ഗസ്സയിൽ അൽജസീറ ജേണലിസ്റ്റും കാമറാമാനും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു; 10 മാസത്തിനിടെ വധിച്ചത് 111 പേരെ
|കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ ഗസ്സയിലെ വീടിന് സമീപത്തു നിന്നുള്ള റിപ്പോർട്ടിങ്ങിന് പോയതായിരുന്നു ഇരുവരും.
ഗസ്സ: ഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിനു പിന്നാലെ ഗസ്സയിൽ മാധ്യമപ്രവർത്തകരെയും വധിച്ച് ഇസ്രായേൽ. അൽജസീറ അറബിക് ജേണലിസ്റ്റ് ഇസ്മാഈൽ അൽ ഗൗൽ, കാമറാമാൻ റാമി അൽ റഫീ എന്നിവരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വെസ്റ്റ് ഗസ്സ സിറ്റിയിലെ ഷാതി അഭയാർഥി ക്യാമ്പിൽ ബുധനാഴ്ച നടന്ന ആക്രമണത്തിലാണ് രണ്ട് മാധ്യമപ്രവർത്തകർക്കു കൂടി ജീവൻ നഷ്ടമായത്. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുടെ ഗസ്സയിലെ വീടിന് സമീപത്തു നിന്നുള്ള റിപ്പോർട്ടിങ്ങിന് പോയതായിരുന്നു ഇരുവരും. റിപ്പോർട്ടിങ്ങിനിടെ ഇസ്രായേൽ ആക്രമണം ഉണ്ടാവുകയായിരുന്നു.
'ഗസ്സയിലെ നിരപരാധികളായ ജനങ്ങൾക്കുനേരെ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലകളെയും കുടിയിറക്കപ്പെട്ട ഫലസ്തീനികളുടെ കഷ്ടപ്പാടുകളെയും മുറിവേറ്റവരുടെ പ്രയാസങ്ങളേയും കുറിച്ച് ലോകത്തെ അറിയിക്കുകയായിരുന്നു ഇസ്മായിൽ'- എന്ന് അൽ ജസീറയുടെ ഗസ്സയിലെ മറ്റൊരു ജേണലിസ്റ്റായ അനസ് അൽ ഷെരീഫ് പറഞ്ഞു.
ഇതാദ്യമായല്ല, അൽ ജസീറ ജേണലിസ്റ്റുകൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ജനുവരിയിൽ ഗസ്സയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ജസീറ ഗസ്സ ബ്യൂറോ ചീഫ് വാഇൽ ദഹ്ദൂഹിന്റെ മകൻ ഉൾപ്പെടെ രണ്ട് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. മകൻ ഹംസ അൽദഹ്‌ദൂഹും സഹപ്രവർത്തകനായ എ.എഫ്.പിയുടെ വീഡിയോ സ്‌ട്രിങ്ങർ മുസ്തഫ തുറയയും ആണ് കൊല്ലപ്പെട്ടത്. ഖാൻ യൂനിസിനും റഫയ്‌ക്കും ഇടയിലുള്ള ഒരു ജനവാസ മേഖലയിലായിരുന്നു ആക്രമണം. അൽ ജസീറയിൽ പ്രൊഡ്യൂസറായും വീഡിയോഗ്രാഫറായും ഹംസ പ്രവർത്തിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.
അതിനു മുമ്പ്, 2023 ഡിസംബറിൽ ഖാന്‍ യൂനിസില്‍ അല്‍ ജസീറ ക്യാമറാമാന്‍ സമീര്‍ അബുദാഖയെ ഇസ്രായേല്‍ സൈന്യം വധിച്ചിരുന്നു. ആക്രമണത്തില്‍ വാഇൽ ദഹ്ദൂഹിന് പരിക്കേറ്റിരുന്നു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള സ്‌കൂളിന് നേരെയുണ്ടായ ബോംബാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇരുവരും. ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം അബുദാഖ രക്തം വാര്‍ന്നുകിടന്നു. പരിക്കേറ്റു കിടന്ന ക്യാമറാമാനെ ശുശ്രൂഷിക്കുന്നതില്‍ നിന്നും മെഡിക്കല്‍ സംഘത്തെ ഇസ്രായേല്‍ സൈന്യം തടഞ്ഞതായും ആരോപണമുയർന്നിരുന്നു.
കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സിന്റെ കണക്കുകൾ പ്രകാരം, ഒക്ടോബർ ഏഴിന് ശേഷം ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 111 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. വ്യോമാക്രമണം, ആശയവിനിമയം തടസപ്പെടുത്തൽ, വൈദ്യുതി ക്ഷാമം, വൈദ്യുതി മുടക്കം എന്നിവയുൾപ്പെടെ നിരവധി പ്രതിസന്ധികളും അപകടസാധ്യതകളുമാണ് ഗസ്സയിൽ ഇസ്രായേലി ആക്രമണം റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ മാധ്യമപ്രവർത്തകർ അഭിമുഖീകരിക്കുന്നതെന്ന് കമ്മിറ്റി പറയുന്നു.
