'യഹ്‌യ സിൻവാറിന്റെ പോലെയുള്ള വീരമൃത്യുവിനു വേണ്ടിയാണ് എന്റെ പ്രാർഥന'-മുൻ കിക്‌ബോക്‌സര്‍ ആൻഡ്ര്യു ടെയ്റ്റ്
|നാലു തവണ ലോക കിക്‌ബോക്‌സിങ് ചാംപ്യൻഷിപ്പ് ജേതാവായ ടെയ്റ്റ് നേരത്തെ ഇസ്രായേലിന്‍റെ ഗസ്സ ആക്രമണത്തെ വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു
വാഷിങ്ടൺ: ഹമാസ് നേതാവ് യഹ്‌യ സിൻവാറിന്റെ മരണത്തിൽ പ്രതികരണവുമായി മുൻ കിക്‌ബോക്‌സിങ് ലോകചാംപ്യൻ ആൻഡ്ര്യു ടെയ്റ്റ്. സിൻവാറിന്റെ പോലെയുള്ള വീരമൃത്യുവിനുവേണ്ടി മാത്രമാണ് താൻ പ്രാർഥിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹമാസ് നേതാവിന്റെ അവസാനനിമിഷങ്ങളുടെ വിഡിയോ ദൃശ്യം പുറത്തുവിട്ട ഐഡിഎഫ് നടപടി ഇസ്രായേലിനു തിരിച്ചടിയായിരിക്കുകയാണെന്ന തരത്തിൽ വിശകലനങ്ങൾ നടക്കുമ്പോഴാണ് ടെയ്റ്റിന്റെ പ്രതികരണം.
എക്‌സിലൂടെയാണ് ഹമാസ് നേതാവിന്റെ മരണത്തിലുള്ള ആൻഡ്ര്യൂ ടെയ്റ്റിന്റെ പ്രതികരണം. 'യഹ്‌യ സിൻവാറിനു സംഭവിച്ച പോലെയുള്ള വീരമൃത്യുവിനു വേണ്ടിമാത്രമാണ് ഞാൻ പ്രാർഥിക്കുന്നത്. ധീരനും തിന്മയ്ക്കു മുന്നിൽ അചഞ്ചലനുമാണ് അദ്ദേഹം. ജീവിതലക്ഷ്യങ്ങൾക്കായി സ്വയം സമർപ്പിച്ചയാൾ. അദ്ദേഹം നിത്യശാന്തി അർഹിക്കുന്നുണ്ട്. അതു നേടിയെടുക്കുകയും ചെയ്തിരിക്കുകയാണ് അദ്ദേഹം.'-ടെയ്റ്റ് എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ആഗസ്റ്റിൽ ബ്രിട്ടനിൽ നടന്ന വർഗീയ സംഘർഷത്തിൽ വംശീയവാദികളായ കലാപകാരികളെ ഫലസ്തീനികളുമായി താരതമ്യം ചെയ്ത് വിവാദം സൃഷ്ടിച്ചിരുന്നു ആൻഡ്ര്യു ടെയ്റ്റ്. കുടിയേറ്റ വിരുദ്ധ നിലപാട് പലപ്പോഴും പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇസ്രായേലിന്റെ നേതൃത്വത്തിലുള്ള വംശഹത്യയാണ് ഫലസ്തീനിൽ നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു. ഗസ്സയിൽ നടക്കുന്നതിനെ യുദ്ധമെന്നു വിശേഷിപ്പിക്കുന്നത് ഭൂഗോളത്തിലെ ഏറ്റവും നൂതനമായ ആയുധശേഖരം കൈവശമുള്ളവർ അംഗവിഹീനരാക്കിയ മനുഷ്യരോട് ചെയ്യുന്ന ക്രൂരതയാണെന്നും ടെയ്റ്റ് വ്യക്തമാക്കി. പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പയേഴ്‌സ് മോർഗന്റെ അഭിമുഖ പരിപാടിയിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ഹമാസ് ഒക്ടോബർ ഏഴിനു ചെയ്തതിനെ കുറിച്ച് എന്താണ് അഭിപ്രായമെന്ന ചോദ്യത്തോട്, പാതിവഴിയിൽനിന്നു ചോദ്യം തുടങ്ങുന്നത് എന്തിനാണെന്നായിരുന്നു ടെയ്റ്റിന്റെ മറുചോദ്യം. പതിറ്റാണ്ടുകളായി നടക്കുന്ന സംഭവവികാസങ്ങളുടെ തുടർച്ചയായി അതിനെ മനസിലാക്കാൻ കഴിയണമെന്നും ഒക്ടോബർ ഏഴിനു മുൻപ് നടന്നതിനെയും ഒരു നിലയ്ക്കും ന്യായീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹമാസ് ഭീകരവാദികളാണെന്നു കരുതുന്നുണ്ടോ എന്നു ചോദിച്ചപ്പോൾ വിഡ്ഢിത്തം പറയരുതെന്നായിരുന്നു പ്രതികരണം.
