അഫ്ഗാന്‍ മാറ്റത്തിന്റെ പാതയില്‍; എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്ന് യു.എസിനോട് ചൈന
|അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ കക്ഷികളും താലിബാനുമായി ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. ഇതിനെ സജീവമായി തന്നെ മുന്നോട്ട് കൊണ്ടുപോവേണ്ടതുണ്ട്-വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞതായി ചൈനീസ് വാര്‍ത്താഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്ഥാന്‍ അടിസ്ഥാനപരമായ മാറ്റത്തിലൂടെ കടന്നുപോവുകയാണെന്നും എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും യു.എസിനോട് ചൈന. അഫ്ഗാനില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിക്കുന്നത് തീവ്രവാദഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് കാരണമാവുമെന്നും ചൈന ആവര്‍ത്തിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ടെലിഫോണില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം പറഞ്ഞത്.
അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങള്‍ അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ കക്ഷികളും താലിബാനുമായി ബന്ധം സ്ഥാപിക്കേണ്ടതുണ്ട്. ഇതിനെ സജീവമായി തന്നെ മുന്നോട്ട് കൊണ്ടുപോവേണ്ടതുണ്ട്-വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞതായി ചൈനീസ് വാര്‍ത്താഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനിസ്ഥാന് സാമ്പത്തികവും മാനുഷികവുമായ സഹായം ആവശ്യമുണ്ട്. യു.എസ് പ്രത്യേകിച്ചും അന്താരാഷ്ട്ര സമൂഹമായി ചേര്‍ന്ന് ഇതിനായി പ്രവര്‍ത്തിക്കണം. പുതിയ അഫ്ഗാന്‍ രാഷ്ട്രീയ ഘടന, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാധാരണ പ്രവര്‍ത്തനം നിലനിര്‍ത്തുക, സാമൂഹിക സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുക, കറന്‍സി മൂല്യത്തകര്‍ച്ച തടയുക, വിലക്കയറ്റം തടയുക, നേരത്തെയുള്ള സമാധാനപരമായ പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ തുടരുക തുടങ്ങിയ കാര്യങ്ങള്‍ക്കായി യു.എസും അന്താരാഷ്ട്ര സമൂഹവും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ചൈനീസ് വിദേശകാര്യമന്ത്രി പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്ന് തീവ്രവാദ ശക്തികളെ പുറത്താക്കുകയെന്ന ലക്ഷ്യം കൈവരിക്കാന്‍ അഫ്ഗാന്‍ യുദ്ധത്തിന് കഴിഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്ന വസ്തുതകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യു.എസ്-നാറ്റോ സഖ്യം തിടുക്കത്തില്‍ പിന്‍വാങ്ങുന്നത് അഫ്ഗാനിസ്ഥാനില്‍ വിവിധ തീവ്രവാദ ഗ്രൂപ്പുകള്‍ വീണ്ടും സജീവമാകാന്‍ അവസരമൊരുക്കുമെന്നും വാങ് ബ്ലിങ്കനെ അറിയിച്ചു.