World
Palestine Authority President Mahmoud Abbas to US Secretary of State Antony Blinken, Antony Blinken meets Mahmoud Abbas amid Israel attack in Gaza
World

'കൈയേറിയ ഫലസ്തീൻ പ്രദേശങ്ങൾ ഒഴിയണം; കിഴക്കൻ ജറൂസലമിനെ തലസ്ഥാനമായി അംഗീകരിക്കണം'-ബ്ലിങ്കനോട് മഹ്മൂദ് അബ്ബാസ്

Web Desk
|
5 Nov 2023 4:02 PM GMT

ഫലസ്തീനികളുടെ ന്യായമായ അഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ആന്റണി ബ്ലിങ്കൻ കൂടിക്കാഴ്ചയിൽ അവകാശപ്പെട്ടു

റാമല്ല: ഗസ്സയിൽ അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഇടപെടണമെന്ന് യു.എസ് വിദേശകാര്യ മന്ത്രി ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെട്ട് ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. മാനുഷിക സഹായവും വഹിച്ചുള്ള വാഹനങ്ങൾ ഗസ്സയിലേക്കു കടത്തിവിടാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഫലസ്തീൻ-ഇസ്രായേൽ പ്രശ്‌നത്തിനു സമഗ്രമായ രാഷ്ട്രീയപരിഹാരം കണ്ടാലേ ഫലസ്തീൻ അതോറിറ്റിക്ക് ഗസ്സ മുനമ്പിൽ അധികാരത്തിൽ തിരിച്ചെത്താനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് റാമല്ലയിൽ വച്ചായിരുന്നു ബ്ലിങ്കൻ-അബ്ബാസ് കൂടിക്കാഴ്ച. വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം, ഗസ്സ മുനമ്പ് ഉൾപ്പെട്ട സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിനകത്തുള്ള എല്ലാ ഉത്തരവാദിത്തവും തങ്ങൾ ഏറ്റെടുക്കുമെന്ന് കൂടിക്കാഴ്ചയിൽ അബ്ബാസ് വ്യക്തമാക്കിയതായി ഫലസ്തീൻ വാർത്താ ഏജൻസിയായ 'വഫാ' റിപ്പോർട്ട് ചെയ്തു. ഫലസ്തീൻ പ്രദേശങ്ങളിലെ അധിനിവേശം അവസാനിപ്പിച്ചാലേ സമാധാനവും സുരക്ഷയും സാധ്യമാകൂ. കിഴക്കൻ ജറൂസലമിനെ തങ്ങളുടെ തലസ്ഥാനമായി അംഗീകരിക്കുകയും വേണമെന്നും മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു.

ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് വംശഹത്യയാണെന്നും അബ്ബാസ് ചൂണ്ടിക്കാട്ടി. ഗസ്സയിൽ ഇസ്രായേലിന്റെ യുദ്ധയന്ത്രങ്ങൾക്കിരയായി ഞങ്ങളുടെ ഫലസ്തീൻ ജനത നേരിടുന്ന യാതനയും ഈ വംശഹത്യയുമൊന്നും വിശദീകരിക്കാൻ തന്റെയടുത്ത് വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഗസ്സയുടെ ഭാവിയിൽ ഫലസ്തീൻ അതോറിറ്റിക്ക് മുഖ്യ പങ്കുണ്ടാകണമെന്ന് ബ്ലിങ്കൻ മഹ്മൂദ് അബ്ബാസിനോട് ആവശ്യപ്പെട്ടതായി ഒരു മുതിർന്ന യു.എസ് വിദേശകാര്യ മന്ത്രാലയം വക്താവ് 'റോയിട്ടേഴ്‌സി'നോട് പറഞ്ഞു. ഫലസ്തീനികളുടെ ന്യായമായ അഭിലാഷങ്ങൾ യാഥാർത്ഥ്യമാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടതായാണു വിവരം. ഇതിനുശേഷം ബ്ലിങ്കൻ തുർക്കിയിലേക്കു തിരിച്ചു. ഫലസ്തീൻ-ഇസ്രായേൽ യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുർക്കി രാഷ്ട്രത്തലവന്മാരുമായി ബ്ലിങ്കൻ ചർച്ച ചെയ്യുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

Summary: ''We will fully assume our responsibilities within the framework of a comprehensive political solution that includes all of the West Bank, including east Jerusalem and the Gaza Strip'': Palestine Authority President Mahmoud Abbas to US Secretary of State Antony Blinken

Similar Posts