ഇസ്രായേലിനെതിരായ ഇറാന്റെ പ്രത്യാക്രമണ ഭീതി: വെടിനിർത്തൽ ചർച്ചകൾക്കായി അമേരിക്കയുടെ തിരക്കിട്ട നീക്കം
|തെൽ അവീവിലേക്ക് റോക്കറ്റുകൾ അയച്ച് ഹമാസ്
തെൽ അവീവ്: ഇസ്രായേലിനെതിരെ ഇറാന്റെ പ്രത്യാക്രമണം ഉടനെന്ന റിപ്പോർട്ടിന് പിന്നാലെ വെടിനിർത്തൽ ചർച്ചകൾക്കായി അമേരിക്കയുടെ തിരക്കിട്ട നീക്കം. വ്യാഴാഴ്ച ദോഹയിൽ ചർച്ച നടക്കുമെന്ന് അമേരിക്ക അറിയിച്ചു. പശ്ചിമേഷ്യൻ പര്യടനത്തിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൊവ്വാഴ്ച തിരിക്കും.
ഗസ്സയിൽ വെടിനിർത്തൽ കരാർ നടപ്പാക്കി ഇറാൻ ഇസ്രായേലിനെ തിരിച്ചടിക്കുന്നത് തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം. ഹമാസിനെ ചർച്ചയിലേക്കെത്തിക്കാൻ ഖത്തറിനും ഈജിപ്തിനും മേൽ അമേരിക്ക ശക്തമായ സമ്മർദം ചെലുത്തുന്നുണ്ട്. തുർക്കി ഉൾപ്പെടെയുള്ള രാജ്യങ്ങളെ കൂടി ദൗത്യത്തിന്റെ ഭാഗമാക്കാനും അമേരിക്ക ശ്രമിക്കുന്നുണ്ട്.
എന്നാൽ, വെടിനിർത്തൽ കരാറിനായി പുതിയ ചർച്ചകളിൽ ഏർപ്പെടുന്നതിന് പകരം മുൻ ചർച്ചകളുടെ അടിസ്ഥാനത്തിൽ ഒരു പദ്ധതി അവതരിപ്പിക്കണമെന്നാണ് ഹമാസിന്റെ ആവശ്യം. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മെയ് 31ന് നടത്തിയ പ്രഖ്യാപനത്തിൽ മൂന്ന് ഘട്ടങ്ങളുള്ള വെടിനിർത്തൽ നിർദേശം മുന്നോട്ടുവച്ചിരുന്നു.
ജൂലൈ രണ്ടിന് ഹമാസിന്റെ കൂടി അംഗീകാരത്തോടെ വെടിനിർത്തലിന് കരട് രൂപവുമായി. യുദ്ധം പൂർണമായി അവസാനിപ്പിക്കുക, ഗസ്സയിൽനിന്ന് ഇസ്രായേൽ സേന പിന്മാറുക, വടക്കൻ ഗസ്സയിലെ ഫലസ്തീനികൾക്ക് തിരികെ പോകാനുള്ള അവസരമൊരുക്കുക തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് അന്നത്തെ നിർദേശങ്ങൾ.
എന്നാൽ, ഈ നിർദേശങ്ങളൊന്നും അംഗീകരിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു തയ്യാറല്ല. ബന്ദികളെ മോചിപ്പിക്കാൻ താത്കാലിക വെടിനിർത്തൽ എന്നതാണ് ഇസ്രായേലിന്റെ പദ്ധതി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പശ്ചിമേഷ്യൻ പര്യടനത്തിനായി ഇന്ന് വീണ്ടും എത്തുന്നുണ്ട്. ഇസ്രായേൽ താത്പര്യങ്ങൾക്കനുസൃതമായി വെടിനിർത്തൽ ചർച്ചകളെ മുന്നോട്ടുകൊണ്ടുപോവുക, ഇറാന്റെ പ്രത്യാക്രമണത്തിനുള്ള പ്രതിരോധസംവിധാനങ്ങൾ ഏകോപിപ്പിക്കുക തുടങ്ങിയവയാകും ബ്ലിങ്കന്റെ ലക്ഷ്യങ്ങൾ.
അതേസമയം, ചൊവ്വാഴ്ച തെൽ അവീവ് ലക്ഷ്യമാട്ടി രണ്ട് റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹമാസ് അറിയിച്ചു. കഴിഞ്ഞ മെയിലും തെൽ അവീവിലേക്ക് റോക്കറ്റുകൾ അയച്ചിരുന്നു.