World
അൽ ജസീറ മാധ്യമ പ്രവർത്തക ഷിറിൻ അബൂ ആഖിലയുടെ കൊലപാതകം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ലോകരാജ്യങ്ങൾ
World

അൽ ജസീറ മാധ്യമ പ്രവർത്തക ഷിറിൻ അബൂ ആഖിലയുടെ കൊലപാതകം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ലോകരാജ്യങ്ങൾ

Web Desk
|
12 May 2022 2:12 AM GMT

കിഴക്കൻ ജറൂസലേമിൽ നിന്ന് ഫലസ്തീനികളെ പുറന്തളളാനുള്ള ഇസ്രായേൽ ക്രൂരത നിരന്തരമായി ലോകത്തെ അറിയിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവർത്തക കൂടിയാണ് ഷിറിൻ അബൂ ആഖില

അൽജസീറ മാധ്യമ പ്രവർത്തക ഷിറിൻ അബൂ ആഖിലയെ കൊലപ്പെടുത്തിയ ഇസ്രായേൽ പ്രതിരോധത്തിൽ. അമേരിക്ക ഉൾപ്പെടെ ലോക രാജ്യങ്ങൾ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആംനസ്റ്റി ഇൻറർനാഷനലും ആവശ്യപ്പെട്ടു.

ദീർഘകാലമായി ഫലസ്തീൻ ജനതയുടെ നോവുകൾ ലോകസമൂഹത്തിന് മുന്നിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമ പ്രവർത്തകയാണ് ഷീറിൻ അബൂ ആഖില. വെസ്റ്റ് ബാങ്കിലെ ജെനിൻ പട്ടണത്തിൽ ഇന്നലെ കാലത്താണ് ഷിറിൻ കൊല്ലപ്പെട്ടത്. ഇസ്രായേൽ സൈന്യം വെറും 150 മീറ്റർ അകലെ വെച്ചാണ് ഷിറിനു നേരെ വെടിയുതിർത്തതെന്ന് തെളിഞ്ഞിട്ടുണ്ട്. അൽജസീറ മാധ്യമ സംഘത്തെ ലക്ഷ്യമിട്ട് തികച്ചും ആസൂത്രിത വെടിവെപ്പാണുണ്ടായതെന്ന തെളിവുകൾ പുറത്തു വന്നതോടെ ഇസ്രായേൽ പ്രതിക്കൂട്ടിലാണ്. സംഭവത്തിൽ സംയുക്ത അന്വേഷണം ആകാമെന്ന ഇസ്രായേൽ പ്രധാനമന്ത്രിയുടെ വാഗ്ദാനം ഫലസ്തീൻ അതോറിറ്റി ഇന്നലെ തള്ളിയിരുന്നു.

റമദാനിൽ കിഴക്കൻ ജറുസലേമിൽ ഇസ്രായേൽ ആരംഭിച്ച പുതിയ അക്രമങ്ങളുടെയും തുടർച്ചയാണ് ഷിറിന്റെ കൊലയെന്ന് ഫലസ്തീൻ സംഘടനകൾ കുറ്റപ്പെടുത്തി. കിഴക്കൻ ജറൂസലേമിൽ നിന്ന് ഫലസ്തീനികളെ പുറന്തളളാനുള്ള ഇസ്രായേൽ ക്രൂരത നിരന്തരമായി ലോകത്തെ അറിയിച്ചു കൊണ്ടിരുന്ന മാധ്യമ പ്രവർത്തക കൂടിയാണ് ഷിറിൻ അബൂ ആഖില. സ്വതന്ത്ര മാധ്യമ പ്രവർത്തനം തടയുന്ന നീക്കം ഒരു നിലക്കും അംഗീകരിക്കാനാവില്ലെന്ന് അമേരിക്കയും യൂറോപ്യൻ യൂനിയനും പ്രസ്താവനയിൽ വ്യക്തമാക്കി. സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വിവിധ മാധ്യമ കൂട്ടായ്മകൾ ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകരെ കൊലപ്പെടുത്തിയ ഇസ്രായേലിനെതിരെ അന്തർദേശീയ സമൂഹം കടുത്ത നടപടികൾ സ്വീകരിക്കാൻ വൈകരുതെന്ന് അൽജസീറയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഖത്തർ ഭരണകൂടം ആവശ്യപ്പെട്ടു.

Similar Posts