'കെജ്രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അവകാശമുണ്ട്'; അറസ്റ്റിൽ പ്രതികരിച്ച് ജർമനി
|ഇതാദ്യമായാണ് ഒരു വിദേശരാജ്യം കെജ്രിവാളിനെതിരായ നടപടിയിൽ പ്രതികരിക്കുന്നത്
ബെർലിൻ: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് ജർമനി. കെജ്രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അവകാശമുണ്ടെന്ന് ജർമൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കേസിൽ ജുഡിഷ്യറിയുടെ നിഷ്പക്ഷതയും ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതാദ്യമായാണ് ഒരു വിദേശരാജ്യം കെജ്രിവാളിനെതിരായ നടപടിയിൽ പ്രതികരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രിയുടെ ഇ.ഡി അറസ്റ്റിനെ കുറിച്ച് ജർമൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു വിദേശകാര്യ മന്ത്രാലയം വക്താവ് സെബാസ്റ്റ്യൻ ഫിഷർ. കേസ് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുമായി ബന്ധപ്പെട്ട ആദർശങ്ങൾ ഇക്കാര്യത്തിലും നടപ്പാക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ഫിഷർ പറഞ്ഞു.
ആരോപണങ്ങൾ നേരിടുന്ന ആരെപ്പോലെയും നിഷ്പക്ഷവും നീതിയുക്തവുമായ വിചാരണയ്ക്കുള്ള അവകാശം കെജ്രിവാളിനുണ്ട്. ഒരു തടസവുമില്ലാതെ എല്ലാ നിയമവഴികളെയും ആശ്രയിക്കാൻ അദ്ദേഹത്തിനാകണം. നിരപരാധിത്വത്തിനുള്ള സാധ്യത നിയമവാഴ്ചയുടെ കേന്ദ്രബിന്ദുവാണ്. അത് കെജ്രിവാളിന്റെ കാര്യത്തിലുമുണ്ടാകണമെന്നും ജർമൻ വിദേശകാര്യ മന്ത്രാലയം വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ പുതിയ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആം ആദ്മി പാർട്ടി. 10 മണിക്ക് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ച ഡൽഹി മന്ത്രി അതിഷി സ്ഫോടനാത്മകമായ വിവരങ്ങൾ പുറത്തുവിടുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
മദ്യനയ അഴിമതിക്കേസിൽ കെജ്രിവാളിനെ ഇന്നലെ സുപ്രിംകോടതി ഇ.ഡിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. അദ്ദേഹത്തെ ഇന്ന് ബി.ആർ.എസ് നേതാവ് കെ. കവിതയുടെ ഒപ്പമിരുത്തി ചോദ്യംചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത്തരമൊരു നീക്കം. ഈ മാസം 28 വരെയാണ് കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടത്.
Summary: Arvind Kejriwal entitled to fair and impartial trial, says German Foreign Ministry