'ഗസ്സയിൽ യുദ്ധം ആരംഭിച്ചതു മുതൽ, മാധ്യമപ്രവർത്തകർ അവരുടെ റിപ്പോർട്ടിങ്ങിനായി വലിയ വിലയാണ് നൽകുന്നത്. സുരക്ഷ, ആവശ്യമായ ഉപകരണങ്ങൾ, അന്താരാഷ്‌ട്ര ശ്രദ്ധ, ആശയവിനിമയ മാർഗങ്ങൾ, ഭക്ഷണം, വെള്ളം ഇവയൊന്നുമില്ലാതെ അവർ ഇപ്പോഴും ലോകത്തോട് സത്യം പറയാനായി ജീവൻ പണയംവച്ചും ജോലി ചെയ്യുകയാണ്. ഓരോ തവണയും ഒരു പത്രപ്രവർത്തകൻ കൊല്ലപ്പെടുമ്പോഴോ പരിക്കേൽക്കുമ്പോഴോ അറസ്റ്റ് ചെയ്യപ്പെടുമ്പോഴോ പുറത്തുപോകാൻ നിർബന്ധിതനാകുമ്പോഴോ നമുക്ക് സത്യത്തിൻ്റെ ശകലങ്ങൾ നഷ്ടപ്പെടും. ഈ കെടുതികൾക്ക് കാരണക്കാരായവർ രണ്ട് തരം വിചാരണ നേരിടണം: ഒന്ന് അന്താരാഷ്‌ട്ര നിയമത്തിന് കീഴിലും മറ്റൊന്ന് ഒരിക്കലും പൊറുക്കാത്ത ചരിത്രത്തിൻ്റെ നോട്ടത്തിന് മുന്നിലും'- സി.പി.ജെ പ്രോഗ്രാം ഡയറക്ടർ കാർലോസ് മാർട്ടിനെസ് ഡി ലാ സെർന പറഞ്ഞു.
ഗസ്സയിൽ 111 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതുകൂടാതെ, 32 പേർക്ക് ഇതുവരെ പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരെ കാണാതാവുകയും 52 പേർ അറസ്റ്റിലാവുകയും ചെയ്തു. ഇതു കൂടാതെ നിരവധി മാധ്യമപ്രവർത്തകർ ആക്രമണം, ഭീഷണി, സൈബർ ആക്രമണം, കുടുംബാംഗങ്ങളുടെ മരണം എന്നിവയ്ക്ക് ഇരകളായിട്ടുണ്ടെന്നും സി.പി.ജെയുടെ കണക്കുകൾ വിശദീകരിക്കുന്നു. അത്തരത്തിൽ കുടുംബത്തെ നഷ്ടപ്പെട്ടവരിൽ ഒരാളാണ് വാഇൽ ദഹ്ദൂഹ്.
കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേൽ ആക്രമണത്തിൽ വാഇൽ ദഹ്ദൂഹിന്റെ ഭാര്യയടക്കം കൊല്ലപ്പെട്ടിരുന്നു. ഭാര്യ ഉമ്മു ഹംസ, 15കാരനായ മകൻ മഹ്മൂദ്, ഏഴു വയസുള്ള മകൾ ഷാം, പേരമകൻ ആദം എന്നിവരാണ് കൊല്ലപ്പെട്ടത്. അന്ന് ഗസ്സയിലെ നുസൈറാത്ത് അഭയാർഥി ക്യാംപിലായിരുന്നു ഇസ്രായേൽ ആക്രമണം. പ്രദേശത്തിന്റെ വടക്കന്‍ പകുതിയിലുള്ളവരോട് ഉടന്‍ തന്നെ അവിടെനിന്നും മാറണം എന്ന മുന്നറിയിപ്പ് ലഭിച്ചതിനാലാണ് ഇവര്‍ മധ്യ ഗസ്സയിലെ നുസൈറത്ത് ക്യാമ്പിലേക്ക് പലായനം ചെയ്തത്. എന്നാൽ അവിടെയും ഇസ്രായേൽ ബോംബിടുകയായിരുന്നു. ഗസ്സയിൽ പത്ത് മാസത്തിലേക്ക് അടുക്കുന്ന ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 39,445 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ ബഹുഭൂരിപക്ഷവും കുട്ടികളും സ്ത്രീകളുമാണ്.
Read Alsoഹമാസ് തലവൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടു