World
മുസ്സോളിനിക്ക് ശേഷം ഇറ്റലിയിൽ വീണ്ടും തീവ്രവലതുപക്ഷ ഗവൺമെൻറ്?; ആരാണ് ജോർജിയ മെലോണി?
World

മുസ്സോളിനിക്ക് ശേഷം ഇറ്റലിയിൽ വീണ്ടും തീവ്രവലതുപക്ഷ ഗവൺമെൻറ്?; ആരാണ് ജോർജിയ മെലോണി?

Web Desk
|
25 Sep 2022 2:25 PM GMT

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ വീണ്ടും തീവ്രവലതുപക്ഷ ഗവൺമെൻറ് രൂപവത്കരിക്കപ്പെടുമോയെന്നും രാജ്യത്ത് ആദ്യ വനിത പ്രധാനമന്ത്രിയെത്തുമോയെന്ന് അറിയാനും ഇനി ഒരു തെരഞ്ഞെടുപ്പ് ദൂരം മാത്രം

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇറ്റലിയിൽ വീണ്ടും തീവ്രവലതുപക്ഷ ഗവൺമെൻറ് രൂപവത്കരിക്കപ്പെടുമോയെന്നും രാജ്യത്ത് ആദ്യ വനിത പ്രധാനമന്ത്രിയെത്തുമോയെന്ന് അറിയാനും ഇനി ഒരു തെരഞ്ഞെടുപ്പ് ദൂരം മാത്രം. പ്രീ പോൾ ട്രെൻഡുകൾ അനുസരിച്ച് ജോർജിയ മെലോണിയുടെ 'ഫ്രാറ്റല്ലി ഡി ഇറ്റാലിയ' ( ഇറ്റലിയുടെ സഹോദരർ) 25 ശതമാനം വോട്ടോടെ അധികാരത്തിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കിൽ തീവ്രവലതുപക്ഷ നയം പുലർത്തുന്ന അവരുടെ പാർട്ടി ചരിത്രപരമായ അധികാരാരോഹണം നടത്തും. ഒപ്പം ജോർജിയ ഭരണതലപ്പത്തിരിക്കും. ബെനിറ്റോ മുസ്സോളിനി റോമിനെ ഭരിച്ച് നൂറുവർഷത്തിന് ശേഷമായിരിക്കും ഒരു തീവ്ര വലതുപക്ഷ ഗവൺമെൻറ് അധികാരത്തിലെത്തുക.

മറ്റൊരു ദേശീയവാദി...

കഴിഞ്ഞ കുറച്ചു കാലമായി ജോർജിയ മെലോണിയുടെ ജനപ്രിയത ഇറ്റലിയിൽ കൂടിവരികയാണ്. ഈ സാഹചര്യം ഇറ്റലിയിലും യൂറോപ്പിലാകെയും അപായമണി മുഴക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്. മെലോണിയയുടെ കരിയറും രീതികളും ഇതര രാജ്യങ്ങളിലെ വലതുപക്ഷ നേതാക്കളുടെ രീതികളോട് സാമ്യമുള്ളതാണ്. അസംതൃപ്ത ജനതക്ക് ശക്തമായ വാഗ്ദാനം നൽകി അവസരം കാത്തിരിക്കുന്ന നേതാവ്, തൊഴിലാളി സമൂഹത്തിൽ ജനനം, സത്യസന്ധ്യമായ പ്രതിച്ഛായ, ഇടിമുഴക്കം പോലെയുള്ള പ്രഭാഷണ ശൈലി, പരമ്പരാഗത കുടുംബ പശ്ചാത്തലം, കുടിയേറ്റക്കാരോട് കഠിന നിലപാട് തുടങ്ങിയവ ജോർജിയ മെലോണിയുടെ പ്രത്യേകതകളാണ്. താൻ ഫാസിസ്റ്റല്ലെന്നാണ് അവകാശപ്പെടുന്നതെങ്കിലും അവരും സഹപ്രവർത്തകരും നടത്തുന്ന പ്രസ്താവനകളും പാർട്ടിയുടെ അടിവേരുകളും ഈ അവകാശ വാദത്തിനെതിരാണ്. റഷ്യൻ- യുക്രൈൻ യുദ്ധത്തിന് ശേഷം ഇറ്റലിയിലും യൂറോപ്പിലും ജീവിത ചെലവുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് മെലോണിയയുടെ രംഗപ്രവേശനം. ഇത് ഭൂഖണ്ഡത്തിലാകെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം.

45കാരിയായ മെലോണി ഗാർബെറ്റല്ലയിലാണ് വളർന്നത്. റോമിലെ തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന ഒരിടമാണിത്. പിതാവ് കുടുംബത്തെ ഒഴിവാക്കി പോയതിന് ശേഷം കൗമാരത്തിൽ ഇവർ ഇറ്റാലിയൻ സോഷ്യൽ മൂവ്‌മെൻറിൽ (എം.എസ്.ഐ) ചേരുകയായിരുന്നു. മുസ്സോളിനിയെ പിന്തുണക്കുന്നവർ ചേർന്ന് 1946ൽ രൂപവത്കരിച്ചതാണ് ഈ സംഘടന. 2021 ൽ 'ഐ ആം ജോർജിയ' എന്ന പേരിൽ മെലോണി ആത്മകഥ എഴുതിയിരുന്നു. ഈ പുസ്തകത്തിൽ എംഎസ്‌ഐയെ പുതിയ കുടുംബം എന്നാണ് അവർ വിശേഷിപ്പിച്ചത്. തുടർന്ന് വലതു പക്ഷ സംഘടനകളിൽ പ്രവർത്തിച്ചാണ് ഇവർ ഇപ്പോൾ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്നത്.

2006ൽ ഇറ്റാലിയൺ പാർലമെൻറിന്റെ ചേംബർ ഓഫ് ഡെപ്യൂട്ടീസിലേക്ക് മെലോണി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2008ൽ ഇറ്റലിയുടെ ഏറ്റവും യുവമന്ത്രിയായി അവർ മാറി. സിൽവിയോ ബെർലുസ്‌കോണിയുടെ ഗവൺമെൻറിലായിരുന്നു ഈ പദവി. 2012ലാണ് 'ഫ്രാറ്റെല്ലി ദി ഇറ്റാലിയ' പാർട്ടി മെലോണി രൂപവത്കരിച്ചത്. ഇറ്റാലിയൻ ദേശീയ ഗാനത്തിൽ നിന്ന് കടമെടുത്തതായിരുന്നു പാർട്ടിയുടെ പേര്. ഇറ്റാലിയൻ കൊടിയിലുള്ള ത്രിവർണ്ണത്തിൽ നിന്നുള്ള ഒരു ജ്വാലയായാണ് ചിഹ്നം തിരഞ്ഞെടുത്തത്. എം.എസ്.ഐ വഴി കിട്ടിയ ഈ ചിഹ്നം മുസ്സോളിനിയുടെ ശവകുടീരത്തിന് മുകളിലെ ജ്വാലയുടെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്.