മുൻ യുഎസ് വ്യോമസേനാംഗത്തിന്റെ മകനായ ആൻഡ്യു ടെയ്റ്റ് നാലു തവണ ലോക കിക്‌ബോക്‌സിങ് ചാംപ്യൻഷിപ്പ് ജേതാവായിരുന്നു. 2005ലായിരുന്നു ആദ്യ കിരീടനേട്ടം. അമേരിക്കൻ റിയാലിറ്റി ഷോയായ 'ബിഗ് ബ്രദറി'ലൂടെയാണ് ആഗോള സെലിബ്രിറ്റിയായി മാറുന്നത്. മോട്ടിവേഷനൽ-ബിസിനസ് കോഴ്‌സുകളുമായി ഹസ്ലേഴ്‌സ് യൂനിവേഴ്‌സിറ്റി എന്ന പേരിൽ ടെയ്റ്റ് ആരംഭിച്ച ഓൺലൈൻ സ്‌കൂൾ വൻ തരംഗമായിരുന്നു. ഒരു ലക്ഷത്തിലേറെ പേർ കോഴ്‌സിന്റെ ഭാഗമായിട്ടുണ്ടെന്നാണു വിവരം. എക്‌സിൽ ഒരു കോടിയിലേറെ പേർ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്. 2023ൽ ഗൂഗിളിൽ എറ്റവും സെർച്ച് ചെയ്യപ്പെട്ട സെലിബ്രിറ്റികളിൽ ഒരാളാണ്.
അതേസമയം, 2022ൽ ലൈംഗിക പീഡനക്കേസിൽ കുറ്റാരോപിതരായി സഹോദരനും കിക്‌ബോക്‌സറുമായ ട്രിസ്റ്റൻ ടെയ്റ്റിനൊപ്പം ആൻഡ്ര്യു ടെയ്റ്റ് റൊമാനിയയിൽ അറസ്റ്റിലായിരുന്നു. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാനായി ക്രിമിനൽ സംഘങ്ങളുണ്ടാക്കിയെന്നും മനുഷ്യക്കടത്ത് നടത്തിയെന്നുമെല്ലാം ആരോപണമുണ്ടായിരുന്നു. അഭിമുഖങ്ങളിൽ സ്ത്രീവിരുദ്ധനാണെന്നു സ്വയം പരിചയപ്പെടുത്തിയും വിവാദം സൃഷ്ടിച്ചിരുന്നു.
അതേസമയം, ഹമാസ് തലവൻ യഹ്യ സിൻവാറിന്റെ അവസാന നിമിഷങ്ങൾ എന്ന പേരിൽ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് പുറത്തുവിട്ട വിഡിയോ ഇസ്രായേലിന്റെ 'തന്ത്രപരമായ വീഴ്ച'യായി വിലയിരുത്തപ്പെടുന്നുണ്ട്. അന്താരാഷ്ട്ര മാധ്യമങ്ങളും എഴുത്തുകാരും രാഷ്ട്രീയ പ്രമുഖരുമെല്ലാം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവസാനനിമിഷവും പിന്മാറാത്ത സിൻവാറിന്റെ പോരാട്ടവീര്യത്തിന്റെ തെളിവായി സോഷ്യൽ മീഡിയയിൽ വിഡിയോ വ്യാപകമായി ആഘോഷിക്കപ്പെടുന്നുണ്ട്. ബങ്കറുകളിൽ ഒളിച്ചുകഴിയുന്നെന്നും ആൾക്കൂട്ടത്തിനിടയിൽ സ്ത്രീയായി വേഷപ്രച്ഛന്നരായി കറങ്ങിനടക്കുകയാണെന്നും ബന്ദികളെയും ഫലസ്തീനികളെയും മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നുവെന്നുമടക്കമുള്ള സിൻവാറിനെതിരായ ഇസ്രായേൽ വാദങ്ങൾ പൊളിക്കുന്നതാണു വിഡിയോ എന്നും വിലയിരുത്തലുണ്ട്.
ഇസ്രായേൽ രീതിയനുസരിച്ച് അസാധാരണമായൊരു നടപടിയെന്നാണ് വിഡിയോ പുറത്തുവിട്ടതിനെ കുറിച്ച് പ്രമുഖ ബ്രിട്ടീഷ്-അമേരിക്കൻ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ജാക്കി വാക്കർ പറഞ്ഞത്. ഒരു ഹോളിവുഡ് ഹീറോയുടെ മരണം പോലെയാണിതെന്നും ഈ ദൃശ്യങ്ങൾ ഇസ്രായേലിനു തിരിച്ചടിയാകുമെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു.
Summary: 'I can only pray for a death as heroic as Yahya Sinwar': Former world kickboxing champion and social media personality Andrew Tate