വീണ്ടും കുരുതിക്കളമായി അല്‍ശിഫ ആശുപത്രി; 50ലേറെ പേരെ കൊന്നതായി ഇസ്രായേല്‍
|ആരോഗ്യ പ്രവര്‍ത്തകരും പരിക്കേറ്റവരും സ്ത്രീകളുടക്കം 180 പേരെ ഇസ്രായേല്‍ പിടികൂടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റി
ഗസ്സ സിറ്റി: ചികിത്സ തേടിയെത്തിയവരും അഭയം പ്രാപിച്ചവരുമായ 30,000-ത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗസ്സയിലെ അല്‍ശിഫ ആശുപത്രിയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു. ആശുപത്രിക്കുള്ളില്‍ 50ലേറെ പേരെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ അധിനിവേശ സേന അറിയിച്ചു. എന്നാല്‍ മരണസംഖ്യ ഇതിലുമേറെ വരുമെന്നാണ് ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇപ്പോഴും ആശുപത്രിക്കുള്ളില്‍ തന്നെ തുടരുന്ന ഇസ്രായേല്‍ സൈന്യം അരുംകൊല തുടരുകയാണ്. ആരോഗ്യ പ്രവര്‍ത്തകരും പരിക്കേറ്റവരും സ്ത്രീകളുടക്കം 180 പേരെ ഇസ്രായേല്‍ പിടികൂടി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രി പരിസരത്തും കടുത്ത ആക്രമണമാണ് ഇസ്രായേല്‍ തുടരുന്നത്. ഗസ്സയില്‍ യുദ്ധം തുടങ്ങിയ ശേഷം ഇത് നാലാം തവണയാണ് അല്‍ശിഫ ആശുപത്രി ഇസ്രായേല്‍ ആക്രമിക്കുന്നത്.
അതിനിടെ, ഇന്നലെ ആശുപത്രിയില്‍ നിന്ന് ഇസ്രായേല്‍ സേന അന്യമായി പിടികൂടിയ അല്‍ജസീറ ലേഖകന്‍ ഇസ്മായില്‍ അല്‍-ഗൗലിനെ 12 മണിക്കൂറിന് ശേഷം വിട്ടയച്ചു. ഇസ്രായേല്‍ സൈന്യം അദ്ദേഹത്തെ ക്രൂരമായി മര്‍ദ്ദിക്കുകയും അസഭ്യം പറയുകും ചെയ്തതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അല്‍ജസീറ റിപ്പേര്‍ട്ടറെ ഇസ്രായേല്‍ സൈന്യം വലിച്ചിഴ്ച്ചതായും ആശുപത്രി കോമ്പൗണ്ടിലുണ്ടായ വാര്‍ത്താ സപ്രേഷണ വാഹനങ്ങളും ഉപകരണങ്ങളും നശിപ്പിച്ചതായും ദൃകസാക്ഷികള്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ മുറിയിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുകയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.