ഹമാസിനെ ഭീകര സംഘടനയായി മുദ്രകുത്തി അർജന്റീന
|ഫലസ്തീനുമായി സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ച് ബ്രസീൽ
ബ്യൂണസ് ഐറിസ്: ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ലാറ്റിനമേരിക്കൻ രാജ്യമായ അർജന്റീന. ഫലസ്തീൻ സംഘത്തിന്റെ സാമ്പത്തിക ആസ്തികൾ മരവിപ്പിക്കാനും വെള്ളിയാഴ്ച ഉത്തരവിട്ടു. അർജന്റീനൻ പ്രസിഡന്റ് യാവിയർ മിലിയുടെ ഓഫിസാണ് പ്രഖ്യാപനം നിർവഹിച്ചത്. ഇസ്രായേലിനെയും അമേരിക്കയെയും ശക്തമായി പിന്തുണക്കുന്നയാളാണ് മിലി.
ഒക്ടോബർ ഏഴിലേത് ഇസ്രായേലിന്റെ 76 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമാണെന്ന് പ്രസിഡന്റിന്റെ ഓഫിസ് ഉത്തരവിൽ പറയുന്നു. 1200 പേർ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത സംഭവത്തെ തുടർന്നാണ് ഗസ്സയിൽ ഇപ്പോൾ നടക്കുന്ന യുദ്ധം ആരംഭിച്ചതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി.
ഹമാസിന് ഇറാനുമായി വളരെ അടുത്ത ബന്ധമുണ്ട്. അവരാണ് അർജന്റീനയിലെ രണ്ട് ജൂത കേന്ദ്രങ്ങളിലുണ്ടായ ആക്രമണത്തിന് പിന്നിലെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഈ ആക്രമണത്തിലൊന്നിന്റെ മുപ്പതാം വാർഷികത്തിന്റെ ദിവസങ്ങൾക്ക് മുമ്പാണ് അർജന്റീനയുടെ ഭാഗത്തുനിന്ന് പുതിയ നീക്കം വരുന്നത്.
1994ൽ ബ്യൂണസ് ഐറിസിലെ ജൂത വിഭാഗങ്ങൾ താമസിക്കുന്ന കേന്ദ്രത്തിലുണ്ടായ ആക്രമണത്തിൽ 85 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 1992ൽ ഇസ്രായേൽ എംബസിക്ക് നേരെയായിരുന്നു മറ്റൊരു ആക്രമണം. ഇതിൽ 20 പേർ കൊല്ലപ്പെട്ടു. ഇറാൻ പിന്തുണയുള്ള ലെബനാനിലെ ഹിസ്ബുല്ലയുടെ അംഗങ്ങളാണ് രണ്ട് ആക്രമണത്തിനും പിന്നിലെന്നാണ് അർജന്റീനയുടെ ആരോപണം.
അമേരിക്കയും യൂറോപ്യൻ യൂനിയനിലെ നിരവധി രാജ്യങ്ങളും ഗസ്സ മുനമ്പ് ഭരിക്കുന്ന ഹമാസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിറകെയാണ് അർജന്റീനയുടെ പ്രഖ്യാപനവും വരുന്നത്. ലാറ്റിനമേരിക്കയിൽ ഏറ്റവുമധികം ജൂത സമുദായങ്ങൾ താമസിക്കുന്ന രാജ്യം കൂടിയാണ് അർജൻറീന. മുമ്പ് ഇടതുപക്ഷ ആഭിമുഖ്യമുള്ള പെറോണിസ്റ്റ് സർക്കാർ ഇസ്രായേലിനോട് സൗഹൃദം പുലർത്തുമ്പോഴും ഫലസ്തീൻ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ഡിസംബറിൽ അധികാരമേറ്റത് മുതൽ പ്രസിഡന്റ് യാവിയർ മിലി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ഗസ്സയിലെ വംശഹത്യ ആക്രമണത്തിന് ശേഷം പല രാജ്യങ്ങളും ഇസ്രായേലിനെതിരെ തിരിഞ്ഞെങ്കിലും മിലി തന്റെ പിന്തണുയുമായി മുന്നോട്ടുപോവുകയാണ് എന്നതിന്റെ തെളിവ് കൂടിയാണ് പുതിയ പ്രഖ്യാപനം.
