World
ceasefire,Gaza, America,gaza ceasefire netanyahu,gaza ceasefire news,latest world news,ഗസ്സ,വെടിനിര്‍ത്തല്‍
World

വെടിനിർത്തലിനെ കുറിച്ച്​ ഒന്നും പറയാനായിട്ടില്ലെന്ന് നെതന്യാഹു; നിർദേശം പഠിച്ചു വരികയാണെന്ന്​ ഹമാസ്

Web Desk
|
28 Feb 2024 1:17 AM GMT

അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​യോ​ടെ ഗ​സ്സ​യി​ൽ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും ഇന്നലെ അറിയിച്ചിരുന്നു

ദുബൈ: ഗസ്സയിൽ വെടിനിർത്തൽ ഉടൻ യാഥാർഥ്യമാകുമെന്ന്​ അമേരിക്ക. എന്നാൽ കരാർ നിർദേശം പഠിച്ചു വരികയാണെന്ന്​ ഹമാസും, വെടിനിർത്തലിനെ കുറിച്ച്​ ഒന്നും പറയാനായിട്ടില്ലെന്ന്​ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പ്രതികരിച്ചു. കഴിഞ്ഞ ആഴ്​ച പാരീസിലും ഇപ്പോൾ ഖത്തറിലും തുടരുന്ന ചർച്ചകളിലൂടെ വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരുമെന്നാവർത്തിക്കുകയാണ് അമേരിക്ക. താൽക്കാലിക വെടിനിർത്തൽ ഉടൻ തന്നെയുണ്ടാകുമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​വകുപ്പ്​ പ്രതികരിച്ചു. ​ അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച​യോ​ടെ ഗ​സ്സ​യി​ൽ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന്​ യു.​എ​സ് പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും ഇന്നലെ അറിയിച്ചിരുന്നു.

ഖ​ത്ത​റി​ൽ ഇ​സ്രാ​യേ​ൽ, ഹ​മാ​സ് പ്ര​തി​നി​ധി​ക​ൾ​ക്കി​ട​യി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്ക​വേ​യാ​ണ് അമേരിക്കയുടെ പ്ര​തി​ക​ര​ണം. മുസ്​ലിം വിശുദ്ധമാസത്തിൽ ആക്രമണം ഉണ്ടാകില്ലെന്ന്​ ഇസ്രായേൽ അറിയിച്ചതായും ബൈഡൻ വ്യക്​തമാക്കി. എ​ന്നാ​ൽ, പാ​രി​സി​ൽ നേ​ര​ത്തെ പ്രാ​ഥ​മി​ക രൂ​പം ന​ൽ​കി​യ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ പ​ഠി​ച്ചു​വ​രിക​യാ​ണെ​ന്ന് ഹ​മാ​സ് അ​റി​യി​ച്ചു. ചർച്ചകളിൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാണ്​ മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഖ​ത്ത​റി​ന്‍റെ പ്രതികരണം. 40 ഇ​സ്രാ​യേ​ലി ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​തി​നു​പ​ക​രം 400 ഫ​ല​സ്തീ​നി​ക​ളെ വി​ട്ട​യ​ക്കു​ക​യെ​ന്ന വ്യ​വ​സ്ഥ​യി​ൽ ആ​റാ​ഴ്ച​ കാലത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി വെ​ടി​നി​ർ​ത്തു​ന്ന​താ​ണ് ക​രാ​ർ എന്നാണ്​ റിപ്പോർട്ട്​. എന്നാൽ വെടിനിർത്തൽ കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന ബൈഡന്‍റെ പ്രതികരണം സംബന്​ധിച്ച്​ തങ്ങൾക്ക്​ വിവരമില്ലെന്നാണ്​ നെതന്യാഹു വ്യക്​തമാക്കുന്നത്​.

അതിനിടെ ഇസ്രായേലിനെതിരെ ഹിസ്ബുല്ല ആക്രമണം കടുപ്പിച്ചിരി​ക്കെ, മേഖലയിൽ സ്ഥിതി കൂടുതൽ സങ്കീർണമായി. മെറോൺ താവളത്തിലേക്ക് ഹിസ്ബുല്ല റോക്കറ്റുകൾ തൊടുത്തതിന് പിന്നാലെ ലബനാനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ലബനാന്റെ ഉൾമേഖലയായ ബഅ്‍ലബക്കിലും ബോംബുകൾ പതിച്ചു. ഇവിടെ രണ്ടു പോരാളികൾ കൊല്ലപ്പെട്ടതോടെ ഇസ്രായേൽ സൈനിക താവളത്തിനു നേർക്ക്​ ഹിസ്​ബുല്ല ഇന്നലെ നിരവധി മിസൈലുകൾ അയച്ചു.

ഗസ്സയിൽ പട്ടിണിക്കൊപ്പം പകർച്ചവ്യാധി പടരുന്നതും ആശങ്കയാകുകയാണ്. വടക്കൻ ഗസ്സയിലെ സ്​ഥിതി അങ്ങേയറ്റം ദുരിതപൂർണമാണെന്ന്​ യു.എൻ ഏജൻസികൾ അറിയിച്ചു. പത്തിൽ ഒമ്പത്​ കുട്ടിക​ളും ദുരിതപൂർണമായ അവസ്​ഥയിലാണെന്ന്​ ലോകാരോഗ്യ സംഘടന വ്യക്​തമാക്കി. ഭക്ഷണവും വെള്ളവും മരുന്നും ആവശ്യമായ തോതിൽ എത്തിച്ചില്ലെങ്കിൽ മാനുഷിക ദുരന്തം വളരെ വലുതായിരിക്കുമെന്നും സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ്​ നൽകി. വിമാനമാർഗം ജോർദാൻ ഇന്നലെയും ഗസ്സയുടെ ചില ഭാഗങ്ങളിൽ സഹായവിതരണം നടത്തി. പിന്നിട്ട 24 മണിക്കൂറിനിടെ 96 പേർ കൂടി കൊല്ല​പ്പെട്ട ഗസ്സയിൽ ആകെ മരണസംഖ്യ മുപ്പതിനായിരത്തിലേക്ക്​ അടുക്കുകയാണ്​. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഒറ്റ ഉത്തരവും ഇസ്രായേൽ പാലിക്കുന്നില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്‍റെ കുറ്റപ്പെടുത്തൽ. അന്താരാഷ്​ട്ര കോടതിക്കു മുമ്പാകെയാണ്​ ഹ്യൂമൻ റൈറ്റ്സ് വാച്ച് പരാമർശം.

Similar Posts