOM/EWR/BOM
Please standby for further updates.https://t.co/Cue4oHChwx
ബോയിംഗ് 777 ന്റെ ലോകത്തിലെ ഏറ്റവും വലിയ ഓപ്പറേറ്ററായ ദുബായ് എമിറേറ്റ്സും ഇന്നുമുതൽ യു.എസിലേക്കുള്ള ഒമ്പത് വിമാനങ്ങൾ താൽക്കാലികമായി നിർത്തിവെയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ജപ്പാനിലെ രണ്ട് പ്രമുഖ എയർലൈനുകളായ ഓൾ നിപ്പോൺ എയർവേയ്സും ജപ്പാൻ എയർലൈൻസും മറ്റ് ഏഴ് വിമാനക്കമ്പനികളും ബോയിംഗ് 777 വിമാനങ്ങൾ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചു കഴിഞ്ഞു. അമേരിക്കയിലെ മൊബൈൽ ദാതാക്കളായ വെറൈസണും എ.ടി.ആന്റ് ടിയുമാണ് ഈ ആഴ്ച മുതൽ 5ജി കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്.
5ജിയെ വിമാനങ്ങൾ ഭയക്കുന്നതെന്തുകൊണ്ട്
5 ജിയുടെ തരംഗങ്ങൾ വിമാനങ്ങളിലെ നിർണായകമായ ഉപകരണങ്ങളെ തകരാറിലാക്കുമെന്നാണ് വ്യോമയേന രംഗത്തെ പ്രമുഖർ പറയുന്നത്. സി.ബാൻഡ് ആവൃത്തിയിലുള്ള തരംഗങ്ങളാണ് 5ജി നെറ്റ് വർക്കിന് വേണ്ടി ഉപയോഗിക്കുന്നത്. വിമാനങ്ങളിലും പറക്കുന്ന ഉയരം അളക്കുന്നതിനും ഇതിന് സമാനമായ റേഡിയോ തരംഗങ്ങളാണ് ഉപയോഗിക്കുന്നത്. 5ജിയുടെ തരംഗവും ഈ റേഡിയോ തരംഗവും സമാനമായതിനാൽ വിമാനത്തിലെ ഉപകരണങ്ങളെ ഉയരം അളക്കുന്നതിനെ തെറ്റിദ്ധരിപ്പിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും മോശം കാലാവസ്ഥയിൽ വിമാനങ്ങൾ അടിയന്തിരമായി ഇറക്കേണ്ടി വരുമ്പോൾ ഉയരം അറിയുന്നതിനെ തടസപ്പെടുത്തുമെന്നും ഇത് ഗുരുതരമായ സുരക്ഷ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) മുന്നറിയിപ്പ് നൽകിയിരുന്നു. ബോയിങ്ങ് 777 പോലുള്ള എയർലൈനുകളിൽ ഈ പ്രശ്‌നമുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടുണ്ട്.
കൂടാതെ 5 ജിയുടെ തരംഗങ്ങളുടെ സാന്നിധ്യം വിമാനത്തിന്റെ റേഡിയോ ആൾട്ടിമീറ്ററിലെ എഞ്ചിനും ബ്രേക്കിംഗ് സിസ്റ്റങ്ങളും ലാൻഡിംഗ് മോഡിലേക്ക് മാറുന്നത് തടയുമെന്ന് യുഎസ് ഏവിയേഷൻ റെഗുലേറ്റർ ജനുവരി 14 ന് മുന്നറിയിപ്പ് നൽകിയിരുന്നു.
അന്താരാഷ്ട്ര എയർലൈനുകൾ രജിസ്റ്റർ ചെയ്ത പ്രതിഷേധത്തെത്തുടർന്ന്, യുഎസ് ടെലികമ്മ്യൂണിക്കേഷൻ ഭീമന്മാർ ഇപ്പോൾ ചില വിമാനത്താവളങ്ങളിൽ 5ജി സേവനങ്ങൾ താൽക്കാലികമായി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ വിമാനത്താവളത്തിന് സമീപത്തെ 5ജി ടവറുകളുടെ ശേഷി കുറക്കാമെന്ന് മൊബൈൽ കമ്പനികൾ പറഞ്ഞിട്ടുണ്ടെന്നും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചിട്ടുണ്ട്. എന്നാൽ യാത്രക്കാരുടെ സുരക്ഷയെ കൂടി ബാധിക്കുന്ന കാര്യമായതിനാൽ റിസ്‌ക് എടുക്കാൻ തയ്യാറല്ല എന്ന നിലാപാടിലാണ് വിമാനകമ്പനികൾ. സർവീസുകൾ മുടങ്ങുന്നതിലൂടെ ലക്ഷക്കണക്കിന് യാത്രക്കാരെയാണ് ഇത് ബാധിക്കുന്നത്.