World
chabahar port
World

ഇറാനിലെ ചബഹാർ തുറമുഖ നടത്തിപ്പ്: ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക

Web Desk
|
14 May 2024 5:20 AM GMT

കഴിഞ്ഞ ദിവസമാണ് 10 വർഷത്തെ കരാറിൽ ഇന്ത്യയും ഇറാനും ഒപ്പുവെച്ചത്

വാഷിങ്ടൺ: 10 വർഷത്തേക്ക് ഇറാനിലെ ചബഹാർ തുറമുഖം നടത്തിപ്പിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്ക. ഇറാനുമായുള്ള വ്യാപാര ഇടപാടുകൾ പരിഗണിക്കുന്നവർ ഉപരോധത്തിൻ്റെ അപകടസാധ്യതയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്ന് അമേരിക്ക വ്യക്തമാക്കി. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാർ സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ​അദ്ദേഹം.

‘ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് ഇറാനും ഇന്ത്യയും തമ്മിൽ കരാർ ഒപ്പിട്ടതായുള്ള റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. കരാറുമായി മുന്നോട്ടുപോകാനും ഇറാനുമായുള്ള വിദേശ നയങ്ങൾ തുടരാനും ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ട്. അതേസമയം, ഇറാനെതിരെ അമേരിക്കയുടെ ഉപരോധം നിലവിലുണ്ട്. അത് ഞങ്ങൾ തുടരുക തന്നെ ചെയ്യും.

ഇറാനുമായി കരാറിൽ ഏർപ്പെടുന്ന ഇന്ത്യൻ സ്ഥാപനങ്ങൾക്കെതിരെയും ഉപരോധം വരാൻ സാധ്യതയുണ്ട്. ഇറാനുമായി വ്യാപാര ബന്ധം സ്ഥാപിക്കുന്ന ആരും സ്വയം തുറക്കുന്ന അപകട സാധ്യതയെക്കുറിച്ചും ഉപരോധത്തിന്റെ സാധ്യതയെക്കുറിച്ചും അറിഞ്ഞിരിക്കണമെന്നും വേദാന്ത് പട്ടേൽ പറഞ്ഞു. ഇസ്രായേലിനെതിരെ നടത്തിയ ഡ്രോൺ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞമാസം ഇറാനുമേൽ യു.എസ് കൂടുതൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യ പോർട്‌സ് ഗ്ലോബൽ ലിമിറ്റഡും ഇറാനിലെ പോർട്ട് ആൻഡ് മാരിടൈം ഓർഗനൈസേഷനും തമ്മിൽ തെഹ്റാനിൽ വെച്ചാണ് കരാർ ഒപ്പിട്ടത്. കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളും പരിപാടിയിൽ സംബന്ധിച്ചു. ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിൻ്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്.

ഇറാനുമായി കരാർ ഒപ്പിട്ടതോടെ ചബഹാർ തുറമുഖത്ത് കൂടുതൽ നിക്ഷേപങ്ങളും ഗതാഗത സൗകര്യങ്ങളും സൃഷ്ടിക്കുമെന്ന് തിങ്കളാഴ്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. ഈ തുറമുഖം വഴി ഇന്ത്യയെയും മധ്യ ഏഷ്യയെയും തമ്മിൽ മികച്ച രീതിയിൽ ബന്ധിപ്പിക്കും. നിലവിൽ തുറമുഖം കാര്യമായി വളർന്നിട്ടില്ല. ദീർഘകാല കരാറില്ലെങ്കിൽ ഒരു തുറമുഖത്ത് വലിയ നിക്ഷേപം നടത്തൽ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ ചബഹാർ തുറമുഖത്ത് കൂടുതൽ നിക്ഷേപങ്ങൾ വരുമെന്നാണ് പ്രതീക്ഷ. കൂടുതൽ ചരക്ക് ഗതാഗത സൗകര്യങ്ങൾ ഇവിടേക്ക് എത്തിക്കാനും സാധിക്കും. ഗതാഗത സൗകര്യങ്ങളുടെ കുറവാണ് ഈ ഭാഗത്തെ ഏറ്റവും വലിയ പ്രശ്നമെന്നും മന്ത്രി പറഞ്ഞു.

ഊ​ർ​ജ സ​മ്പ​ന്ന​മാ​യ ഇ​റാന്റെ തെ​ക്കു​കി​ഴ​ക്ക​ൻ തീ​ര​ത്ത് സി​സ്റ്റാ​ൻ-​ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ലാണ് ചബഹാർ തുറമുഖം സ്ഥി​തി ​ചെ​യ്യു​ന്നത്. തു​റ​മു​ഖം ഇ​ന്ത്യ​യും ഇ​റാ​നും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കുമെന്നാണ് പ്രതീക്ഷ. 7200 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള അ​ന്താ​രാ​ഷ്​​ട്ര ഉ​ത്ത​ര-​ദ​ക്ഷി​ണ ഗ​താ​ഗ​ത ഇ​ട​നാ​ഴി​യി​ലെ പ്ര​ധാ​ന ഹ​ബ്ബാ​ണ് ച​ബ​ഹാ​ർ. ഈ ​തു​റ​മു​ഖ​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വ‍ർ​ത്ത​ന​ത്തി​ൽ ഇ​ന്ത്യ നേ​ര​ത്തേ ത​ന്നെ സ​ഹ​ക​രി​ച്ചിട്ടുണ്ട്. 2024-25 വ​ർ​ഷ​ത്തേ​ക്ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ച​ബ​ഹാ​ർ തു​റ​മു​ഖ​ത്തി​ന് 100 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

ഒമാൻ കടലിലേക്കും പേർഷ്യൻ ഗൾഫിലേക്കും സുഗമമായി പ്രവേശിക്കാവുന്നതിനാൽ പണ്ടു മുതൽക്കേ വാണിജ്യത്തിന് പേരുകേട്ട തുറമുഖമാണിത്. തെക്കെ അഫ്ഗാനിസ്ഥാനിലെ സാബൂൾ ഇരുമ്പ് ഖനികളെയും ചബഹാർ തുറമുഖത്തെയും ബന്ധിപ്പിക്കുന്ന 560 മൈൽ നീളമുള്ള റെയിൽപ്പാത ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ചിരുന്നു. 2003 മുതൽ ഇന്ത്യയും ഇറാനും തമ്മിലുള്ള ചർച്ചയിലെ പ്രധാന അജൻഡയാണ് ചബഹാർ തുറമുഖത്തിന്റെ വികസനം. ചൈനീസ് മാതൃകയിൽ ഇറാനിലെ തുറമുഖം വികസിപ്പിച്ച് വ്യാപാരമുന്നേറ്റം നടത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

Similar Posts