കാനഡയുടെ ആദ്യ ഇസ്ലാമോഫോബിയ വിരുദ്ധ ഉപദേശകയായി അമീറ എൽഗവാബി
|രാജ്യത്ത് മുസ്‌ലിങ്ങൾക്കെതിരായ വിദ്വേഷവും വിവേചനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക നിയമനം
മോൺട്രിയൽ: കാനഡയുടെ ആദ്യ ഇസ്ലാമോഫോബിയ വിരുദ്ധ ഉപദേശകയായി മനുഷ്യാവകാശ പ്രവർത്തകയും മാധ്യമപ്രവർത്തകയുമായ അമീറ എൽഗവാബി. രാജ്യത്ത് മുസ്‌ലിങ്ങൾ നേരിടുന്ന വിദ്വേഷവും വിവേചനവും തടയുക എന്ന ലക്ഷ്യത്തോടെയാണ് കനേഡിയൻ ഗവൺമെന്റിന്റെ പ്രത്യേക നിയമനം. ഇസ്ലാമോഫോബിയയ്‌ക്കെതിരായ പോരാട്ടത്തിൽ കനേഡിയൻ ഭരണകൂടത്തെ പിന്തുണയ്ക്കുന്നതിനായി അമീറ എൽഗവാബി സ്ഥാനം ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു.
''വ്യത്യസ്തതയാണ് കാനഡയുടെ ഏറ്റവും വലിയ ശക്തി, പല മുസ്‌ലീങ്ങൾക്കും ഇസ്‌ലാമോഫോബിയ വളരെ പരിചിതമാണ്. നമ്മുടെ രാജ്യത്ത് ആരും മത വിശ്വാസത്തിന്റെ പേരിൽ വിവേചനവും വിദ്വേഷവും നേരിടരുത്,'ട്രൂഡോ പ്രസ്താവനയിൽ പറഞ്ഞു. ഇസ്‌ലാമോഫോബിയയ്‌ക്കെതിരായ തങ്ങളുടെ പോരാട്ടത്തിന്റെ സുപ്രധാന ചുവടുവെപ്പാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വംശീയതയ്ക്കും വർഗീയ ആക്രമണങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കാനഡയിലെ മുസ്‌ലിം സമുദായ നേതാക്കൾ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്ത് വിദ്വേഷ ഗ്രൂപ്പുകളുടെ എണ്ണം സമീപ വർഷങ്ങളിൽ മൂന്നിരട്ടിയായി വർദ്ധിച്ചിട്ടുണ്ടെന്ന് 2020 ൽ ഗവേഷകർ കണ്ടെത്തി. വലതുപക്ഷ തീവ്രവാദികൾ സമൂഹമാധ്യമങ്ങളിൽ മുസ്‌ലിങ്ങൾക്കെതിരെ വ്യാപകമായി വിദ്വേഷ പ്രചാരണം നടത്തിയെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്. പരാതികൾ രൂക്ഷമായതോടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കനേഡിയൻ ഭരണകൂടം ഇസ്ലാമോഫോബിയ, യഹൂദവിരുദ്ധത എന്നിവയെക്കുറിച്ച് ദേശീയ ഉച്ചകോടികൾ നടത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. മുസ്‌ലിങ്ങൾ വ്യാപകമായി ആക്രമണം നേരിട്ടതിന് പിന്നാലെയാണ് കാനഡ കർശന നടപടി സ്വീകരിച്ചത്.
നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ് അഡ്വക്കസി ഗ്രൂപ്പ് അമീറ എൽഗവാബിയുടെ നിയമനത്തെ സ്വാഗതം ചെയ്തു. സംഘടനയുടെ പ്രവർത്തക കൂടിയായിരുന്ന എൽഗവാബിയുടെ നിയമനത്തെ ചരിത്ര നിമിഷമെന്നാണ് അവർ വിശേഷിപ്പിച്ചത്. ഇസ്ലാമോഫോബിയയ്ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി കനേഡിയൻ ഗവൺമെന്റിൽ ഇത്തരത്തിൽ തസ്തിക സൃഷ്ടിക്കുന്നത് ഇതാദ്യമായാണ്. ടൊറന്റോ സ്റ്റാർ പത്രത്തിലെ കോളമിസ്റ്റായ എൽഘവാബി നിലവിൽ കനേഡിയൻ റേസ് റിലേഷൻസ് ഫൗണ്ടേഷനിൽ ജോലി ചെയ്ത് വരികയായിരുന്നു. കനേഡിയൻ ആന്റി-ഹേറ്റ് നെറ്റ്വർക്കിന്റെ സ്ഥാപക ബോർഡ് അംഗം കൂടിയാണ് എൽഗവാബി. കാനഡയിലെ വിദ്വേഷ ഗ്രൂപ്പുകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കനേഡിയൻ ആന്റി-ഹേറ്റ് നെറ്റ്വർക്ക് പ്രവർത്തിക്കുന്നത്.
ഇസ്ലാമോഫോബിയ വിരുദ്ധ ഉപദേശകയായി തന്നെ നിയമിച്ചതിൽ കനേഡിയൻ സർക്കാരിന് എൽഗവാബി നന്ദി പറഞ്ഞു. ''കനേഡിയൻ മുസ്ലിംകളുടെ ശബ്ദം ഉയർത്തണം, വിവേചനത്തിനും വിദ്വേഷത്തിനുമെതിര പോരാടണം, അതിനായി രാജ്യത്തുടനീളമുള്ള ഉദ്യോഗസ്ഥർ, മത നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തണമെന്ന് ആഗ്രഹിക്കുന്നു, ഈ സ്ഥാനം യാഥാർത്ഥ്യമാക്കിയതിന് മന്ത്രി അഹമ്മദ് ഹുസനും അദ്ദേഹത്തിന്റെ ടീമിനും കാനഡ ഗവൺമെന്റിനും നന്ദി''- അമീറ എൽഗവാബി ട്വിറ്ററിൽ കുറിച്ചു.