World
28 മണിക്കൂറുകൊണ്ട് പണിതത് പത്തുനില കെട്ടിടം! വിസ്മയിപ്പിച്ച് ചൈനീസ് നിർമാതാക്കൾ
World

28 മണിക്കൂറുകൊണ്ട് പണിതത് പത്തുനില കെട്ടിടം! വിസ്മയിപ്പിച്ച് ചൈനീസ് നിർമാതാക്കൾ

Web Desk
|
19 Jun 2021 2:26 PM GMT

വെറും 28 മണിക്കൂറും 45 മിനിറ്റുമെടുത്താണ് ചൈനീസ് നിർമാതാക്കളായ ബ്രോഡ് ഗ്രൂപ്പ് പത്തുനില ഭവനസമുച്ചയം പണികഴിപ്പിച്ചത്!

ഒരു ദിവസം കൊണ്ട് ഒരു വീട് നിർമിക്കുന്നതിനെക്കുറിച്ച് ആലോചിക്കാനാകുമോ? എന്നാൽ, വെറുമൊരു വീടല്ല, പത്തുനില ഭവനസമുച്ചയമാണ് വെറും 28 മണിക്കൂറും 45 മിനിറ്റും കൊണ്ട് പണികഴിപ്പിച്ചിരിക്കുന്നത്! നെറ്റി ചുളിക്കേണ്ട, ചൈനയിലെ ചാങ്ഷയിൽ കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു ഞെട്ടിപ്പിക്കുന്ന നിർമാണം നടന്നിരിക്കുന്നത്.

ചൈനീസ് നിർമാതാക്കളായ ബ്രോഡ് ഗ്രൂപ്പാണ് വിസ്മയകരമായ നിർമാണത്തിനു നേതൃത്വം നൽകിയത്. കെട്ടിട സാമഗ്രികൾ മുൻകൂട്ടി സജ്ജീകരിക്കുന്ന പ്രീഫാബ്രിക്കേറ്റഡ് കൺസ്ട്രക്ഷൻ സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഈ മഹാദൗത്യം ഏറ്റവും ചുരുങ്ങിയ സമയമെടുത്ത് പൂർത്തീകരിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ഓരോ ഭാഗങ്ങളും നേരത്തെ ഫാക്ടറിയിൽ സജ്ജീകരിച്ച ശേഷം എല്ലാംകൂടി സംയോജിപ്പിക്കുന്നതാണ് ഈ നിർമാണരീതി.

കണ്ടെയ്‌നർ രൂപത്തിലുള്ള മുൻകൂട്ടി തയാറാക്കിയ കെട്ടിടത്തിന്റെ ഭാഗങ്ങൾ ട്രക്കിൽ കയറ്റിയാണ് നിർമാണസ്ഥലത്തെത്തിച്ചത്. തുടർന്ന് വലിയ ക്രെയിൻ ഉപയോഗിച്ച് ഓരോ ഭാഗങ്ങൾ അടുക്കിവച്ച് കെട്ടിടം പൂർണമായി സജ്ജീകരിക്കുകയായിരുന്നു. ഫർണിച്ചറുകളും വീട്ടുപകരണങ്ങളും മറ്റു സൗകര്യങ്ങളുമടക്കം എല്ലാവിധ മിനിക്കുപണികളും സജ്ജീകരണങ്ങളുമൊരുക്കിയാണ് കെട്ടിടത്തിന്റെ നിർമാണം വെറും മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കിയത്. നിർമാണം പൂർത്തിയായതോടെ ഫ്‌ളാറ്റിലേക്കുള്ള ജല, വൈദ്യുതി വിതരണവും ആരംഭിച്ചു.

നിർമാണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. വളരെ വേഗത്തിലും എളുപ്പത്തിലും കെട്ടിട നിർമാണം പൂർത്തിയാക്കാൻ മാത്രമല്ല, ആവശ്യംവരുമ്പോൾ പെട്ടെന്ന് അഴിച്ചുവച്ച് സ്ഥലം ഒഴിപ്പിക്കാനും കഴിയുമെന്നതാണ് പ്രീഫാബ്രിക്കേറ്റഡ് നിർമാണ രീതിയുടെ പ്രധാന സവിശേഷത. ഇതേ ഉപകരണങ്ങൾ ഉപയോഗിച്ച് മറ്റ് സ്ഥലത്ത് കൊണ്ടുപോയി കെട്ടിടം മാറ്റിപ്പണിയാനുമാകും.

Similar Posts