2018ലെ തെരഞ്ഞെടുപ്പിൽ നാലു ശതമാനം വോട്ടാണ് പാർട്ടിക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇക്കുറി മെലോണിയുടെ പാർട്ടി മുന്നേറുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അങ്ങനെയാണെങ്കിൽ ബെർലുസ്‌കോണിയുടെ ഫോർസ ഇറ്റാലിയയും മാറ്റിയോ സാൽവിനിയുടെ ലീഗും സഖ്യം രൂപവത്കരിച്ചേക്കും. കഴിഞ്ഞ വർഷം ടെക്‌നോകാർട്ട് മരിയോ ഡ്രാഗ്ഹിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിൽ ചേരാതിരുന്ന ഏക പാർട്ടി 'ഫ്രാറ്റല്ലി ഡി ഇറ്റാലിയ'യായിരുന്നു. വൈരുധ്യങ്ങളേറെയുള്ള സഖ്യം ജൂലൈയിൽ തകർന്നതോടെയാണ് സെപ്തംബർ 25ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കാനിടയാക്കിയത്. അതിനാൽ പ്രതിപക്ഷമെന്ന നിലയിൽ കഴിഞ്ഞ ഗവൺമെൻറിനെ ആക്രമിക്കാൻ കഴിയുന്ന ഏക പ്രതിപക്ഷം 'ഫ്രാറ്റല്ലി ഡി ഇറ്റാലിയ'യാണ്. മെലോണി യൂറോപ്യൻ കൺസർവേറ്റീസ് ആൻഡ് റിഫോർമിസ്റ്റ്‌സ് പാർട്ടി ചെയർപേഴ്‌സൺ കൂടിയാണ്.

മെലോണിയുടെ നയങ്ങൾ, നിലപാടുകൾ...

ദരിദ്രരടക്കം എല്ലാവർക്കും നികുതിയിളവ് നൽകുന്ന കച്ചവട സൗഹൃദ നയമാണ് മെലോണിയുടേത്. ഇറ്റാലിയൻ നിവാസികളുടെ ജനനനിരക്ക് വർധിപ്പിക്കാനും കുടിയേറ്റം തടയാനും ഇവർ പദ്ധതിയിടുന്നു. ഇറ്റലിയുടെ കാര്യങ്ങളിൽ യൂറോപ്യൻ യൂണിയന്റെ ഇടപെടലുകൾ പ്രകോപനങ്ങളില്ലാതെ തന്നെ കുറയ്ക്കാനും മെലോണി ലക്ഷ്യമിടുന്നു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിൽ ഇതര യൂറോപ്യൻ രാജ്യങ്ങളെ പോലെ തന്നെ ഇവർ യുക്രൈനെയാണ് പിന്തുണച്ചിരുന്നത്.

ഗർഭച്ഛിദ്രം, ആനുപാതിക പ്രാതിനിധ്യമടക്കമുള്ള സ്ത്രീ അവകാശങ്ങൾ, എൽജിബിടിക്യൂ അവകാശങ്ങൾ മെലോണി അധികാരത്തിലെത്തിയാൽ അവഗണിക്കപ്പെട്ടേക്കാം. കഴിഞ്ഞ ജൂണിൽ ഇവർ ഒരു റാലിയിൽ നടത്തിയ പ്രസംഗം റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു. എൽജിബിടി രീതിക്ക് പകരം സ്വാഭാവിക കുടുംബ ജീവിതത്തിലേക്ക് മടങ്ങാനായിരുന്നു ഇവർ റാലിയിൽ ആഹ്വാനം ചെയ്തത്. ആക്രമണങ്ങൾ സൃഷ്ടിക്കുന്നുവെന്ന ഇസ്‌ലാം വിരുദ്ധതയും കൂട്ടക്കുടിയേറ്റത്തിനെതിരായ നിലപാടും അവർ തുറന്നുപറഞ്ഞു.

കുറഞ്ഞ ജനന നിരക്കും പ്രായമേറിയ ജനസംഖ്യയുമുള്ള ഇറ്റലിയിലേക്ക് കുടിയേറ്റം വംശീയ ബദൽ സൃഷ്ടിക്കാനുള്ള നീക്കമാണെന്ന് ഇവർ ആരോപിച്ചു. അധികാരത്തിലെത്തിയാൽ ഇതിനെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജർമനിയിൽ നിന്ന് വ്യത്യസ്തമായി ഇറ്റലി തങ്ങളുടെ ഭൂതകാലം വിലയിരുത്താത്തതാണ് മെലോണി ഉയർന്നുവരാൻ കാരണമെന്നാണ് വിമർശകർ പറയുന്നത്.

Another far-right government in Italy after Mussolini?; Who is Giorgia Melonei?

Similar Posts