World
Almost everyone in Gaza going hungry Says WHO
World

​​ഗസ്സയൊന്നാകെ പട്ടിണിയിൽ; മനുഷ്യത്വരഹിതമെന്ന് ലോകാരോ​ഗ്യ സംഘടന; 'പരിഹാരം വെടിനിർത്തൽ മാത്രം'

Web Desk
|
18 Oct 2024 10:25 AM GMT

വേൾഡ് ഫുഡ് പ്രോഗ്രം കണക്കുകൾ പ്രകാരം ലോകത്തിൽ പട്ടിണി അനുഭവിക്കുന്നവരിൽ 80 ശതമാനം ഗസ്സയിലെ ഫലസ്തീനികളാണ്.

ഗസ്സ: ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്ന ഗസ്സയിൽ ഏതാണ്ട് എല്ലാവരും പട്ടിണിയിലാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മനുഷ്യത്വരഹിതമാണ് ഈ സാഹചര്യമെന്നും ഗസ്സയിൽ അടിയന്തര മാനുഷിക സഹായം എത്തിക്കാൻ സംഘടന ആവശ്യപ്പെടുന്നതായും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. ​ഗുരുതര പോഷകാഹാരക്കുറവുള്ള കുഞ്ഞുങ്ങൾക്കുൾപ്പെടെ ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്രയും വേ​ഗം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​ഗസ്സയിൽ സമാധാനം ഉണ്ടാവാനുള്ള ഏറ്റവും വലിയ മരുന്ന് വെടിനിർത്തലാണെന്നും അതെത്രയും വേ​ഗം നടപ്പാവണമെന്നും ലോകാരോ​ഗ്യ സംഘടന ആവശ്യപ്പെട്ടു. 2006 മുതൽ ഇസ്രായേൽ ​ഗസ്സയിൽ ഉപരോധം ഏർപ്പെടുത്തുകയാണ്. ഇത് ആ മേഖലയെ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലാക്കി മാറ്റുകയും ചെയ്തിരിക്കുകയാണ്.

​ഗസ്സയിൽ കുട്ടികൾ പട്ടിണിയും നിർജലീകരണവും മൂലം മരിക്കുന്നതായി മാർച്ചിൽ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. വടക്കൻ ഗസ്സയിലെ അൽ-അവ്ദ, കമാൽ അദ്‌വാൻ ആശുപത്രികളിൽ സന്ദർശനം നടത്തിയ ശേഷമായിരുന്നു ലോകാരോഗ്യ സംഘടനയുടെ പ്രതികരണം. ഇസ്രായേൽ ഏർപ്പെടുത്തിയ ഉപരോധമാണ് ​ഗസ്സയിലെ പട്ടിണി രൂക്ഷമാവാൻ കാരണം.

കുട്ടികളിൽ ഗുരുതരമായ പോഷകാഹാരക്കുറവ്, പട്ടിണി മൂലം മരിക്കുന്ന അവസ്ഥ, ഇന്ധനം, ഭക്ഷണം, മരുന്നുകൾ എന്നിവയുടെ ഗുരുതരമായ ദൗർലഭ്യം, ആശുപത്രി കെട്ടിടങ്ങൾ തകർത്തത് എന്നിവ ​സന്ദർശനത്തിൽ കണ്ടെത്തിയതായും ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കിയിരുന്നു. സുരക്ഷിതവും സ്ഥിരവുമായ മാനുഷിക സഹായം ഉറപ്പാക്കാനും യുദ്ധം അവസാനിപ്പിക്കാനും ടെഡ്രോസ് ഇസ്രായേലിനോട് അഭ്യർഥിക്കുകയും ചെയ്തിരുന്നു.

