World
japan old age
World

ജപ്പാനിലെ വീടുകളിൽ ഏകാന്ത മരണങ്ങൾ വർധിക്കുന്നു; ആറ് മാസത്തിനിടെ ക​ണ്ടെത്തിയത് 40,000 ​മൃതദേഹങ്ങൾ

Web Desk
|
31 Aug 2024 12:05 PM GMT

4000ഓളം പേരുടെ മൃതദേഹം കണ്ടെത്തിയത് മരിച്ച് ഒരു മാസത്തിന് ശേഷം

ടോക്യോ: ജപ്പാനിലെ വീടുകളിൽ ഏകാന്ത മരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 2024ന്റെ ആദ്യ പകുതിയിൽ മാത്രം ഏകദേശം 40,000 പേർ ഇത്തരത്തിൽ മരണപ്പെട്ടതായി പൊലീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 4000ഓളം പേരുടെ മൃതദേഹങ്ങൾ മരിച്ച് ഒരു മാസത്തിന് ശേഷമാണ് കണ്ടെത്തുന്നത്. 130ഓളം മൃതദേഹങ്ങൾ ഒരു വർഷത്തോളം ആരും ശ്രദ്ധിക്കാതെ കിടന്നുവെന്നും ദേശീയ പൊലീസ് ഏജൻസി വ്യക്തമാക്കുന്നു.

കൊഡോകുഷി (Kodokushi) എന്ന പേരിലാണ് ജപ്പാനിലെ ഈ എകാന്ത മരണങ്ങൾ അറിയപ്പെടുന്നത്. ആളുകൾ ഒറ്റക്ക് മരിക്കുകയും വളരെക്കാലം കണ്ടെത്തപ്പെടാതെ തുടരുകയും ചെയ്യുന്ന പ്രതിഭാസമാണിത്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ലോകത്ത് തന്നെ ഏറ്റവും പ്രായം കൂടിയ ജനസംഖ്യ ജപ്പാനിലാണ്.

ഒറ്റക്ക് ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന പ്രായമായവരുടെ ജനസംഖ്യ രാജ്യത്ത് വർധിച്ചുവരികയാണ്. ഈ പ്രശ്നം പരിഹരിക്കാൻ സർക്കാർ പലവിധ പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ട്. എന്നാൽ, ഇവയൊന്നും ലക്ഷ്യം കാണുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ദേശീയ പൊലീസ് ഏജൻസിയുടെ കണക്ക് പ്രകാരം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഒറ്റക്ക് താമസിക്കുന്ന 37,227 പേർ വീടുകളിൽ മരിച്ചതായി വ്യക്തമാക്കുന്നു. ഇതിൽ 70 ശതമാനവും 65 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. വീട്ടിൽ ഒറ്റക്ക് മരിച്ചവരിൽ 40 ശതമാനം പേരുടെയും മൃതദേഹം ഒരു ദിവസത്തിനകം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. 85 വയസ്സിന് മുകളിലുള്ള 7498 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 75നും 79നും ഇടയിൽ പ്രായമുള്ള 5920 പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. 70നും 74നും ഇടയിൽ മരിച്ചവരുടെ എണ്ണം 5635 ആണ്.

ശ്രദ്ധിക്കപ്പെടാത്ത മരണങ്ങൾ സംബന്ധിച്ച് സർക്കാർ സംഘത്തിന് പൊലീസ് ഏജൻസി ഈ വിവരങ്ങൾ കൈമാറുമെന്ന് ജാപ്പനീസ് പബ്ലിക് ടി.വി നെറ്റ്‍വർക്കായ എൻ.എച്ച്.കെ അറിയിച്ചു. രാജ്യത്ത് 65 വയസ്സിന് മുകളിലുള്ള ഒറ്റക്ക് താമസിക്കുന്നവരുടെ എണ്ണം 2050ഓടെ 10.8 ദശലക്ഷമാകുമെന്ന് ജാപ്പനീസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി റിസർച്ചിന്റെ പഠനം സൂചിപ്പിക്കുന്നു. കൂടാതെ ഒരാൾ മാത്രമുള്ള വീടുകളുടെ എണ്ണം 2050ഓടെ 23.3 ദശലക്ഷമാകുമെന്നും പഠനത്തിൽ പറയുന്നുണ്ട്.

