വെടിനിർത്തലിനെ കുറിച്ച് ഒന്നും പറയാനായിട്ടില്ലെന്ന് നെതന്യാഹു; നിർദേശം പഠിച്ചു വരികയാണെന്ന് ഹമാസ്
|അടുത്ത തിങ്കളാഴ്ചയോടെ ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇന്നലെ അറിയിച്ചിരുന്നു
ദുബൈ: ഗസ്സയിൽ വെടിനിർത്തൽ ഉടൻ യാഥാർഥ്യമാകുമെന്ന് അമേരിക്ക. എന്നാൽ കരാർ നിർദേശം പഠിച്ചു വരികയാണെന്ന് ഹമാസും, വെടിനിർത്തലിനെ കുറിച്ച് ഒന്നും പറയാനായിട്ടില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും പ്രതികരിച്ചു. കഴിഞ്ഞ ആഴ്ച പാരീസിലും ഇപ്പോൾ ഖത്തറിലും തുടരുന്ന ചർച്ചകളിലൂടെ വെടിനിർത്തൽ ഉടൻ പ്രാബല്യത്തിൽ വരുമെന്നാവർത്തിക്കുകയാണ് അമേരിക്ക. താൽക്കാലിക വെടിനിർത്തൽ ഉടൻ തന്നെയുണ്ടാകുമെന്ന് യു.എസ് സ്റ്റേറ്റ്വകുപ്പ് പ്രതികരിച്ചു. അടുത്ത തിങ്കളാഴ്ചയോടെ ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇന്നലെ അറിയിച്ചിരുന്നു.
ഖത്തറിൽ ഇസ്രായേൽ, ഹമാസ് പ്രതിനിധികൾക്കിടയിൽ മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കവേയാണ് അമേരിക്കയുടെ പ്രതികരണം. മുസ്ലിം വിശുദ്ധമാസത്തിൽ ആക്രമണം ഉണ്ടാകില്ലെന്ന് ഇസ്രായേൽ അറിയിച്ചതായും ബൈഡൻ വ്യക്തമാക്കി. എന്നാൽ, പാരിസിൽ നേരത്തെ പ്രാഥമിക രൂപം നൽകിയ കരാറിലെ വ്യവസ്ഥകൾ പഠിച്ചുവരികയാണെന്ന് ഹമാസ് അറിയിച്ചു. ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന ഖത്തറിന്റെ പ്രതികരണം. 40 ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനുപകരം 400 ഫലസ്തീനികളെ വിട്ടയക്കുകയെന്ന വ്യവസ്ഥയിൽ ആറാഴ്ച കാലത്തേക്ക് താൽക്കാലികമായി വെടിനിർത്തുന്നതാണ് കരാർ എന്നാണ് റിപ്പോർട്ട്. എന്നാൽ വെടിനിർത്തൽ കരാർ ഉടൻ പ്രാബല്യത്തിൽ വരുമെന്ന ബൈഡന്‍റെ പ്രതികരണം സംബന്ധിച്ച് തങ്ങൾക്ക് വിവരമില്ലെന്നാണ് നെതന്യാഹു വ്യക്തമാക്കുന്നത്.
അതിനിടെ ഇസ്രായേലിനെതിരെ ഹിസ്ബുല്ല ആക്രമണം കടുപ്പിച്ചിരിക്കെ, മേഖലയിൽ സ്ഥിതി കൂടുതൽ സങ്കീർണമായി. മെറോൺ താവളത്തിലേക്ക് ഹിസ്ബുല്ല റോക്കറ്റുകൾ തൊടുത്തതിന് പിന്നാലെ ലബനാനിലെ വിവിധ പ്രദേശങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തിയിരുന്നു. ലബനാന്റെ ഉൾമേഖലയായ ബഅ്‍ലബക്കിലും ബോംബുകൾ പതിച്ചു. ഇവിടെ രണ്ടു പോരാളികൾ കൊല്ലപ്പെട്ടതോടെ ഇസ്രായേൽ സൈനിക താവളത്തിനു നേർക്ക് ഹിസ്ബുല്ല ഇന്നലെ നിരവധി മിസൈലുകൾ അയച്ചു.
ഗസ്സയിൽ പട്ടിണിക്കൊപ്പം പകർച്ചവ്യാധി പടരുന്നതും ആശങ്കയാകുകയാണ്. വടക്കൻ ഗസ്സയിലെ സ്ഥിതി അങ്ങേയറ്റം ദുരിതപൂർണമാണെന്ന് യു.എൻ ഏജൻസികൾ അറിയിച്ചു. പത്തിൽ ഒമ്പത് കുട്ടികളും ദുരിതപൂർണമായ അവസ്ഥയിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഭക്ഷണവും വെള്ളവും മരുന്നും ആവശ്യമായ തോതിൽ എത്തിച്ചില്ലെങ്കിൽ മാനുഷിക ദുരന്തം വളരെ വലുതായിരിക്കുമെന്നും സന്നദ്ധ സംഘടനകൾ മുന്നറിയിപ്പ് നൽകി. വിമാനമാർഗം ജോർദാൻ ഇന്നലെയും ഗസ്സയുടെ ചില ഭാഗങ്ങളിൽ സഹായവിതരണം നടത്തി. പിന്നിട്ട 24 മണിക്കൂറിനിടെ 96 പേർ കൂടി കൊല്ലപ്പെട്ട ഗസ്സയിൽ ആകെ മരണസംഖ്യ മുപ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഒറ്റ ഉത്തരവും ഇസ്രായേൽ പാലിക്കുന്നില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിന്‍റെ കുറ്റപ്പെടുത്തൽ. അന്താരാഷ്ട്ര കോടതിക്കു മുമ്പാകെയാണ് ഹ്യൂമൻ റൈറ്റ്സ് വാച്ച് പരാമർശം.