കൃത്രിമദ്വീപ് ഉണ്ടാക്കി ഫലസ്തീനികളെ പുനരധിവസിപ്പിക്കണമെന്ന ഇസ്രായേൽ നിർദേശം ഞെട്ടിക്കുന്നത്; യൂറോപ്യൻ യൂണിയൻ
|സ്വതന്ത്ര ഫലസ്തീൻ രാജ്യം ഇസ്രായേലിന് ഗുണകരമാകുമെന്ന് വൈറ്റ് ഹൗസ്
ദുബൈ: കൃത്രിമ ദ്വീപ് നിർമിച്ച് ഫലസ്തീനികളെ പുനരധിവസിപ്പിക്കണമെന്ന ഇസ്രായേൽ നിർദേശം ഞെട്ടിക്കുന്നതാണെന്ന് യൂറോപ്യൻ യൂനിയൻ. കൃത്രിമ ദ്വീപ് നിർമിച്ച് ഫലസ്തീനികളെ അവിടേക്ക് പുറന്തള്ളാനുള്ള നിർദേശം ആപൽക്കരമെന്ന് ഇന്നലെ ബ്രസൽസിൽ ചേർന്ന യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്ത വന്നതോടെ അത്തരമൊരു നിർദേശം തങ്ങൾ സമർപ്പിച്ചിട്ടില്ലെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗസ്സയിൽ കൃത്രിമദ്വീപ് നിർമിച്ച് ഒരു തുറമുഖം ഒരുക്കണമെന്ന നിർദേശമാണ് സമർപ്പിച്ചതെന്നും ഇസ്രായേൽ അറിയിച്ചു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ നിരാകരിച്ച ഇസ്രായേൽ നടപടിയും യൂറോപ്യൻ രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടയാക്കി. ഇസ്രായേലിന് കൂടി ഉപകാരപ്പെടുന്ന നിർദേശമാണിതെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. ബന്ദികളുടെ മോചനം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ഇസ്രായേലിൽ പ്രക്ഷോഭം ശക്തമായതോടെ നെതന്യാഹു സർക്കാർ സമ്മർദത്തിലായി. ഹമാസ് നിർദേശം അംഗീകരിച്ചുളള ഒരു ചർച്ചക്കും ഇല്ലെന്ന നെതന്യാഹുവിൻറ നിലപാട് ബന്ദികളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ഇന്നലെ ഇസ്രായേൽ പാർലമെൻറിലേക്കും ബന്ധുക്കൾ ഇരച്ചുകയറിയത് സംഘർഷ സാഹചര്യം രൂപപ്പെടുത്തി. ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് താൽക്കാലിക വെടിനിർത്തലിനെ പിന്തുണക്കുമെങ്കിലും സമ്പൂർണ വെടിനിർത്തലിനോട് യോജിപ്പില്ലെന്ന് അമേരിക്ക അറിയിച്ചു.
അതേസമയം, ചെങ്കടലിലും സംഘർഷം പുകയുകയാണ്. അമേരിക്കൻ സൈനിക ചരക്കുകപ്പലിനു നേരെ മിസൈൽ ആക്രമണം നടത്തിയെന്ന ഹൂതി അവകാശവാദം തള്ളി പെൻറഗൺ. ഓസിയൻ ജാസ് എന്ന കപ്പൽ തികച്ചും സുരക്ഷിതമാണെന്ന് യു.എസ് സെൻട്രൽ കമാൻറ് അറിയിച്ചു. യെമനു നേരെ വീണ്ടും ആക്രമണം തടർന്നാൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഹൂതികൾ അമേരിക്കക്കും ബ്രിട്ടനും മുന്നറിയിപ്പ് നൽകി. കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമെങ്കിൽ സൈനിക നടപടിക്ക് യൂറോപ്യൻ രാജ്യങ്ങളും തീരുമാനിച്ചു. ഖാൻ യൂനൂസിൽ ഉൾപ്പെടെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇന്നലെയും നൂറിലേറെ പേർ കൊല്ലപ്പെട്ടു.
വടക്കൻ ഗസ്സയിലെ 5 ലക്ഷത്തോളം ജനങ്ങൾ കൊടും പട്ടിണിയിലേക്ക് നീങ്ങുന്നതായി യു.എൻ ഏജൻസികളും ഹമാസും അറിയിച്ചു. റഫ അതിർത്തി തുറന്ന് ഭക്ഷ്യവസ്തുക്കൾ എത്തിക്കാൻ നടപടി വേണമെന്ന് ഹമാസ് ഈജിപ്തിനോട് ആവശ്യപ്പെട്ടു. മൂന്ന് ഉയർന്ന ഓഫീസർമാർ കൊല്ലപ്പെട്ടതായും 15 സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സൈന്യം അറിയിച്ചു.