പ്രായമായവരുടെ എണ്ണം വർധിക്കുന്നതും ജനസംഖ്യ കുറയുന്നതും ജപ്പാന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. ജപ്പാനിൽ പതിറ്റാണ്ടുകളായി നേരിടുന്ന ഏകാന്തയും ഒറ്റപ്പെടൽ പ്രശ്നവും പരിഹരിക്കാൻ ഇക്കഴിഞ്ഞ ഏപ്രിലിൽ സർക്കാർ ബിൽ അവതരിപ്പിച്ചിരുന്നു.

ജനനനിരക്ക് കുറയുന്നതിനാൽ ഒരു സമൂഹമായി ​പ്രവർത്തിക്കാൻ കഴിയാത്തിന്റെ വക്കിലാണ് തന്റെ രാജ്യമെന്ന് കഴിഞ്ഞവർഷം പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ വ്യക്മാക്കിയിരുന്നു. ചെറുപ്പാക്കാരില്ലാത്തതിനാൽ പണിയെടുക്കാൻ ആളില്ലാതെ തൊഴിൽരംഗങ്ങളെല്ലാം പ്രതിസന്ധിയിലാണ്.

തുടർച്ചയായി എട്ടാം വർഷവും രാജ്യത്തെ ജനനനിരക്ക് ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. 7,58,631 ആണ് കഴിഞ്ഞ വർഷം ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം. 5.1 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ പ്രസവത്തിന്റെ ഇരട്ടിയിലേറെ ജപ്പാനിൽ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് വിവരം.

ജനനനിരക്ക് കൂട്ടാനായില്ലെങ്കിൽ വലിയൊരു ദുരന്തത്തിലേക്കായിരിക്കും ജപ്പാൻ നീങ്ങുകയെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യത്ത് അവിവാഹിതരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുകയാണ്. ജനനനിരക്കിലെ ഇടിവ് തടയാൻ നേരത്തെ ജപ്പാൻ അമ്മമാരുടെ പ്രസവ ഗ്രാന്റ് കൂട്ടിയിരുന്നു. ഗ്രാന്റ് തുക 80,000 യെൻ കൂടി കൂട്ടാനാണ് ആരോഗ്യ, തൊഴിൽ മന്ത്രാലയങ്ങൾ സംയുക്തമായി തീരുമാനിച്ചത്. ഒരു കുട്ടി ജനിച്ചാൽ നേരത്തെ അമ്മയ്ക്ക് 4,20,000 യെൻ (ഏകദേശം 2.52 ലക്ഷം രൂപ) ലഭിക്കുമായിരുന്നു. ചൈൽഡ് ബർത്ത് ആൻഡ് ചൈൽഡ് കെയർ ലംപ് സം ഗ്രാന്റ് എന്ന പേരിലുള്ള ഈ പദ്ധതി പിന്നീട് അഞ്ചുലക്ഷം യെന്നിലേക്ക് ഉയർത്തുകയായിരുന്നു മന്ത്രാലയം. ഏകദേശം മൂന്നു ലക്ഷം ഇന്ത്യൻ രൂപ വരുമിത്.

അതേസമയം, എത്ര പ്രോത്സാഹന നടപടികളുണ്ടായാലും കുട്ടികളുണ്ടാക്കാനുള്ള ജപ്പാനുകാരുടെ മടിയിൽ വലിയ മാറ്റമുണ്ടാകില്ലെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പ്രസവാനന്തര ചെലവുകളും കുട്ടികളെ വളർത്താനുള്ള ചെലവുമെല്ലാം കൂടുമ്പോൾ താങ്ങാവുന്നതിനും അപ്പുറമാകുമെന്നാണ് ജാപ്പനീസ് കുടുംബങ്ങൾ കണക്കുകൂട്ടുന്നത്.

Related Tags :
Similar Posts