അമേരിക്കൻ ക്യാമ്പസുകളിൽ ഇസ്രായേലിനെതിരെ പ്രതിഷേധം; അറസ്റ്റിലായത് 550ഓളം വിദ്യാർഥികൾ
|ഫലസ്‌തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തതിന് അമേരിക്കയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയും അറസ്റ്റിലായി
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ അമേരിക്കയിലെ സർവകലാശാലകളിൽ പ്രതിഷേധം വ്യാപകമാകുന്നു. സമാധാനപരമായി വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് തുടരുകയാണ് പൊലീസ്. യുഎസിലെ പ്രധാന സർവകലാശാലകളിൽ കഴിഞ്ഞ ആഴ്‌ച 550ഓളം അറസ്റ്റ് നടന്നതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഫലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തതിന് അമേരിക്കയിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയും അറസ്റ്റിലായി. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സ്വദേശി അചിന്ത്യ ശിവലിംഗമാണ് യുഎസിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ അറസ്റ്റിലായത്. അച്ചടക്ക നടപടിയുടെ ഭാഗമായി അചിന്ത്യയെ ക്യാമ്പസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. യുഎസിലുടനീളമുള്ള പ്രധാന സർവകലാശാലകളിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 60 വിദ്യാർഥികളാണ് യുഎസിൽ അറസ്റ്റിലായത്. കഴിഞ്ഞയാഴ്ച ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ നൂറിലധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇസ്രായേലിനെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു.
കൊളംബിയ യൂണിവേഴ്‌സിറ്റി
കഴിഞ്ഞയാഴ്‌ച ഗസ്സ ഐക്യദാർഢ്യ ക്യാമ്പ് നടത്തിയ നൂറിലധികം പ്രതിഷേധകരെയാണ് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്‌തത്.
യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കാലിഫോർണിയ
ബുധനാഴ്‌ച രാത്രി ക്യാമ്പസിൽ അതിക്രമിച്ചുകയറിയെന്നാരോപിച്ച് 90ലധികം പേരെ അറസ്‌റ്റ് ചെയ്‌തു.
ടെക്‌സസ് യൂണിവേഴ്‌സിറ്റി, ഓസ്റ്റിൻ
ടെക്‌സസിൽ നിന്നും ഡസൻ കണക്കിന് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയിരുന്നു. ഇതിന്റെ ഭാഗമായി വ്യാഴാഴ്‌ച ക്യാമ്പസിൽ പ്രതിഷേധങ്ങളൊന്നും നടന്നിരുന്നില്ല.
ജോർജ്ജ് വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റി
50ഓളം വിദ്യാർഥികളാണ് ഇവിടെ ക്യാമ്പടിച്ചത്.
ഹാർവാർഡ് യൂണിവേഴ്‌സിറ്റി
പ്രശസ്‌തമായ ഹാർവാർഡ് യാർഡിലേക്കുള്ള പ്രധാന ഗേറ്റുകളെല്ലാം പ്രതിഷേധത്തെ തുടർന്ന് സർവകലാശാല അടച്ചുപൂട്ടി. എങ്കിലും, വിദ്യാർഥികളുടെ ഒരു പ്രതിഷേധ ക്യാമ്പ് ഇപ്പോഴും ഇവിടെ സജ്ജമാണ്.
കാലിഫോർണിയ സ്റ്റേറ്റ് പോളിടെക്‌നിക് യൂണിവേഴ്‌സിറ്റി, ഹംബോൾട്ട്
കാമ്പസിലെ രണ്ട് കെട്ടിടങ്ങൾ പ്രതിഷേധക്കാർ കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
എമേഴ്‌സൺ കോളേജ്
എമേഴ്‌സണിൽ പ്രതിഷേധത്തിൽ പങ്കെടുത്ത 108 പേരെ അറസ്റ്റ് ചെയ്തതായി ബോസ്റ്റൺ പോലീസ് അറിയിച്ചു.
ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി
ബുധനാഴ്ച 133 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.
എമോറി യൂണിവേഴ്‌സിറ്റി
വ്യാഴാഴ്ച രാവിലെ പോലീസ് എമോറി ക്യാംപസിലെ പ്രതിഷേധ ക്യാമ്പ് പൊളിച്ചുനീക്കി. 17 പേരെ കസ്റ്റഡിയിലെടുത്തതായി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി പറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
യേൽ യൂണിവേഴ്‌സിറ്റി
തിങ്കളാഴ്ച 48 പേരെ അറസ്റ്റ് ചെയ്തതിന് ശേഷവും യേൽ ക്യാംപസിൽ പ്രതിഷേധം വ്യാഴാഴ്ചയും തുടർന്നു.
കൂടാതെ, ഇന്ത്യാന യൂണിവേഴ്‌സിറ്റി ബ്ലൂമിംഗ്ടൺ, മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഈസ്റ്റ് ലാൻസിങ് കാമ്പസ്, സിറ്റി കോളേജ് ഓഫ് ന്യൂയോർക്ക് എന്നിവിടങ്ങളിലും കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. ജോർജിയ സ്റ്റേറ്റ് പട്രോൾ ഉദ്യോഗസ്ഥർ വ്യാഴാഴ്ച അറ്റ്ലാൻ്റയിലെ എമോറി യൂണിവേഴ്സിറ്റി കാമ്പസിൽ 28 പേരെ അറസ്റ്റ് ചെയ്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പ്രതിഷേധക്കാരെ നീക്കാൻ കുരുമുളക് സ്പ്രേ അടക്കമാണ് പോലീസ് പ്രയോഗിക്കുന്നത്. പോലീസ് നിരന്തരം മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും ഇവയെല്ലാം അവഗണിച്ച് കൂടുതൽ വിദ്യാർത്ഥികളാണ് സംഘടിതമായി ക്യാംപസുകളിൽ എത്തുന്നത്.