മിലിയുടെ ആദ്യ അന്താരാഷ്ട്ര സന്ദർശനം ഇസ്രായേലിലേക്കായിരുന്നു. അർജന്റീനയുടെ എംബസി തലസ്ഥാനത്തേക്ക് മാറ്റുമെന്ന് അദ്ദേഹം നെതന്യാഹുവിന് ഉറപ്പുനൽകി. കൂടാതെ ഹാമസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. റോമൻ കത്തോലിക്കനാണെങ്കിലും ജൂതമതവുമായി ആഴത്തിലുള്ള ആത്മീയ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ലാറ്റിനമേരിക്കൻ രാജ്യങ്ങളായ കൊളംബിയയും ബ്രസീലും ചിലിയും മെക്സികോയുമെല്ലാം ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്. ഫലസ്തീനുമായുള്ള സ്വതന്ത്ര വ്യാപാര കരാർ ഈ ആഴ്ചയാണ് ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ പ്രഖ്യാപിച്ചത്. ഇതോടെ കസ്റ്റംസ് തീരുവയില്ലാതെ ഫലസ്തീൻ ഉൽപ്പനങ്ങൾ ബ്രസീലിലേക്ക് കൊണ്ടുവരാൻ സാധിക്കും. ഫലസ്തീനിയുമായി സ്വതന്ത്ര കരാർ അംഗീകരിക്കുന്ന സൗത്ത് അമേരിക്കൻ വ്യാപാര കൂട്ടായ്മയിലെ ആദ്യ രാജ്യമാണ് ബ്രസീലെന്നും ലുല പറഞ്ഞു.
ഗസ്സയിലെ വംശഹത്യയിൽ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ മേയിൽ ഇസ്രായേലിലെ അംബാസഡറെ ബ്രസീൽ തിരിച്ചുവിളിച്ചിരുന്നു. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിനെതിരെ നിരന്തരം ശബ്ദമുയര്‍ത്താറുള്ള ലുല ആക്രമണങ്ങളെ വംശഹത്യ എന്ന് വിളിക്കുകയും രണ്ടാം ലോകമഹായുദ്ധകാലത്ത് ഹിറ്റ്ലര്‍ നടത്തിയ ഹോളോകോസ്റ്റുമായി താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു. സൈന്യം സൈന്യത്തിനെതിരെ നടത്തുന്ന യുദ്ധമല്ല, വമ്പൻ തയ്യാറെടുപ്പുമായി സൈന്യം കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നടത്തുന്ന യുദ്ധമാണെന്നും ബ്രസീല്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി.
കൊളംബിയയും ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും അവസാനിപ്പിച്ചിട്ടുണ്ട്. കൂടാതെ ഫലസ്തീനിൽ എംബസി തുറക്കാൻ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഉത്തരവിടുകയും ചെയ്തു. റാമല്ലയിലാണ് നയതന്ത്ര കാര്യാലയം തുറക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ലൂയിസ് ഗിൽബെർട്ടോ മുറില്ലോ അറിയിച്ചു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരഹത്യയെ തുടക്കം മുതൽ രൂക്ഷമായ ഭാഷയിൽ എതിർക്കുന്ന രാജ്യമാണ് കൊളംബിയ. ഗസ്സയിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് തെൽഅവീവിൽനിന്ന് കൊളംബിയൻ അംബാസഡറെ മേയ് ആദ്യത്തിൽ ഗുസ്താവോ പെട്രോ തിരിച്ചുവിളിച്ചിരുന്നു. മേയ് മൂന്നിന് എംബസി അടച്ചുപൂട്ടുകയും ചെയ്തു. പിന്നാലെ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുകയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് കൂടാതെ ഗസ്സയിൽ പരിക്കേറ്റ കുട്ടികൾക്ക് ചികിത്സാ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട് കൊളംബിയ. ഗസ്സയിലെ വംശീയ ആക്രമണത്തിൽ പ്രതിഷേധിച്ച് ചിലിയും ഇസ്രായേലിൽനിന്ന് അംബാസഡറെ തിരിച്ചുവിളിച്ചിട്ടുണ്ട്.
Summary : Argentina has labeled Hamas a terrorist organization