വ്യോമാക്രമണം ഇരട്ടിയാകും; കരയുദ്ധം ഉചിത സമയത്തെന്ന് ഇസ്രായേൽ
|വ്യോമാക്രമണം കൂടുതൽ കടുപ്പിക്കാൻ ഇസ്രായേൽ സൈന്യം തീരുമാനിച്ചതോടെ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചു
കുവൈത്ത് സിറ്റി: വ്യോമാക്രമണം കൂടുതൽ കടുപ്പിക്കാൻ ഇസ്രായേൽ സൈന്യം തീരുമാനിച്ചതോടെ കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചു. ഇന്നലെ മാത്രം 250ന് മുകളിലാണ് മരണം. അടിയന്തര വെടിനിർത്തലും ഗസ്സയിലേക്ക് ഇന്ധനം കൈമാറണമെന്ന നിർദേശവും ഇസ്രായേൽ തള്ളി. ലബനാൻ, ഇസ്രായേൽ അതിർത്തിയിലും സംഘർഷം മൂർഛിച്ചു
വ്യോമാക്രമണം ഇരട്ടിയായി വർധിപ്പിക്കാനാണ് തീരുമാനമെന്ന് ഇസ്രായേൽ സൈനിക വക്താവ് വെളിപ്പെടുത്തി. കരയുദ്ധം ആരംഭിക്കാൻ അനുയോജ്യ സമയം കാത്തിരിക്കുകയാണെന്നും ഹമാസിന്റെ പ്രതിരോധം മറികടന്ന് വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. വ്യാപക ആക്രമണവും ഉപരോധവും ഗസ്സയിലെ മാനുഷിക പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ്. ഇന്നലെ റഫ അതിർത്തി മുഖേന 20 ട്രക്കുകൾ എത്തിയെങ്കിലും ഉൽപന്നങ്ങൾ ഒട്ടും പര്യാപ്തമല്ലെന്ന് ലോകാരോഗ്യ സംഘടനയും യൂനിസെഫും അറിയിച്ചു.
ഇന്ധനം തീർന്നത് ആശുപത്രികളുടെ പ്രവർത്തനത്തെയും ബാധിച്ചു. ഇൻകുബേറ്ററിലുള്ള 130 കുട്ടികൾ മരണം കാത്തുകഴിയുന്നതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഗസ്സയിലേക്ക് ഇന്ധനം നൽകില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കുന്നു.
തുർക്കി, ഖത്തർ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ നയതന്ത്ര നീക്കം ഊർജിതമാക്കിയെങ്കിലും ഇസ്രായേലും അമേരിക്കയും വഴങ്ങുന്ന ലക്ഷണമില്ല. ഖത്തർ നേതാക്കളുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഫോണിൽ സംസാരിച്ചു. തുർക്കി പ്രസിഡന്റ് ഉർദുഗാൻ, ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യയുമായും ചർച്ച നടത്തി. മാനുഷിക പരിഗണന മുൻനിർത്തി ബന്ദികളിൽ രണ്ട് വനിതകളെ കൂടി നിരുപാധികം വിട്ടയക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും അവരെ ഏറ്റെടുക്കാൻ ഇസ്രായേൽ വിമുഖത കാണിച്ചതായി ഹമാസ് വക്താവ് കുറ്റപ്പെടുത്തി.
ബന്ദികളായ എല്ലാവരെയും സുരക്ഷിതമായി എത്തിക്കുമെന്ന് പറയാനാകില്ലെന്നും എന്നാൽ ഹമാസിന്റെ തോൽവി ഉറപ്പാണെന്നും ഇസ്രായേൽ സൈനിക വക്താവ് വ്യക്തമാക്കി. യുക്രയിൻ, ഇസ്രായേൽ ജയം അമേരിക്കൻ സുരക്ഷക്ക് അതിപ്രധാനമെന്ന് പ്രസിഡന്റ് ബൈഡൻ പറഞ്ഞു. ലബനാനിൽ യുദ്ധമുഖം തുറക്കുന്നതിൽ ആശങ്കയുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ ലബനാൻ പ്രധാനമന്ത്രിയെ ഫോണിൽ അറിയിച്ചു.