ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഹൂതികൾ; സൈനികനീക്കം ശക്തമാക്കി അമേരിക്കയും ബ്രിട്ടനും
|ഇസ്രായേലിനെതിരെയുള്ള വംശഹത്യാകേസിൽ അന്താരാഷ്ട്രകോടതി ഇന്നും വാദം കേൾക്കും
ഗസ്സ സിറ്റി: ചെങ്കടലിൽ ഇസ്രായേൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം തുടരുമെന്ന ഭീഷണി മുൻനിർത്തി ഹൂതികൾക്കെതിരെ സൈനികനീക്കം ശക്തമാക്കി അമേരിക്കയും ബ്രിട്ടനും. അക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഹൂതികളും വ്യക്തമാക്കി. ഹൂതി ആക്രമണത്തെ കഴിഞ്ഞ ദിവസം യുഎൻ രക്ഷാസമിതി അപലപിച്ചിരിക്കെ, സൈനിക നടപടിക്ക് നയതന്ത്ര പിന്തുണ ഉണ്ടെന്നാണ് അമേരിക്കയും ബ്രിട്ടനും വിലയിരുത്തുന്നത്.
ഇന്നലെ അർധരാത്രി ചേർന്ന ബ്രിട്ടീഷ് മന്ത്രിസഭാ യോഗത്തിൽ ഹൂതികൾക്കെതിരായ ആക്രമണ സാധ്യത സംബന്ധിച്ച് പ്രധാനമന്ത്രി ഋഷി സുനക് വിശദീകരിച്ചതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഹൂതികളുടെ പ്രധാന സൈനിക കേന്ദ്രത്തിനു നേരെ ചുരുങ്ങിയ തോതിലുള്ള ആക്രമണമാണ് അമേരിക്കയും ബ്രിട്ടനും ലക്ഷ്യമിടുന്നതെന്ന് ബ്രിട്ടീഷ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഹുദൈദക്കും ഹജ്ജാക്കും ഇടയിൽ ഹൂതികൾ ഡ്രോണുകൾ അയക്കുന്ന കേന്ദ്രങ്ങൾ അക്രമിക്കാനാണ് പദ്ധതിയെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോര്‍ട്ട് ചെയ്തു.
കപ്പലുകൾക്ക് നേരെയുള്ള തുടർച്ചയായ ആക്രമണം ചെങ്കടലിലെ നാവിക സുരക്ഷാ സേന ഗൗരവത്തിൽ കാണുമെന്ന് പെൻറഗണും അറിയിച്ചു. അതേസമയം, രക്ഷാസമിതി പ്രമേയം അപഹാസ്യവും ഇസ്രായേലിനെ പിന്തുണക്കുന്നതുമാണെന്ന് ഹൂതികൾ പ്രതികരിച്ചു. ഇസ്രായേൽ കപ്പലുകളുടെ സഹായത്തിന് ആരുതന്നെ വന്നാലും തിരിച്ചടിക്കുമെന്നും ഹൂതികളുടെ മുന്നറിയിപ്പ് നല്‍കി. ഒമാൻ സമുദ്രത്തിൽ തങ്ങളുടെ എണ്ണ ടാങ്കർ പിടിച്ചെടുത്ത ഇറാൻ നടപടി നിയമവിരുദ്ധമെന്ന് പെൻറഗൺ കുറ്റപ്പെടുത്തി.നടപടി അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണന്നും പെൻറഗൺ.
ഗസ്സയിലും വെസ്റ്റ് ബാങ്കിലും തുടരുന്ന കുരുതി മേഖലായുദ്ധം അനിവാര്യമാക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് വംശഹത്യയെന്നാരോപിച്ച് ദക്ഷിണാഫ്രിക്ക സമർപ്പിച്ച ഹരജിയിൽ ഹേഗിലെ അന്താരാഷ്ട്ര കോടതി മുമ്പാകെ ഇന്നും വാദം തുടരും. ഇസ്രായേലിന്‍റേത് വംശഹത്യയാണെന്ന് സഥാപിക്കുന്ന നിരവധി തെളിവുകൾ ദക്ഷിണാഫ്രിക്ക ഇന്നലെ കോടതിക്ക് കൈമാറി. എന്നാൽ ആരോപണം അന്യായമാണെന്നും ഹമാസിനെ പിന്തുണക്കുന്നതാണെന്നും നെതന്യാഹു ആരോപിച്ചു.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ക്രൂരത തുടരുകയാണ്. ഇന്നലെയും 124 പേർ കൊല്ലപ്പെട്ടു. ലബനാനിൽ നിന്ന് ഇസ്രായലിനു നേർക്ക് നിരവധി റോക്കറ്റുകൾ അയച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു.