മേഖലായുദ്ധം ഒഴിവാക്കണമെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ട് അമേരിക്ക
|ഇറാൻ ആണവകേന്ദ്രത്തിന് നേരെയുള്ള ആക്രമണം ഉപേക്ഷിക്കാനും നിർദേശം
തെൽ അവീവ്: ഇറാനിൽ നിന്ന് ചൊവ്വാഴ്ച രാത്രി ഇരുനൂറിലേറെ ബാലിസ്റ്റിക് മിസൈലുകൾ വന്നെത്തിയതിന്റെ ആഘാതം ഇസ്രായേലിനെ വിട്ടൊഴിഞ്ഞിട്ടില്ല. ഇന്നലെ പല ഘട്ടങ്ങളിലായി ചേർന്ന സുരക്ഷാ മന്ത്രിസഭായോഗം ഇറാന് കടുത്ത തിരിച്ചടി നൽകാൻ തീരുമാനിച്ചു. എന്നാൽ പ്രത്യാക്രമണത്തിന്റെ സ്വഭാവം സംബന്ധിച്ച് വ്യക്തതയിലെത്തിയില്ലെന്ന് സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടുദിവസം കഴിഞ്ഞു മാത്രമാകും ആക്രമണമെന്നാണ് സൂചന.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തുന്നത് ഒഴിവാക്കണമെന്ന അമേരിക്കൻ അഭ്യർഥന ഇസ്രായേൽ അംഗീകരിച്ചതായാണ് വിവരം. തെഹ്റാനിലെയും മറ്റും എണ്ണ ഉൽപാദനകേന്ദ്രങ്ങളെയും സൈനിക സംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതിയാണ് ഇസ്രായേലിനു മുമ്പാകെയുള്ളത്. അമേരിക്കയും ഇസ്രായേലുമായി ഇക്കാര്യത്തിൽ കൂടിയാലോചന തുടരുകയാണ്.
തെക്കൻ ലബനാനിൽ ഹിസ്ബുല്ലയും ഇസ്രായേൽ സൈന്യവും നേർക്കുനേർ പോരാട്ടം രൂക്ഷമായി തുടരുകയാണ്. ഹിസ്ബുല്ലയുമായുള്ള ഏറ്റുമുട്ടലിൽ എട്ടു ഇസ്രായേൽ സൈനികരാണ് ഇന്നലെ കൊല്ലപ്പെട്ടത്. മുപ്പതിലേറെ സൈനികർക്ക് പരിക്കേറ്റു. ദക്ഷിണ ലബനാൻ പട്ടണത്തിൽ കടന്നുകയറാനുള്ള ഇസ്രായേൽ സൈനികരുടെ ശ്രമത്തിനെതിരെ ശക്തമായി ചെറുത്തുനിൽക്കുന്നതായി ഹിസ്ബുല്ല വ്യക്തമാക്കി. ശക്തമായ പ്രതിരോധം ബോധ്യപ്പെട്ടതോടെ കൂടുതൽ സൈനികരെ അടിയന്തരമായി മേഖലയിൽ വിന്യസിക്കാനും ഇസ്രായേൽ നീക്കം തുടങ്ങി.
കരയാക്രമണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ഗ്രാമങ്ങളിൽനിന്ന് ആളുകളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ നിർദേശിച്ചു. മേഖലയിൽ യുദ്ധഭീതി കനത്തതോടെ ലബനാൻ, ഇസ്രയേൽ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കാനും ലോകരാജ്യങ്ങൾ നീക്കം തുടങ്ങി. പല രാജ്യങ്ങളുടെയും വിമാന സർവീസുകളും പുന:ക്രമീകരിച്ചു. യുദ്ധസാധ്യത മുൻനിർത്തി മേഖലയിൽ കൂടുതൽ സൈനികരെ അമേരിക്ക അടിയന്തരമായി വിന്യസിച്ചു. മൂവായിരത്തോളം സൈനികരെയാണ് പുതുതായി വിന്യസിച്ചത്. എഫ്-15, എഫ്-16, എഫ്-22, എ-10 എന്നിവയടക്കം വൻ യുദ്ധവിമാന ശേഖരം അധികമായി എത്തിക്കാനും പെന്റഗൺ തീരുമാനിച്ചു. മേഖലാ യുദ്ധം ഒഴിവാക്കാൻ നയതന്ത്ര പ്രശ്നപരിഹാരത്തിന് ഊന്നൽ നൽകണമെന്ന് യു.എൻ രക്ഷാസമിതി നിർദേശിച്ചു. എന്നാൽ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിക്കാൻ തയാറായില്ലെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് രാജ്യത്ത് പ്രവേശിക്കുന്നതിന് ഇസ്രായേൽ വിലക്കേർപ്പെടുത്തി.
അതേസമയം, ഇസ്രയേൽ- ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ഇസ്രായേൽ എംബസിയുടെ സുരക്ഷ വർധിപ്പിച്ചു. എംബസിയ്ക്കുള്ളിലും സമീപത്തും പട്രോളിങ് വർധിപ്പിച്ചതായും പൊലീസ് സേനയുടെ ഒരു സംഘത്തെ എംബസി സുരക്ഷയ്ക്കായി വിന്യസിച്ചതായും ഡൽഹി പൊലീസ് അധികൃതർ അറിയിച്ചു. അതിനിടെ സ്ഥിതി നിരീക്ഷിച്ചു വരികയാണെന്നും ഇറാനിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം എന്നും ഇന്ത്യ നിർദേശം നൽകി.