980 രൂപയുടെ ഷർട്ടിട്ട് ശതകോടീശ്വരൻ ജെഫ് ബെസോസ്; ഇതെന്തു പറ്റിയെന്ന് ഇന്റർനെറ്റ്
|പൂമ്പാറ്റയുടെ ചിത്രങ്ങളുള്ള നീല നിറമുള്ള ഷർട്ടാണ് ബെസോസ് ധരിച്ചിരുന്നത്.
ബ്ലൂംബർഗിന്റെ ആഗോള ശതകോടീശ്വര പട്ടികയിൽ മൂന്നാമനാണ് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. ആസ്തി 133 ബില്യൺ യുഎസ് ഡോളർ. പ്രതിവർഷ ശമ്പളം മാത്രം ഏകദേശം ഒരു ലക്ഷം ഡോളർ വരും. അങ്ങനെ ഒരാൾ 12 യുഎസ് ഡോളറിന്റെ (982 ഇന്ത്യൻ രൂപ) ഷർട്ട് ധരിച്ച് പൊതുവേദിയിൽ എത്തിയാൽ എങ്ങനെയുണ്ടാകും.
ആ 'കടുംകൈ' ആണ് ബെസോസ് കഴിഞ്ഞ ദിവസം ചെയ്തത്. കാലിഫോർണിയയിൽ നടക്കുന്ന കോച്ചെല്ല വാലി മ്യൂസിക് ആഘോഷത്തിലാണ് ബെസോസ് 12 ഡോളറിന്റെ ഷർട്ടുമണിഞ്ഞെത്തിയത്. റാപ്പർ ബാഡ് ബണ്ണിയുടെ സംഗീതനിശ ആസ്വദിക്കാനാണ് പെൺസുഹൃത്ത് ലോറൻ സാഞ്ചസിനൊപ്പം ഇദ്ദേഹമെത്തിയത്. ബെസോസിന്റെ ചിത്രങ്ങൾ കണ്ട് സോഷ്യൽ മീഡിയ സമൂഹമാണ് ധരിച്ച ഷർട്ടും വിലയുമെല്ലാം പങ്കുവച്ചത്.
പൂമ്പാറ്റയുടെ ചിത്രങ്ങളുള്ള നീല ഷർട്ടാണ് ബെസോസ് ധരിച്ചിരുന്നത്. സെലിബ്രിറ്റികളായ ക്രിസ് ജെന്നർ, കോറെ ഗാംബിൾ എന്നിവർക്കൊപ്പം അദ്ദേഹം സമയം ചെലവഴിക്കുന്ന വീഡിയോയും പുറത്തുവന്നു.
കാലിഫോർണിയയിൽ പ്രതിവർഷം നടന്നുവരുന്ന രണ്ടാഴ്ച നീളുന്ന സംഗീത ആഘോഷമാണ് കോച്ചെല്ല വാലി മ്യൂസിക് ആന്റ് ആർട്‌സ് ഫെസ്റ്റിവൽ. ഏപ്രിൽ 14-23 തിയ്യതികളിലായിരുന്നു ഈ വർഷത്തെ ആഘോഷം. പഞ്ചാബി ഗായകൻ ദിൽജിത് ദൊസാഞ്ച് ഫെസ്റ്റിവലിൽ പാടിയിരുന്നു.