World
ഉപരോധിച്ച് ആപ്പിളും; യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യയിലെ വിൽപ്പന നിർത്തിവെച്ചു
World

ഉപരോധിച്ച് ആപ്പിളും; യുക്രൈൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് റഷ്യയിലെ വിൽപ്പന നിർത്തിവെച്ചു

Web Desk
|
2 March 2022 2:28 AM GMT

റഷ്യയിലെ ആപ്പിൾ പേയും മറ്റ് സേവനങ്ങളും കമ്പനി പരിമിതപ്പെടുത്തി

യുക്രെയ്ൻ അധിനിവേശത്തിന് പിന്നാലെ റഷ്യയിലെ എല്ലാ ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിർത്തിവെച്ചതായി അമേരിക്കൻ ടെക്നോളജി കമ്പനി ആപ്പിൾ അറിയിച്ചു. 'ഞങ്ങൾ റഷ്യയിലെ എല്ലാ ഉൽപ്പന്ന വിൽപ്പനയും താൽക്കാലികമായി നിർത്തി. കഴിഞ്ഞ ആഴ്ച, രാജ്യത്തെ ഞങ്ങളുടെ സെയിൽസ് ചാനലിലേക്കുള്ള എല്ലാ കയറ്റുമതിയും ഞങ്ങൾ നിർത്തി' യെന്ന് ആപ്പിൾ പ്രസ്താവനയിലൂടെ അറിയിച്ചു. കൂടാതെ റഷ്യയിലെ ആപ്പിൾ പേയും മറ്റ് സേവനങ്ങളും കമ്പനി പരിമിതപ്പെടുത്തിയിരിക്കുന്നു.

'യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ ഞങ്ങൾ വളരെയധികം ഉത്കണ്ഠാകുലരാണ്. അക്രമത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്ന എല്ലാ ജനങ്ങളോടും ഒപ്പം നിലകൊള്ളുന്നതായും കമ്പനി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. 'ഞങ്ങൾ അഭയാർത്ഥി പ്രതിസന്ധിക്ക് സഹായം നൽകാനും ഈ മേഖലയിലെ ഞങ്ങളുടെ ടീമുകളെ പിന്തുണയ്ക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. അധിനിവേശത്തിനെതിരെ ഞങ്ങൾ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും' ആപ്പിൾ വ്യക്തമാക്കി. 'യുക്രേനിയൻ പൗരന്മാർക്കുള്ള സുരക്ഷാ മുൻകരുതൽ നടപടിയായി ഞങ്ങൾ യുക്രൈനിലെ അപ്പിൾ മാപ്പിൽ ട്രാഫിക്കും ലൈവ് സംഭവങ്ങളും പ്രവർത്തനരഹിതമാക്കിയിട്ടുണ്ട്. ഞങ്ങൾ സ്ഥിതിഗതികൾ വിലയിരുത്തുന്നത് തുടരുകയാണ്. ലോകമെമ്പാടുമുള്ള സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന എല്ലാവരോടും ഞങ്ങൾ പങ്കുചേരുന്നതായും' ആപ്പിൾ അറിയിച്ചു.

കഴിഞ്ഞ ആഴ്ച, യുക്രൈൻ വൈസ് പ്രധാനമന്ത്രിയും ട്രാൻസ്‌ഫോർമേഷൻ മന്ത്രിയുമായ മൈഖൈലോ ഫെഡോറോവ് ആപ്പിൾ സിഇഒ ടിം കുക്കിന് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. ആപ്പിൾ സേവനങ്ങളും ഉൽപ്പന്നങ്ങളും റഷ്യൻ ഫെഡറേഷന് നൽകുന്നത് നിർത്തണമെന്ന് അഭ്യർഥിച്ചായിരുന്നു കത്ത്.

യുക്രൈനിൽ യുദ്ധം തുടങ്ങിയത് മുതൽ കൂടുതൽ രാജ്യങ്ങളും വൻകിടകമ്പനികളും റഷ്യക്ക് മേൽ ഉപരോധം പ്രഖ്യാപിച്ചിരുന്നു. നേരത്തെ, റഷ്യയിലെ യൂട്യൂബ് പരസ്യ വരുമാനങ്ങൾ നൽകുന്നത് നിർത്തിവെച്ചിരുന്നു. റഷ്യൻ സർക്കാർ അനുകൂലമാധ്യമങ്ങളായ റഷ്യ ടുഡേ, സ്പുട്‌നിരക്ക് എന്നിവക്ക് യൂട്യൂബ് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയും നേരത്തെ തന്നെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. റഷ്യൻ സർക്കാർ അനുകൂല മാധ്യമങ്ങളുടെ ട്വീറ്റുകൾക്ക് നിയന്ത്രണമേർപ്പെടുത്തുമെന്ന് ട്വിറ്ററും അറിയിച്ചിരുന്നു.

റഷ്യയിലുള്ള സിനിമാ റിലീസുകൾ താൽക്കാലികമായി നിർത്തിവെച്ച് ഹോളിവുഡിലെ പ്രമുഖ സ്റ്റുഡിയോകളായ സിഡ്നിയും വാർണർ ബ്രദേഴ്സും സോണിയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രധാനപ്പെട്ട റിലീസുകൾ അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കെയാണ് റിലീസുകൾ നിർത്തിവെക്കുന്നതായി പ്രൊഡക്ഷൻ ഹൗസുകൾ അറിയിച്ചത്. യു.എസ്.അടക്കമുള്ള ലോകരാജ്യങ്ങൾ റഷ്യക്ക് മേൽ കടുത്ത ഉപരോധ നടപടികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സെൻട്രൽ ബാങ്ക് ഉൾപ്പെടെയുള്ള റഷ്യയിലെ ബാങ്കുകൾക്ക് മേൽ യു.എസ് ഉപരോധം ശക്തമാക്കിയിരുന്നു.

Similar Posts