World
ലൈവിനിടെ ഇസ്രായേൽ വ്യോമാക്രമണം; ഞെട്ടിവിറച്ച് അൽ ജസീറ  റിപ്പോർട്ടർ - വീഡിയോ
World

ലൈവിനിടെ ഇസ്രായേൽ വ്യോമാക്രമണം; ഞെട്ടിവിറച്ച് അൽ ജസീറ റിപ്പോർട്ടർ - വീഡിയോ

Web Desk
|
8 Oct 2023 7:06 AM GMT

രണ്ടു വർഷങ്ങൾക്ക് മുമ്പ് മറ്റൊരു ഇസ്രായേൽ ആക്രമണത്തിൽ നിന്ന് യുംന അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

ജറുസലേം: ഗസ്സയിലെ ഇസ്രായേൽ വ്യോമാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് അൽ ജസീറ റിപ്പോർട്ടർ യുംന അൽ സെയ്ദ്. റിപ്പോർട്ടർ ലൈവിൽ നിൽക്കവെ തൊട്ടടുത്തുള്ള കെട്ടിടത്തിലായിരുന്നു ഇസ്രായേലിന്റെ ആക്രമണം. അവതാരകനുമായി ലൈവിൽ സംസാരിക്കവെ അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ യുംന ഭയന്നുവിറച്ചു.

നിലവിളിയോടെ ചെകിടു പൊത്തി പിന്നിലേക്കു മാറി. ഈ വേളയിൽ, 'യുംന... സുരക്ഷിത സ്ഥലത്തേക്ക് മാറൂ' എന്ന് അവതാരകൻ വിളിച്ചു പറഞ്ഞു. വേണ്ടത്ര ശ്വാസമെടുക്കാൻ സാധിക്കാതെയായിരുന്നു യുംനയുടെ പിന്നീടുള്ള റിപ്പോർട്ടിങ്.

ഗസ്സ നഗരത്തിന്റെ മധ്യഭാഗത്തുള്ള ഫലസ്തീൻ ടവറിനു നേരെയായിരുന്നു ഇസ്രായേൽ സേനയുടെ ആക്രമണം. ആക്രമണത്തിൽ കെട്ടിടം പൂർണമായി തകർന്നു.



രണ്ടു വർഷങ്ങൾക്ക് മുമ്പ് മറ്റൊരു ഇസ്രായേൽ ആക്രമണത്തിൽ നിന്ന് യുംന അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇവരും ഡ്രൈവറും സഞ്ചരിച്ച കാറിന് പത്തു മീറ്റർ മുമ്പിലാണ് ഇസ്രയേൽ ബോംബ് ആക്രമണമുണ്ടായത്. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽഷിഫയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ബോംബിങ്.

2021 മുതൽ അൽ ജസീറയുടെ ഗസ്സ മുനമ്പിലെ റിപ്പോർട്ടറാണ് ഫലസ്തീനിയായ യുംന അൽ സെയ്ദ്. ഫലസ്തീനിൽനിന്നുള്ള നിരവധി ഗ്രൗണ്ട് സ്റ്റോറികൾ ഇവർ പുറംലോകത്തെത്തിച്ചിട്ടുണ്ട്. 2021 മെയ് 15ന് ഇസ്രായേൽ അൽ ജസീറയുടെ ഓഫീസ് ബോംബിട്ട് തകർത്തത് വലിയ വാർത്തയായിരുന്നു. ഒഴിഞ്ഞു പോകാൻ ഒരു മണിക്കൂർ മാത്രം സമയം നൽകിയാണ് 11 നിലയുള്ള കെട്ടിടം ഇസ്രായേൽ തകർത്തത്. അസോസിയേറ്റഡ് പ്രസ്സിന്റെ ഓഫീസും ഈ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.


യുംന അല്‍ സെയ്ദ്
യുംന അല്‍ സെയ്ദ്


ആ ആക്രമണത്തിന്റെ നടുങ്ങുന്ന ഓർമകൾ നാലു മക്കളുടെ അമ്മയായ യുംന പങ്കുവച്ചത് ഇങ്ങനെയായിരുന്നു.

'11-ാം നിലയിൽനിന്ന് തിടുക്കപ്പെട്ട് കോണിപ്പടി വഴിയാണ് ഞാനിറങ്ങിയത്. എട്ടാമത്തെ നിലയിലായിരുന്നു ഉമ്മയും എന്റെ മൂന്നു മക്കളും. കുടുംബത്തെ കൂടി പുറത്തെത്തിക്കാനാണ് ഇലവേറ്റർ ഉപേക്ഷിച്ചിറങ്ങിയത്. കുട്ടികളെ കുറിച്ച് ഓർത്ത് ഭയപ്പെടേണ്ടതെന്നും വേഗത്തിൽ പുറത്തിറങ്ങാനും ഉമ്മയോട് ആവശ്യപ്പെട്ടു. ആവശ്യമുള്ളത് മാത്രം എടുത്താൽ മതിയെന്നും പറഞ്ഞു. ഞാൻ പുറത്തെത്തിയതിന് പിന്നാലെ മറ്റു കുടുംബങ്ങൾക്കൊപ്പം ഉമ്മയും താഴെയെത്തി. നിമിഷങ്ങൾക്കുള്ളിൽ ബിൽഡിങ് സ്‌ഫോടനത്തിൽ തകർന്നു. ഒരു ബിസ്‌കറ്റ് തകരുംപോലെയാണ് ആ കൂറ്റൻ കെട്ടിടം ക്ഷണനേരം കൊണ്ട് ഇല്ലാതായത്.'



ഫലസ്തീൻ ഇതര പൗരത്വം കൈവശമുണ്ടായിട്ടും ഗസ്സ വിടാൻ കൂട്ടാക്കാത്ത മാധ്യമപ്രവർത്തക കൂടിയാണ് യുംന സെയ്ദ്.




Similar Posts