World
Airlines cancel Lebanon and Israel services
World

മിഡിൽ ഈസ്റ്റിൽ സം​ഘർ‌ഷം കനക്കുന്നു; ലബനാൻ, ഇസ്രായേൽ സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ

Web Desk
|
24 Sep 2024 1:58 PM GMT

എയർ‌ ഇന്ത്യ ഉൾപ്പെടെ 12 കമ്പനികൾ ബെയ്റൂത്തിലേക്കുള്ള സർവീസ് നിർത്തലാക്കി

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ സം​ഘർഷം കനക്കുന്ന സാഹചര്യത്തിൽ ലബനാൻ, ഇസ്രായേൽ സർവീസുകൾ റദ്ദാക്കി വിമാനക്കമ്പനികൾ. എയർ‌ ഇന്ത്യ ഉൾപ്പെടെ 12 കമ്പനികൾ ബെയ്റൂത്തിലേക്കുള്ള സർവീസ് നിർത്തലാക്കി. ഖത്തർ എയർവേയ്സ്, എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ​ദുബൈ അടക്കമുള്ളവയും സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ തെൽ അവീവിലേക്കുള്ള സർവീസ് നിർത്തിവെച്ചു. ലുഫ്ത്താൻസ എയർലൈൻസും തെൽ അവീവ്, തെഹ്റാൻ സർവീസുകൾ നിർത്തിവെച്ചു.

അതേസമയം, ബെയ്റൂത്തിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടു. രണ്ട് യുഎൻഎച്ച്സിആർ ഉദ്യാഗസ്ഥരും കൊല്ലപ്പെട്ടു. തെക്കൻ ലെബനാനിലെ ടൈർ നഗരത്തിൽനിന്നടക്കം നിരവധിയാളുകളാണ് പരിഭ്രാന്തിയോടെ തങ്ങളുടെ വീടുകൾ വിട്ട് രക്ഷപെടുന്നതെന്ന് മാധ്യമപ്രവർത്തകർ പറയുന്നു.

ഇസ്രായേൽ ആക്രമണവും ഹിസ്ബുല്ലയുടെ പ്രത്യാക്രമണവും ശക്തമാവുകയും മിഡിൽ ഈസ്റ്റിൽ പുതിയ യുദ്ധഭീതി ഉയരുകയും ചെയ്ത സാഹചര്യത്തിൽ ലബനാൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി ഐക്യരാഷ്ട്രസഭാ ആസ്ഥാനമായ ന്യൂയോർക്കിലേക്ക് തിരിച്ചു. നിലവിലുള്ള സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് യാത്ര. ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകളിലും മറ്റ് കെട്ടിടങ്ങളിലും 89 താൽക്കാലിക ഷെൽറ്ററുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ലബനീസ് മന്ത്രി നാസർ യാസിൻ റോയിട്ടേഴ്സിനോട് പറഞ്ഞു.

ഇസ്രായേൽ ആക്രമണത്തിൽ ലബനാനിൽ ഇതുവരെ 558 പേർ കൊല്ലപ്പെട്ടു. 1835 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ 50 കുട്ടികളും 94 സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.

Similar Posts