World
us food airdrop gaza
World

ഗസ്സയിൽ വിമാനത്തിൽനിന്ന് ഭക്ഷണ വിതരണം; അമേരിക്കയുടെ ബലഹീനതയുടെ തെളിവെന്ന് വിമർശനം

Web Desk
|
3 March 2024 6:14 AM GMT

യുദ്ധം നിർത്താൻ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും നാമമാത്രമായ ഭക്ഷണ വിതരണം പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നുമാണ് വിമർശനം

ഗസ്സയിൽ ഭക്ഷണങ്ങൾ എയർ ഡ്രോപ്പ് ചെയ്ത് അമേരിക്കയുടെ മിലിറ്ററി കാർഗോ വിമാനങ്ങൾ. ജോർദാൻ വ്യോമസേനയുടെ സഹായത്തോടെയായിരുന്നു മാനുഷിക സഹായം ആകാശത്തുനിന്ന് എത്തിച്ചത്.

സംഘർഷം കാരണം ദുരിതമനുഭവിക്കുന്ന സാധാരണക്കാർക്ക് ആവശ്യമായ ആശ്വാസം നൽകുകയാണ് ലക്ഷ്യമെന്ന് യു.എസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, അമേരിക്കയുടെ പ്രവർത്തിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. യുദ്ധം നിർത്താൻ സമ്മർദ്ദം ചെലുത്തുകയാണ് വേണ്ടതെന്നും നാമമാത്രമായ ഭക്ഷണ വിതരണം പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നും വിമർശനം ഉയരുന്നു.

അമേരിക്കയുടെ സി-130 വിമാനങ്ങൾ ഗസ്സയുടെ തീ​രപ്രദേശത്ത് 38,000ത്തിലധികം പാക്കറ്റ് ഭക്ഷണമാണ് എത്തിച്ചത്. കഴിഞ്ഞദിവസം വടക്കൻ ഗസ്സയിൽ ഭക്ഷണത്തിന് കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രായേൽ ആക്രമണം അഴിച്ചുവിടുകയും 116 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗസ്സയിൽ എയർ ഡ്രോപ്പ് വഴി സഹായം എത്തിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചിരുന്നു.

ജോർദാനുമായി സഹകരിച്ച് അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഒന്നിലധികം എയർഡ്രോപ്പുകൾ അമേരിക്ക നടത്തുമെന്ന് യു.എസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി വ്യക്തമാക്കിയിട്ടുണ്ട്. നിശ്ചിത സ്ഥലങ്ങളിലേക്ക് ട്രക്കുകളേക്കാൾ വേഗത്തിൽ വിമാനങ്ങൾക്ക് സഹയാം എത്തിക്കാൻ കഴിയുമെന്നതിനാൽ എയർഡ്രോപ്പാണ് കൂടുതൽ ഫലപ്രദം. അതേസമയം, എയർഡ്രോപ്പുകൾക്ക് പരിധിയുണ്ടെന്നും ഭൂമിയിലൂടെ നൽകുന്ന അത്രയും എണ്ണം എത്തിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൈപ്രസിൽനിന്ന് കടൽ മാർഗവും സഹായം എത്തിക്കാൻ അമേരിക്ക ശ്രമിക്കുന്നുണ്ട്.

ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിലേക്ക് ഭക്ഷണം, വെള്ളം, മരുന്ന്, മറ്റു അവശ്യ വസ്തുക്കൾ എന്നിവ എത്തിക്കുന്നതിൽ കടുത്ത നിയന്ത്രണമാണ് ഇസ്രായേൽ കൊണ്ടുവന്നിട്ടുള്ളത്. റഫ, ഇസ്രായേലിന്റെ കരേം അബുസലേം ​അതിർത്തികൾ വഴി ഈജിപ്തിൽനിന്ന് ചെറിയ രീതിയിലുള്ള സഹായം മാത്രമാണ് അനുവദിക്കുന്നത്. ഇത് ഗസ്സയുടെ ആവശ്യത്തിന്റെ കുറഞ്ഞ ശതമാനം മാത്രമാണ്. ഇതിനാൽ തന്നെ 15 ലക്ഷ​ത്തോളം ജനങ്ങൾ ​വലിയ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്.

അതേസമയം, അമേരിക്കയുടെ സഹായ വിതരണം കാര്യക്ഷമമല്ലെന്നും പബ്ലിക് റിലേഷന്റെ ഭാഗമാണെന്നുമുള്ള വിമർശനം വലിയരീതിയിൽ ഉയരുന്നുണ്ട്. ഒരു ഭാഗത്ത് ഇസ്രായേലിന് ആയുധവും മറ്റും നൽകി ആസൂത്രിത വംശഹത്യക്ക് കൂട്ടുനിൽക്കുകയും മറുഭാഗത്ത് ചെറിയ രീതിയിൽ ഭക്ഷണം വിതരണം ചെയ്ത് ഇരകൾക്കൊപ്പമാണ് തങ്ങളെന്ന് സഹതപിക്കുകയും ചെയ്യുകയാണ് പ്രസിഡന്റ് ജോ ബൈഡൻ.

എയർഡ്രോപ്പുകൾ പ്രതീകാത്മകവും ആഭ്യന്തര അടിത്തറയെ തൃപ്തിപ്പെടുത്തുന്ന രീതിയിലുമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് വെസ്റ്റ് ബാങ്കിലെ മുൻ യു.എസ്.എ.ഐ.ഡി ഡയറക്ടർ ഡേവ് ഹാർഡൻ പറഞ്ഞു. ശരിക്കും സംഭവിക്കേണ്ടത് അതിർത്തികൾ തുറക്കലും കൂടുതൽ ട്രക്കുകളെ ഗസ്സയിലേക്ക് പ്രവേശിപ്പിക്കലുമാണ്. അമേരിക്ക ദുർബലമാണെന്ന് ഞാൻ കരുതുന്നു. അത് തന്നെ ശരിക്കും നിരാശപ്പെടുത്തുകയാണെന്നും ഹാർഡൻ കൂട്ടിച്ചേർത്തു.

