World
Hezbollah chief Nasrallah
World

ഹസന്‍ നസ്‌റുല്ലയെ വധിക്കാന്‍ സഹായിച്ചത് ഇറാന്‍ ചാരനെന്ന് ഫ്രഞ്ച് പത്രം

Web Desk
|
30 Sep 2024 5:19 AM GMT

തുടര്‍ന്നാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

തെല്‍ അവീവ്: ഹിസ്ബുല്ല തലവന്‍ സയ്യിദ് ഹസന്‍ നസ്റുല്ലയെ വധിക്കാന്‍ സഹായിച്ചത് ഇറാന്‍ ചാരനെന്ന് ഫ്രഞ്ച് പത്രം ലെ പാരിസിയന്‍. നസ്‍റുല്ലയെ കൊലപ്പെടുത്തുന്നതിനു മുന്‍പ് ബെയ്റൂത്തിലെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള കൃത്യമായ സ്ഥലത്തെക്കുറിച്ചറിയാന്‍ ഇറാന്‍ ഏജന്‍റ് വഴി ഇസ്രായേല്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ തേടിയെന്ന് ലബനാന്‍ സുരക്ഷാവൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്നാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ബെയ്റൂത്തിലെ ഹിസ്ബുല്ല ആസ്ഥാനത്തെ ഭൂഗര്‍ഭ അറയില്‍ സംഘടനയുടെ ഉന്നത അംഗങ്ങളുമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ നസ്റുല്ല എത്തുമെന്ന് ചാരന്‍ ഇസ്രായേല്‍ ഉദ്യോഗസ്ഥരെ അറിയിച്ചുവെന്നാണ് ലെ പാരിസിയന്‍ വ്യക്തമാക്കുന്നത്. ലബനാനിലെ ഖുദ്‌സ് ഫോഴ്‌സിൻ്റെ ഡെപ്യൂട്ടി കമാൻഡറും കൊല്ലപ്പെട്ട ദിവസം നസ്‌റുല്ലക്കൊപ്പം കാറിൽ ഉണ്ടായിരുന്നുവെന്നും ആക്രമണം നടക്കുമ്പോൾ അദ്ദേഹം 30 മീറ്റർ ഭൂമിക്കടിയിലായിരുന്നുവെന്നും പത്രം പറയുന്നു. ആക്രമണം നടക്കുന്ന സമയത്ത് നസ്റുല്ല എവിടെയാണെന്ന് കൃത്യമായി മനസിലാക്കിയിരുന്നു. വെള്ളിയാഴ്ച ബെയ്‌റൂത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണത്തില്‍ നസ്‍റുല്ലയെ വധിച്ചതായി ഇസ്രായേല്‍ അറിയിച്ചിരുന്നു. പിന്നീടാണ് തങ്ങളുടെ നേതാവിന്‍റെ മരണം ഹിസ്‍ബുല്ല ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. നസ്‍റുല്ല രക്തസാക്ഷിയായിരിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം.

രണ്ട് ടൺ ഭാരമുള്ള ആറ് ബോംബുകളെങ്കിലും സ്ഥലത്ത് പതിച്ചിട്ടുണ്ടെന്നും ഇത് പ്രദേശത്ത് വൻ സ്ഫോടനത്തിന് കാരണമായെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നസ്‍റുല്ലയെ കൂടാതെ 20ലധികം ഹിസ്‍ബുല്ല അംഗങ്ങളും കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. ഹിസ്ബുല്ല കമാന്‍ഡറായ അലി കരാകിയും ഐആർജിസി ബ്രിഗേഡിയർ ജനറൽ അബ്ബാസ് നില്‍പൊറൂഷാനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

Similar Posts