270 കോടിയുടെ അഴിമതിക്കേസിൽ കുറ്റം സമ്മതിച്ച് അഴിമതി വിരുദ്ധ വിഭാഗം മേധാവി
|മുമ്പ് രാജ്യത്തെ സുരക്ഷാ മന്ത്രാലയത്തിലെ അച്ചടക്ക പരിശോധനയുടെയും സൂപ്പർവിഷൻ ടീമിന്റേയും തലവനായിരുന്നു ഇദ്ദേഹം.
270 കോടിയുടെ അഴിമതിക്കേസിൽ കുറ്റം സമ്മതിച്ച് ചൈനയിലെ അഴിമതി വിരുദ്ധ വിഭാഗം മേധാവി. ചൈനീസ് ഇന്റലിജൻസ്, കൗണ്ടർ ഇന്റലിജൻസ് വകുപ്പ് മന്ത്രാലയത്തിലെ മേധാവിയായ ലിയു യാൻപിങ് ആണ് കുറ്റം സമ്മതിച്ചത്. കഴിഞ്ഞ മാസം 20-ാം നാഷണൽ കോൺഗ്രസിന് മുമ്പാണ് ലിയു കൈക്കൂലി ആരോപണത്തിൽ കുറ്റാരോപിതനായത്.
മുമ്പ് രാജ്യത്തെ സുരക്ഷാ മന്ത്രാലയത്തിലെ അച്ചടക്ക പരിശോധനയുടെയും സൂപ്പർവിഷൻ ടീമിന്റേയും തലവനായിരുന്നു ലിയു. 2001നും 2022നും ഇടയിൽ തന്റെ സ്ഥാനങ്ങൾ ദുരുപയോഗം ചെയ്ത് ബിസിനസ് പ്രവർത്തനങ്ങൾക്കും വിവിധ കേസുകൾ കൈകാര്യം ചെയ്യുന്നതിനും തൊഴിൽ ക്രമീകരണങ്ങൾക്കും ലൈസൻസ് പ്ലേറ്റുകൾക്കുമുൾപ്പെടെ കൈക്കൂലി വാങ്ങിയെന്ന കുറ്റമാണ് ലിയുവിനെതിരെ ചുമത്തിയത്.
പലകാര്യങ്ങൾക്കായി ഏകദേശം 234 മില്യൻ ചൈനീസ് യുവാൻ (33.12 മില്യൺ യു.എസ് ഡോളർ- 270 കോടിയിലേറെ ഇന്ത്യൻ രൂപ) കൈക്കൂലിയാണ് ലിയു അനധികൃതമായി കൈപ്പറ്റിയത്.
വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പ്രതിയും അഭിഭാഷകനും പരിശോധിച്ചു. വിചാരണയ്ക്കിടെ കുറ്റം സമ്മതിച്ച ലിയു, കുറ്റബോധം പ്രകടിപ്പിക്കുകയും ചെയ്തു.
വിചാരണയിൽ പൊതുജനങ്ങളുടെ പ്രതിനിധികളായി 20 പേരും പങ്കെടുത്തു. അടുത്തദിവസം ലിയുവിന്റെ ശിക്ഷ വിധിക്കുമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.