കൂടുതൽ സഹായം എത്തിക്കുന്നതിന് ഇസ്രായേലിനെ നിർബന്ധിപ്പിക്കാൻ യു.എസിന് കഴിവുണ്ട്. അത് ചെയ്യാതിരിക്കുന്നതിലൂടെ തങ്ങളുടെ വസ്തുക്കളെയും ആളുകളെയും അപകടത്തിലാക്കുകയും ഗസ്സയിൽ കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയുമാണെന്നും ഹാർഡൻ വ്യക്തമാക്കി.

സഹായം എത്തിക്കാനായി ഗസ്സയിലേക്കുള്ള എല്ലാ അതിർത്തികളും ഇസ്രായേൽ തുറക്കുന്നുവെന്ന് ഉറപ്പാക്കാൻ യു.എസും യു.കെയും മറ്റുള്ളവരും പ്രവർത്തിക്കണമെന്ന് യു.കെ ആസ്ഥാനമായുള്ള ചാരിറ്റി മെഡിക്കൽ എയ്ഡ് ഫോർ ഫലസ്തീൻ വ്യക്തമാക്കി.

ബൈഡൻ ഭരണകൂടത്തിന്റെ ഈ പ്രവർത്തനങ്ങളെ ദാരി​ദ്ര്യ നിർമാർജനത്തിനായി പ്രവർത്തിക്കുന്ന ബ്രിട്ടൻ ആസ്ഥാനമായുള്ള എൻ.ജി.ഒ ഓക്സഫാമും എതിർത്തു. യു.എസ് ഉദ്യോഗസ്ഥരുടെ മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനുള്ള ശ്രമം മാത്രമാണിത്. ഗസ്സയിലെ ജനങ്ങളെ പൂർണമായും നാശത്തിന്റെ വക്കിലേക്ക് തള്ളിയിരിക്കുന്നു. എന്നിട്ട് ചെറിയ രീതിയിൽ അവരെ സഹായിക്കുന്നത് ഫലസ്തീനികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഓക്സ്ഫാം പ്രതിനിധി സ്കോട്ട് പോൾ എക്സിൽ കുറിച്ചു.

ഗസ്സയിലെ യു.എസ് എയർഡ്രോപ്പുകളെ ഓക്സ്ഫാം പിന്തുണക്കുന്നില്ല. ഗസ്സയിൽ നടക്കുന്ന ക്രൂരതകൾക്കും പട്ടിണിയുടെ അപകടസാധ്യതകൾക്കും കാരണമാകുന്ന നയങ്ങൾ സ്വീകരിക്കുന്ന മുതിർന്ന യു.എസ് ഉദ്യോഗസ്ഥരുടെ കുറ്റബോധത്തിൽനിന്നാണ് ഇത്തരം പ്രവർത്തനങ്ങൾ ഉണ്ടാകുന്നതെന്നും സ്കോട്ട് പോൾ വ്യക്തമാക്കി. ഫലസ്തീനികൾക്കുള്ള സഹായം ഉറപ്പാക്കാൻ കഴിയാത്ത ദുർബല രാഷ്ട്രമായി അമേരിക്ക മാറിയെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.

മാനുഷിക സഹായം വഹിച്ചുള്ള ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിക്കാൻ ഇസ്രായേലിൻമേൽ ​അന്താരാഷ്ട്ര സമൂഹം വേണ്ടത്ര സമ്മർദ്ദം ചെലുത്തുന്നില്ലെന്ന് ദോഹയിലെ ഗൾഫ് സ്റ്റഡി സെന്റർ ഡയറക്ടർ മഹ്‌ജൂബ് സ്വെയിരി പറഞ്ഞു. എന്തുകൊണ്ട് കരേം അബു സലേം വഴി ഭക്ഷണം അയച്ചുകൂടാ. അതിർത്തികളിൽ 2000 ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിക്കാൻ കാത്തുനിൽക്കുന്നു. ഭക്ഷണവും മരുന്നുകളുമെല്ലാം കാലഹരണപ്പെട്ട് കുമിഞ്ഞുകൂടിയതായും അദ്ദേഹം പറഞ്ഞു.

എയർഡ്രോപ്പ് വഴി സഹായം നൽകാനുള്ള തീരുമാനം അമേരിക്കയുടെ കാര്യക്ഷമതയില്ലായ്മയുടെ സൂചനയാണെന്ന് കൗൺസിൽ ഫോർ അറബ്-ബ്രിട്ടീഷ് അണ്ടർസ്റ്റാൻഡിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസ് ഡോയൽ വ്യക്തമാക്കി. എയർ ഡ്രോപ്പുകൾ അപകടകരവും നാമമാത്രവുമാണ്. കരയിലൂടെ ഗസ്സയിലേക്ക് സഹായം അനുവദിക്കാൻ ഇസ്രായേലിനെ പ്രേരിപ്പിക്കാൻ കഴിയാത്തതിനാലാണ് അമേരിക്ക ഇപ്രകാരം ചെയ്യുന്നത്. ഇത് ബലഹീനതയുടെ ആത്യന്തിക അടയാളമാണ്. ഇസ്രായേലിനെതിരെ നിലകൊള്ളാൻ അമേരിക്ക തയാറല്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ക്രിസ് ഡോയൽ ചൂണ്ടിക്കാട്ടി.

Similar Posts