എന്നാൽ അന്നും പതിവുപോലെ ലോകാരോ​ഗ്യ സംഘടനയുടെ നിർദേശം പുല്ലുപോലെ തള്ളുകയാണ് ഇസ്രായേൽ ചെയ്തത്. ഇപ്പോഴും കര-വ്യോമാക്രമണങ്ങൾ നടത്തുന്നതിനൊപ്പം പുറത്തുനിന്നുള്ള സഹായങ്ങൾ തടഞ്ഞ് ​ഗസ്സ നിവാസികളെ പട്ടിണിക്കിട്ടു കൊല്ലുകയും ചെയ്യുന്ന അങ്ങേയറ്റം മനുഷ്യത്വരഹിതമായ നടപടിയാണ് ഇസ്രായേൽ തുടരുന്നത്.

പട്ടിണി കുഞ്ഞുങ്ങളിലും വയോധികരിലും അപകടം സൃഷ്ടിക്കുമെന്ന് റൈറ്റ്‌സ് മോണിറ്റർ ജനുവരിയിൽ മുന്നറിയിപ്പ് നൽകിയിരുന്നു. നവജാത ശിശുക്കളടക്കം നിരവധി കുഞ്ഞുങ്ങളുടെ മരണത്തിന്റെ ഒരു കാരണം നിർജലീകരണവും പട്ടിണിയുമാണെന്നാണ് റൈറ്റ്സ് മോണിറ്റർ റിപ്പോർട്ടിൽ പറഞ്ഞത്.

വേൾഡ് ഫുഡ് പ്രോഗ്രം കണക്കുകൾ പ്രകാരം ലോകത്തിൽ പട്ടിണി അനുഭവിക്കുന്നവരിൽ 80 ശതമാനം ഗസ്സയിലെ ഫലസ്തീനികളാണ്. കഴിഞ്ഞ ഡിസംബറിൽ യുഎൻ പുറത്തിറക്കിയ റിപ്പോർട്ടിൽ ഗസ്സയിലെ 93 ശതമാനം പേരും കടുത്ത പട്ടിണി അനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഗസ്സയിലെ അഞ്ച് വയസിന് താഴെയുള്ള കുട്ടികൾ അപകടകരമായ വിശപ്പ് അനുഭവിക്കുന്നവരാണെന്ന് മറ്റൊരു യുഎൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

യുഎൻ സുരക്ഷാ കൗൺസിലും ലോകരാജ്യങ്ങളുമടക്കം അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്തിട്ടും 2023 ഒക്ടോബർ ഏഴിന് ശേഷം ​ഗസ്സയിൽ കൊടുംക്രൂരതയും കൂട്ടക്കുരുതിയും തുടരുകയാണ് ഇസ്രായേൽ. ഇതിനോടകം 42400 പേർ കൊല്ലപ്പെട്ടു. ഇതിൽ ഭൂരിഭാ​ഗവും കുട്ടികളും സ്ത്രീകളുമാണ്. 99,100 പേർക്ക് പരിക്കേറ്റെന്നും അധികൃതർ പറയുന്നു.

ഭക്ഷണം, ശുദ്ധജലം, മരുന്ന് എന്നിവയുടെ കടുത്ത ക്ഷാമത്തിലേക്ക് നയിച്ച ഉപരോധത്തിനിടയിൽ ഇസ്രായേലി ആക്രമണം ഗസ്സയിലെ ഏതാണ്ട് മുഴുവൻ ജനങ്ങളെയും പലായനം ചെയ്യാൻ നിർബന്ധിതരാക്കി. ​ഗസ്സയിലെ ക്രൂരതയുടെ പേരിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വംശഹത്യാ കേസ് നേരിടുകയാണ് ഇസ്രായേൽ.

അതേസമയം, ഇസ്രായേൽ ആക്രമണം തുടരുന്ന ലബനാനിൽ നിന്ന് പാലായനം ചെയ്തവരിൽ നാലു ലക്ഷം പേർ കുട്ടികളെന്ന് യുനിസെഫ് അറിയിച്ചു. 12 ലക്ഷത്തിലധികം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. ലബനാനിലെ ഒരു തലമുറ തന്നെ ഇല്ലാതാവുമെന്ന് യുനിസെഫ് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

Similar Posts