ചാറ്റ്ജിപിടി ഉപയോഗിച്ച് വ്യാജ വാർത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഒരാൾ അറസ്റ്റിൽ
|ഏപ്രിൽ 25 ന് ലോക്കൽ ട്രെയിൻ അപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടുവെന്നായിരുന്നു വാർത്ത
ബീജിങ്: ചാറ്റ്ജിപിടി സാങ്കേതികവിദ്യ ഉപയോഗിച്ച് ട്രെയിൻ അപകടത്തെക്കുറിച്ച് വ്യാജവാർത്ത ഓൺലൈനിൽ പ്രചരിപ്പിച്ച ഒരാൾ അറസ്റ്റിൽ. ചൈനയിലെ വടക്കുപടിഞ്ഞാറൻ ഗാൻസു പ്രവിശ്യയിലെ ഹോംഗ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജവിവരങ്ങൾ പ്രചരിപ്പിച്ചതിനാണ് അറസ്റ്റെന്ന് ചൈനീസ് പൊലീസ് വ്യക്തമാക്കി. ഇത്തരമൊരു സംഭവത്തില്‍ ആദ്യത്തെ അറസ്റ്റാണിത്.
ഏപ്രിൽ 25 ന് ലോക്കൽ ട്രെയിൻ അപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടുവെന്നായിരുന്നു വ്യാജ വാർത്ത സൗത്ത് ചൈന മോണിംഗ് പോസ്റ്റ് എന്ന മാധ്യമത്തിന്റെ പേരിലായിരുന്നു വാർത്ത നൽകിയത്. ബ്ലോഗ് ശൈലിയിലുള്ള പ്ലാറ്റ് ഫോമായ ബൈജിയാഹാവോയിൽ 20-ലധികം അക്കൗണ്ടുകൾ ഒരേസമയം ലേഖനം പോസ്റ്റ് ചെയ്തതായി കോങ്ടോംഗ് കൗണ്ടിയിലെ സൈബർ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. ഏകദേശം 10 ദിവസങ്ങൾക്ക് ശേഷമാണ് ഇയാൾ പൊലീസിന്റെ പിടിയിലാകുന്നത്. ഇയാൾ ഉപയോഗിച്ച കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തു.
സാധാരണഗതിയിൽ പരമാവധി അഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ചാറ്റ്ജിപിടി സൃഷ്ടിക്കുന്ന വ്യാജവാർത്തകൾ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്ന് ബീജിംഗിലെ പൊലീസ് പൊതുജനങ്ങൾക്ക് പ്രത്യേകം മുന്നറിയിപ്പ് നൽകിയതായി ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.