നെതന്യാഹുവിന്റെ ജനപ്രീതി ഇടിയുന്നു; പ്രധാനമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ 15 % മാത്രം
|ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്
ജറുസലെം: ഗസ്സയിലെ ഇസ്രായേല്‍ കൂട്ടക്കുരുതി നൂറു ദിവസം കടന്നിരിക്കുകയാണ്. കൊല്ലപ്പെട്ടവരുടെ എണ്ണം 24000 കടന്നിരിക്കുകയാണ്. 1200 പേരാണ് യുദ്ധത്തില്‍ ഇസ്രായേലില്‍ കൊല്ലപ്പെട്ടത്. കുട്ടികളും പ്രായമായവരുമടക്കം 240 പേരെ തട്ടിക്കൊണ്ടുപോയി.ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതുവരെ യുദ്ധം തുടരുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. എന്നാല്‍ നെതന്യാഹുവിനെതിരെ ഇസ്രായേലില്‍ ജനരോക്ഷം ഉയരുകയാണ്. ഭൂരിഭാഗം പേരും നെതന്യാഹു പുറത്താകണമെന്ന് ആഗ്രഹിക്കുന്നു.
മുന്‍ സര്‍വെകള്‍ അനുസരിച്ച് നെതന്യാഹുവിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ജനുവരി 2ന് നോൺ-പാർട്ടിസൻ ഇസ്രായേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വോട്ടെടുപ്പിന്റെ ഫലം പ്രകാരം ഹമാസിനെതിരായ യുദ്ധം അവസാനിച്ചതിന് ശേഷവും നെതന്യാഹു അധികാരത്തിൽ തുടരണമെന്ന് ഇസ്രായേലികളിൽ 15% മാത്രമേ ആഗ്രഹിക്കുന്നുള്ളൂ."അദ്ദേഹം ധിക്കാരിയാണ്. രാഷ്ട്രീയമായി ഇതിനെയും അതിജീവിക്കാനുള്ള തന്ത്രപരമായ തീരുമാനമാണ് അദ്ദേഹം എടുത്തിരിക്കുന്നത്. ഇതൊരു വിചിത്രമായ ലക്ഷ്യമാണെന്ന് ഞാൻ കരുതുന്നു, താമസിയാതെ അല്ലെങ്കിൽ പിന്നീട് അദ്ദേഹത്തിന്റെ സമയം അവസാനിച്ചുവെന്ന് സ്വന്തം സഹപ്രവർത്തകർ പറയുമെന്ന് ഞാൻ വിശ്വസിക്കുന്നു." രാഷ്ട്രീയ വിദഗ്ധനായ അമോത്സ് ആസാ-എൽ പറയുന്നു.
ഗസ്സയിലെ പോരാട്ടം ഇപ്പോഴും രൂക്ഷമായി തുടരുന്നതിനിടെ രാഷ്ട്രീയ മാറ്റത്തിന് സമീപകാലത്ത് സാധ്യതയില്ല. എന്നാല്‍ നെതന്യാഹു സര്‍ക്കാരിനുള്ളില്‍ തന്നെ ചിലര്‍ അധികാരത്തിനായി കളിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സുരക്ഷാ കാബിനറ്റിനുള്ളിലെ തർക്കത്തിന്റെ റിപ്പോർട്ടുകൾ ഇസ്രായേലി മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. തെരുവുകളില്‍ വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സജീവമായി തെരഞ്ഞെടുപ്പ് നടത്താന്‍ ആഹ്വാനം ചെയ്തു. ''അദ്ദേഹം അധികാരം വിട്ട് വീട്ടിലേക്ക് പോകാനുള്ള സമയമായി'' തെല്‍ അവിവിലെ മാർക്കറ്റിംഗ് മാനേജർ നോവ വെയ്ൻപ്രസ് പറഞ്ഞു. ഒക്ടോബര്‍ എട്ടിനു തന്നെ ഇത് സംഭവിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
നെതന്യാഹുവിന്റെ കടുത്ത ആരാധകര്‍ പോലും അദ്ദേഹം രാജിവയ്ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. “അദ്ദേഹം യുദ്ധം ജയിച്ച് അന്തസ്സോടെ സ്ഥാനമൊഴിയുമെന്ന് ഞാൻ കരുതുന്നു” നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി അംഗവും റംലയിലെ ഷവർമ സ്റ്റാൻഡ് ഉടമയുമായ യോസി സ്റോയ പറഞ്ഞു. ഇവിടെ വച്ചാണ് 15 മാസം മുമ്പ് ഒരു തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ നെതന്യാഹുവിനെ 'കിംഗ് ബീബി' എന്ന ആഹ്ളാദത്തോടെ സ്വാഗതം ചെയ്തത്.