സെലന്‍സ്കിക്കു നേരെ വീണ്ടും വധശ്രമം, റഷ്യന്‍ സൈനിക സംഘം പിടിയിലെന്ന് കിയവ് പോസ്റ്റ്
|റഷ്യൻ സ്പെഷ്യൽ സർവീസസിന്‍റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന സൈനിക സംഘത്തെ പിടികൂടിയെന്ന് റിപ്പോര്‍ട്ട്
കിയവ്: യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമര്‍ സെലന്‍സ്കിക്കെതിരെ വീണ്ടും വധശ്രമമെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ സ്പെഷ്യല്‍ സര്‍വീസസിന്‍റെ നേതൃത്വത്തിലാണ് കൊലപാതകശ്രമം നടന്നതെന്ന് കിയവ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
റഷ്യൻ സ്പെഷ്യൽ സർവീസസിന്‍റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന സൈനിക സംഘത്തെ പിടികൂടി. സ്ലൊവാക്യ-ഹംഗറി അതിർത്തിക്ക് സമീപത്തുവച്ചാണ് യുക്രൈന്‍ അധികൃതർ ഇവരെ പിടികൂടിയത്. റഷ്യയുടെ ആത്യന്തിക ലക്ഷ്യം സെലൻസ്‌കിയെ ഇല്ലാതാക്കുക എന്നതാണെന്നും കിയവ് പോസ്റ്റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനില്‍ ആക്രമണം തുടങ്ങിയത്. റഷ്യയുടെ ലക്ഷ്യം താനാണെന്ന് സെലന്‍സ്കി നേരത്തെ പറയുകയുണ്ടായി. എന്നാല്‍ എന്തു സംഭവിച്ചാലും താനും കുടുംബവും യുക്രൈന്‍ വിടില്ലെന്ന് സെലന്‍സ്കി വ്യക്തമാക്കിയിട്ടുണ്ട്.
മാനുഷിക ഇടനാഴി തുറക്കാനാവില്ലെന്ന് യുക്രൈൻ
യുക്രൈനിൽ റഷ്യയുടെ ആക്രമണം തുടരുന്നു. റഷ്യ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ മാനുഷിക ഇടനാഴി തുറക്കാനാവില്ലെന്ന് യുക്രൈൻ അറിയിച്ചു. തലസ്ഥാന നഗരിയായ കിയവ്, മരിയുപോൾ ഉൾപ്പെടെയുള്ള പല നഗരങ്ങളും റഷ്യ വളഞ്ഞിരിക്കുകയാണ്. അവിടങ്ങളിലെല്ലാം യുക്രൈൻ ചെറുത്തുനിൽപ്പ് തുടരുകയാണ്. നിലവിൽ സമ്മർദം റഷ്യക്ക് മേലാണെന്നും വേണ്ടത്ര സൈനിക ഉപകരണങ്ങളും സൈനികരും ഇല്ലാതെ റഷ്യ കുഴങ്ങുകയാണെന്നും യുക്രൈൻ പ്രസിഡന്‍റിന്‍റെ മുതിർന്ന ഉപദേഷ്ടാവ് അലക്സാണ്ടർ റോഡ്നിയാൻസ്കി പറഞ്ഞു.
അതിനിടെ പ്രശസ്ത റഷ്യൻ പത്രമായ നോവയ ഗയറ്റ പ്രസിദ്ധീകരണം നിർത്തി. യുദ്ധത്തെ വിമർശിച്ചതിന് റഷ്യൻ സർക്കാർ പത്രത്തിനെതിരെ നടപടിയെടുത്തിരുന്നു. യുദ്ധം അവസാനിക്കുന്നത് വരെ പ്രസിദ്ധീകരണം നിർത്തിവെക്കുന്നുവെന്നാണ് മാനേജ്മെന്‍റ് അറിയിച്ചിരുക്കുന്നത്. സമാധാന നൊബേൽ പുരസ്കാര ജേതാവ് ദിമിത്രി മൊറട്ടോവാണ് നൊവായ ഗസട്ടെയുടെ എഡിറ്റർ ഇൻ ചീഫ്. യുക്രൈൻ റഷ്യ സമാധാന ചർച്ചകൾ തുർക്കിയിൽ തുടരുകയാണ്. ചർച്ചയിൽ റഷ്യയോട് വെടിനിർത്തൽ ആവശ്യപ്പെടുമെന്ന് യുക്രൈൻ അറിയിച്ചു.
Summary- Ukrainian President Volodymyr Zelenskyy survived another assassination attempt led by the Russian Special Services, as reported by Kyiv Post on Monday.