World
മസ്​ജിദുൽ അഖ്​സയിൽ വിശ്വാസികള്‍ക്കു നേരെ ഇസ്രായേൽ സേനയുടെ ആക്രമണം
World

മസ്​ജിദുൽ അഖ്​സയിൽ വിശ്വാസികള്‍ക്കു നേരെ ഇസ്രായേൽ സേനയുടെ ആക്രമണം

Web Desk
|
8 May 2021 5:12 AM GMT

205 പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരം

മസ്​ജിദുൽ അഖ്​സയിൽ വിശ്വാസികള്‍ക്കു നേരെ ഇസ്രായേൽ സേനയുടെ അതിക്രമം. സേനയുടെ അതിക്രമത്തില്‍ 205 പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ 88 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഫലസ്തീനിയന്‍ റെഡ് ക്രെസന്‍റ് പറയുന്നു.

ജറൂസലേമിൽ നിന്ന്​ ഫലസ്​തീനികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘടിച്ചവർക്കു നേരെയാണ്​ മസ്​ജിദിനകത്തും പുറത്തും ഇസ്രായേൽ സൈന്യത്തിന്‍റെ അതിക്രമമുണ്ടായത്. റമദാനിലെ അവസാന വെള്ളിയാഴ്ച രാത്രിയിലായിരുന്നു നൂറുകണക്കിന്​ ഫലസ്​തീനികൾ സംഘടിച്ചത്​. ഇവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ടിയര്‍ ഗ്യാസും, ഗ്രനേഡും, ബുള്ളറ്റും ഉപയോഗിച്ചായിരുന്നു അക്രമം. പലര്‍ക്കും പരിക്കേറ്റത് കണ്ണിനും തലയ്ക്കുമാണെന്ന് റെഡ് ക്രെസന്‍റ് പറയുന്നു. ആറ് ഇസ്രായേലി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഇസ്രായേലി പോലീസ് പറയുന്നത്.

വെള്ളിയാഴ്ച പ്രാർഥനക്കായി പതിനായിരക്കണക്കിന്​ ഫലസ്​തീനികൾ സംഘടിച്ചിരുന്നു. നമസ്​കാരം കഴിഞ്ഞ് ജർറാഹിലെ താമസക്കാർക്ക്​ ഐക്യദാർഢ്യവുമായി ഇവർ മസ്​ജിദ്​ പരിസരത്തുതന്നെ ഉണ്ടായിരുന്നു​. നോമ്പുതുറക്കു ശേഷമാണ്​ സൈന്യം അതിക്രമം ആരംഭിച്ചത്​. പുറത്താക്കൽ ഭീഷണി നിലനിൽക്കുന്ന വീടുകൾക്ക്​ കാവലൊരുക്കിയാണ്​ ഫലസ്​തീനികൾ സംഘടിച്ചിരുന്നത്​.

ജറൂസലമിൽ മസ്​ജിദുൽ അഖ്​സയോടുചേർന്ന ശൈഖ്​ ജർറാഹ്​ പ്രദേശത്ത്​ ഫലസ്​തീനികളെ ജൂത കുടിയേറ്റത്തിനായി ഒഴിപ്പിക്കാനുള്ള ശ്രമമാണ്​ സംഘർഷങ്ങളിൽ കലാശിച്ചത്​. ജറൂസലമിലും വെസ്റ്റ്​ ബാങ്കിലും വ്യാപക പ്രതിഷേധവുമായി ഫലസ്​തീനികൾ തെരുവിലാണ്​.

ശൈഖ്​ ജർറാഹ്​ കുടിയൊഴിപ്പിക്കൽ കേസ്​ ഇസ്രായേൽ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് ഇസ്രായേലി സൈന്യത്തിന്‍റെ അതിക്രമം.

WATCH: Palestinians praying near one of the gates of #AlAqsa compound were attacked by Israeli soldiers with sound grenades.

Similar Posts