ടൈറ്റാനിക്കിന് സമീപം കണ്ടെത്തിയ അവശിഷ്ടങ്ങൾ ടൈറ്റന്റേത്?; തെരച്ചിൽ നിർണായക ഘട്ടത്തിൽ
|അമേരിക്കൻ കോസ്റ്റ് ഗാർഡ് ആണ് നിർണായക വിവരം പുറത്തുവിട്ടത്
വാഷിംഗ്ടൺ: അറ്റ്ലാന്റിക്കിൽ കാണാതായ ടൈറ്റൻ അന്തർവാഹിനിക്കായുള്ള തെരച്ചിൽ നിർണായക ഘട്ടത്തിൽ. തെരച്ചിലിൽ ടൈറ്റന്റേതെന്ന് കരുതുന്ന അവശിഷ്ടം കണ്ടെത്തി. അമേരിക്കൻ കോസ്റ്റ് ഗാർഡ് ആണ് നിർണായക വിവരം പുറത്തുവിട്ടത്.
ടൈറ്റാനിക്കിന് സമീപത്ത് നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്നാണ് വിവരം. ഇത് ടൈറ്റന്റേത് തന്നെയാണോ എന്ന് വിശദമായ പരിശോധനകൾക്ക് ശേഷമേ വ്യക്തമാകൂ. ഇത് സംബന്ധിച്ച് കോസ്റ്റ് ഗാർഡ് ഉടൻ പ്രസ്താവനയിറക്കുമെന്നാണ് പ്രതീക്ഷ.
ഉള്ളിൽ നിന്ന് പുറത്തേക്ക് ഒരു തരത്തിലും രക്ഷപെടാനാവാത്ത വിധമാണ് ടൈറ്റന്റെ നിർമാണം. അന്തർവാഹിനിക്കുള്ളിലെ ഓക്‌സിജനും ഈ സമയത്തതിനോടകം തീരാൻ സാധ്യതയുള്ളതിനാൽ അവശിഷ്ടങ്ങൾ ടൈറ്റന്റേതാണെങ്കിൽ അത് ശുഭകരമായ സൂചനയല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ഞായറാഴ്ചയാണ് അഞ്ച് പേരുമായി പോയ അന്തർവാഹിനി കാണാതായത്. മുങ്ങി ഒരു മണിക്കൂറും 45 മിനിറ്റും കഴിഞ്ഞപ്പോൾ സപ്പോർട്ട് കപ്പലായ കനേഡിയൻ റിസർച്ച് ഐസ് ബ്രേക്കർ പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.ഓഷ്യൻഗേറ്റ് സിഇഒ സ്റ്റോക്ക്ടൺ റഷ്, ബ്രിട്ടീഷ് സാഹസികനായ ഹാമിഷ് ഹാർഡിംഗ്, ടൈറ്റാനിക് വിദഗ്ധൻ എന്നിവരടക്കമുള്ള പ്രമുഖർ അന്തർവാഹിനിയിലുണ്ട്.
വടക്കൻ അറ്റ്ലാൻറിക് സമുദ്രത്തിൽ ഏകദേശം 14,000 അടി താഴ്ചയിലാണ് ടൈറ്റാനിക് അന്ത്യനിദ്ര കൊള്ളുന്നത്. ഓഷ്യൻ ഗേറ്റ് എസ്‌പെഡിഷൻസാണ് കടലിൻറെ അടിത്തട്ടിൽ പോയി ടൈറ്റാനിക് കാണാൻ അവസരമൊരുക്കുന്നത്.
കടലിന്റെ അടിത്തട്ടിൽ നിന്നും കേട്ട ശബ്ദങ്ങൾ കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തിയെങ്കിലും കൃത്യസ്ഥാനം ഇതുവരെ കണ്ടെത്താനായിട്ടില്ല. ക്യാമറ സജ്ജീകരിച്ച റിമോട്ട് ഓപ്പറേറ്റജ് റോബോട്ടുകൾ തെരച്ചിലിനെ സഹായിക്കുന്നുണ്ട്.