ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തി 2022ൽ നേടിയത് 126.61 കോടി
|അതിസമ്പന്നയായ അക്ഷതക്ക് അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനെക്കാൾ സമ്പത്തുണ്ടെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനകിനെ തെരഞ്ഞെടുത്തതോടെ വീണ്ടും വാർത്തകളിൽ നിറയുകയാണ് അദ്ദേഹത്തിന്റെ ഭാര്യ അക്ഷത മൂർത്തി. അതിസമ്പന്നയായ അക്ഷതക്ക് അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിനെക്കാൾ സമ്പത്തുണ്ടെന്ന വാർത്ത അടുത്തിടെയാണ് പുറത്തുവന്നത്. ഇപ്പോഴിതാ അക്ഷതയുടെ സമ്പത്തുമായി ബന്ധപ്പെട്ടൊരു സംഭവം കൂടി വാർത്തകളിൽ നിറയുന്നു.
ബഹുരാഷ്ട്രകമ്പനിയായ ഇൻഫോസിസ് അക്ഷിതക്ക് 2022ൽ ലാഭവിഹിതമായി നൽകിയത് 126.61 കോടിയാണ്. ഇൻഫോസിസിന്റെ സഹസ്ഥാപകരായ നാരായണ മൂർത്തിയുടെയും സുധ മൂർത്തിയുടെയും മകളാണ് അക്ഷത മൂർത്തി. ഇന്‍ഫോസിസില്‍ അക്ഷതയ്ക്ക് സെപ്റ്റംബര്‍ അവസാനത്തില്‍ 3.89 കോടി ഓഹരികള്‍ (0.93 ശതമാനം ഓഹരികള്‍) ആണുള്ളത്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ചൊവ്വാഴ്ചത്തെ ട്രേഡിംഗ് വിലയായ 1,527.40 രൂപ വെച്ച് കണക്കാക്കുമ്പോള്‍ ഏകദേശം 5,956 കോടി രൂപയാണ് അക്ഷതയുടെ ഓഹരിയുടെ മൂല്യം. ഈ വര്‍ഷം മെയ് 31ന് ഇന്‍ഫോസിസ് ഒരു ഓഹരിക്ക് 16 രൂപ വീതമാണ് ലാഭവിഹിതം നല്‍കിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഓഹരിയൊന്നിന് 16.5 രൂപയുടെ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ലാഭവിഹിതവും ചേര്‍ത്ത് ഒരു ഓഹരിക്ക് 36.5 രൂപ നിരക്കില്‍ 126.61 കോടി രൂപ അക്ഷതക്ക് ലാഭവിഹിതമായി ലഭിക്കും.
ഓഹരി ഉടമകള്‍ക്ക് ഇന്ത്യയിലെ ഏറ്റവും മികച്ച ലാഭവിഹിതം നല്‍കുന്ന കമ്പനികളില്‍ ഒന്നാണ് ഇന്‍ഫോസിസ്. അതേസമയം അക്ഷത ഇപ്പോഴും ഇന്ത്യൻ പൗരയാണ്. എന്നാല്‍ ഋഷി സുനക് ഇന്ത്യൻ വംശജനാണ്. പൗരന്മാരല്ലാത്തവർക്ക് വിദേശത്ത് നിന്നുള്ള വരുമാനത്തിന് നികുതി നൽകേണ്ടതില്ലെന്നാണ് ബ്രിട്ടനിലെ നിയമം. ഋഷി സുനക് ബ്രിട്ടനില്‍ ധനമന്ത്രിയായിരിക്കെ ഇക്കാര്യം വിവാദമായിരുന്നു. എന്നാല്‍ എല്ലാ വരുമാനങ്ങൾക്കും ബ്രിട്ടണിൽ നികുതിയടക്കുമെന്ന് അക്ഷത പറഞ്ഞതായി നേരത്തെ റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തിരുന്നു.
2021-ലെ സൺഡേ ടൈംസിന്റെ സമ്പന്നരുടെ പട്ടിക അനുസരിച്ചായിരുന്നു അക്ഷത, എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നയായത്. ലണ്ടനിലെ കെൻസിംഗ്ടണിൽ ഏഴ് മില്യൺ പൗണ്ടിന്റെ അഞ്ച് കിടപ്പുമുറികളോട് കൂടിയ വീടും കാലിഫോർണിയയിലെ സാന്താ മോണിക്കയിലുള്ള ഒരു ഫ്‌ളാറ്റും ഉൾപ്പെടെ കുറഞ്ഞത് നാല് വസ്തുവകകൾ അക്ഷതയും ഋഷി സുനക്കും സ്വന്തമാക്കിയിട്ടുണ്ട്.